മൂന്നാർ :കാർഷിക സമൃദ്ധിയുടെ പൊങ്കൽവച്ച് കാളകൂറ്റന്മാർക്ക് ആദരവ് നൽകി അതിർത്തി ഗ്രാമമായ വട്ടവടയിൽ ജല്ലികെട്ട്. കേരളാ - തമിഴ്‌നാട് അതിർത്തി പങ്കിടുന്ന കുന്നിന്മുകളിലെ ഉൾഗ്രാമമായ വട്ടവടയിൽ പ്രദേശവാസികൾ നൂറ്റാണ്ടുകളായി അനുഷ്ടിച്ചു പോരുന്ന ആചാരങ്ങളുടെ ഭാഗമായി നടത്തിയ മഞ്ചുവിരട്ട് കാണാൻ ഗ്രാമവാസികളിലേറെ പേരും എത്തിയിരുന്നു.കാർഷിക സമൃദ്ധിയുടെ പ്രതീകമായി പൊങ്കൽവച്ചും കാളകളെ ഓടിച്ചും വീരന്മാർ പിടിച്ച് നിർത്തിയും കായികാവേശം ജ്വലിപ്പിക്കുന്ന വിനോദമാണ് മഞ്ചുവിരട്ട്.

നാനൂറ്റി അൻപത് വർഷങ്ങൾക്ക് മുൻപ് മധുരയിൽ നിന്നും തമ്പുരാൻ ചോലവഴി സഹ്യന്റെ കിഴക്കൻ ചരിവായ മറയൂർ മലനിരകളിൽ എത്തിചേർന്നവരുടെ പിന്മുറക്കാരാണ് വട്ടവട നിവാസികൾ. ഇവിടെ എത്തിചേർന്നിട്ട് നൂറ്റാണ്ടുകൾ പിന്നിട്ടെങ്കിലും തമിഴ്‌നാടൻ ഗ്രാമങ്ങളുടെ തനിപകർപ്പാണ് ഇപ്പോഴും വട്ടവടക്കാരുടെ ജീവിതം .കാർഷിക ആവശ്യത്തിനുള്ള ഭൂമി ഉഴുത് മറിച്ച് പാകപ്പെടത്തുന്ന കാളകളെ ആദരിക്കുക കൂടിയാണ് ഇവുടുത്തെ മഞ്ചുവിരട്ടിലൂടെ. ഇതിന് ശേഷമുള്ള രണ്ട് മാസക്കാലം കാളകൾക്ക് വിശ്രമമായിരിക്കും. കൃത്യമായ ഭക്ഷണവും പരിചരണവും നൽകും. തിരുവിതാംകൂർ മഹാരാജാവിൽ നിന്നും ആദരവ് നേടിയിട്ടുള്ള മന്നാടിയാർ, മന്ത്രിയാർ, മണികണ്ഠനാർ, പെരിയധനം എന്നീ നാല് വിഭാഗങ്ങളിൽപെട്ടവരാണ് മഞ്ചുവിരട്ടിന് നേതൃത്വം നൽകുന്നത്.

ഗ്രാമങ്ങളിൽ നടക്കുന്ന എല്ലാ ഉൽസവങ്ങൾക്കും ഇവർ തനെയണ് നേതൃത്വം വഹിക്കുന്നത്.ഇവരുടെ വിടുകളിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ തണ്ണി കരയിലുള്ള മൈതാനത്തെ വേദിയിൽ എത്തിക്കും .വട്ടവട ഗ്രാമത്തിന്റെ തലൈവാസലിൽ നിന്നും തണ്ണിക്കര എന്ന സ്ഥലം വരെയാണ് കാളകളെ ഓടിക്കുന്നത്. തൊഴുത്തുകൾ വൃത്തിയാക്കി കാളകളെ കുളിപ്പിച്ച് കൊമ്പുകളിൽ ചായം പുരട്ടി പൊങ്കൽ വച്ചാണ് കാളകളെ തയ്യാറാക്കുന്നത്.

തമിഴ്‌നാട്ടിൽ പന്തയത്തിന്റെ ഭാഗമായി ചെത്തികൂർപ്പിച്ച കൊമ്പുകളുള്ള കാളകളെ വിരട്ടിയോടിച്ച് നടത്തുന്ന ജെല്ലിക്കെട്ടിൽ ആളപായം വരെ ഉണ്ടാകുമ്പോൾ വട്ടവട ഗ്രാമത്തിലെ കർഷകർക്ക് ഭക്തിയും ആദരവും നിറഞ്ഞ ആഘോഷമാണ് മഞ്ചുവിരെട്ടെന്ന ജെല്ലികെട്ട്.