ശ്രീനഗർ: കശ്മീരിൽ തീവ്രവാദ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന ജയ്‌ഷെ മുഹമ്മദ് കമാൻഡർ ഖാലിദ് അഹമ്മദ് സുരക്ഷാ സേനയുമായുള്ള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു.വടക്കൻ കശ്മീരിലെ ലദൂര ഗ്രാമത്തിലാണ് ഏറ്റമുട്ടലുണ്ടായത്. കഴിഞ്ഞ രണ്ടുവർഷമായി താഴ് വരിയിൽ സജീവമായി തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവരികയായിരുന്നു പാക്കിസ്ഥാൻ സ്വദേശിയായ അഹമ്മദ്.ഏറ്റമുട്ടലിൽ ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസറും കൊല്ലപ്പെട്ടിട്ടുണ്ട്.

താഴ് വരയിൽ നിരവധി പേരുടെ മരണത്തിനിടയാിക്കിയ ഫിദായീൻ ആക്രമണങ്ങളുടെ ബുദ്ധികേന്ദ്രമായിരുന്നു അഹമ്മദ്. രഹസ്യവിവരത്തെ തുടർ
ന്ന് ജമ്മു-കശ്മീർ പൊലീസിന്റെ സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പും, പൊലീസും സിആർപിഎഫും, സുരക്ഷാസേനയും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഒരു സ്വകാര്യ വസ്തുവിൽ ഒളിച്ചിരിക്കുകയായിരുന്ന തീവ്രവാദികളെ കണ്ടെത്തിയത്. തുടർന്നുണ്ടായ ഏറ്റമുട്ടലിലാണ് അഹമ്മദ് കൊല്ലപ്പെട്ടത്.

ശ്രീനഗർ വിമാനത്താവളത്തിന് സമീപമുള്ള ബിഎസ്എഫ് ക്യാമ്പിന് നേരേയുണ്ടായ രണ്ട് ആക്രമണങ്ങൾക്ക് പിന്നിലും ജെയ്‌ഷെ മുഹമ്മദായിരുന്നു.ഒരു ബിഎസ്എഫ് ഓഫീസറും, മൂന്ന് ഭീകരരുമാണ് അന്ന് കൊല്ലപ്പെട്ടത്. നേരത്തെ, പുൽവാമയിലെ പൊലീസ് ക്യാമ്പിന് നേരേയുണ്ടായ ആക്രമണത്തിൽ എട്ട് സുരക്ഷാ സൈനികരാണ് കൊല്ലപ്പെട്ടത്. ഖാലിദ് അഹമ്മദിന്റെ തലയ്ക്ക് ഏഴ് ലക്ഷം രൂപയാണ് സുരക്ഷാസേന വിലയിട്ടിരുന്നത്.