ൺഡേ ടെലിഗ്രാഫിന് വേണ്ടി ഒആർബി നടത്തിയ ഏറ്റവും പുതിയ പോൾ പ്രകാരം ലേബർ ടോറികളേക്കാൾ വെറും ആറ് പോയിന്റ് മാത്രം പുറകിലാണ് നിലകൊള്ളുന്നതെന്ന് വെളിപ്പെട്ടിരുന്നു. അതായത് ടോറികൾക്ക് 44 ശതമാനം വോട്ട് ലഭിക്കുമ്പോൾ ലേബറിന് 38 ശതമാനം വോട്ട് ലഭിക്കും. ഈ മാസം തുടക്കത്തിൽ ടോറികൾക്ക് ലേബറിനേക്കാൾ 15 പോയിന്റ് ലീഡുണ്ടായിരുന്നിടത്ത് നിന്നാണ് ലേബർ കുതിച്ച് കയറിയിരിക്കുന്നതെന്ന് കഴിഞ്ഞ ദിവസത്തെ റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. ഇതോടെ വൻ ഭൂരിപക്ഷം ഉറപ്പാക്കാൻ ഇറങ്ങിയ പ്രധാനമന്ത്രി തെരേസ മെയ്‌ക്ക് കാലിടറുന്നുവെന്നാണ് സൂചന.

കോർബിന്റെ പിന്തുണ ഉയരുന്നതിനൊപ്പം എസ്എൻപിയും ലേബറുമായുള്ള സഖ്യസാധ്യത വളരുന്നതും ടോറികൾക്ക് വൻ ഭീഷണിയാണുയർത്തുന്നത്. ഈ ഘടകങ്ങളെല്ലാം ടോറികൾക്കെതിരായി തിരിഞ്ഞാൽ കമ്മ്യൂണിസ്റ്റുകാരനായ ജെറമി കോർബിൻ അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുമോ...? എന്ന ചോദ്യവും ശക്തമായി ഉയരുന്നുണ്ട്. ലേബർ പാർട്ടിയുമായി സഖ്യമുണ്ടാക്കാനുള്ള സന്നദ്ധത എസ്എൻപി നേതാവ് നിക്കോള സ്ടർജൻ വെളിപ്പെടുത്തിയിട്ടുണ്ട്. ഡൗണിങ് സ്ട്രീറ്റിൽ തെരേസ പ്രധാനമന്ത്രിയാകുന്നതിനേക്കാൾ കോർബിൻ പ്രധാനമന്ത്രിയാകുന്നതിനെയാണ് താൻ അനുകൂലിക്കുന്നതെന്ന സൂചനയും നിക്കോള കഴിഞ്ഞ ദിവസം നൽകിയിരുന്നു.

ടോറി ഗവൺമെന്റ് അധികാരത്തിൽ വരുന്നത് താൻ ഇഷ്ടപ്പെടുന്നില്ലെന്നും എന്നാൽ അതേ സ്ഥാനത്ത് കോർബിൻ പ്രധാനമന്ത്രിയാകുന്നത് വിശ്വസനീയമായ ഒരു ബദൽ സംവിധാനമല്ലെന്നും വ്യത്യസ്തമായ അഭിമുഖങ്ങളിലൂടെ നിക്കോള വ്യക്തമാക്കിയിരുന്നു. എന്നാൽ തമ്മിൽ ഭേദം കോർബിനാണെന്ന നിലപാടാണ് അവർ പുലർത്തുന്നത്. തെരഞ്ഞെടുപ്പിന് ശേ,ം ഒരു തൂക്ക് പാർലിമെന്റാണ് നിലവിൽ വരുന്നതെങ്കിൽ ഒരു പ്രോഗ്രസീവ് അലയൻസിന്റെ ഭാഗമായി ഗവൺമെന്റുണ്ടാക്കാൻ എസ്എൻപിക്ക് താൽപര്യമുണ്ടെന്നും അതിലൂാടെ പുരോഗമനപരമായ നയങ്ങൾ നടപ്പിലാക്കാൻ പ്രേരിപ്പിക്കുമെന്നും നിക്കോള ബിബിസിക്ക് നൽകിയ അഭിമുഖത്തിലൂടെ വ്യക്തമാക്കിയിരുന്നു.

ടോറി ഗവൺമെന്റും ടോറി പ്രധാനമന്ത്രിമാരും അധികാരത്തിൽ വരുന്നതിനോട് താൻ യോജിക്കുന്നില്ലെന്നും സ്‌കോട്ട്ലൻഡിന് അവർ ദോഷം മാത്രമേ വരുത്തിയിട്ടുള്ളുവെന്നാണ് സ്‌കൈ ന്യൂസിന് കുറച്ച് മുമ്പ് നൽകിയ അഭിമുഖത്തിൽ നിക്കോള പ്രതികരിച്ചിരുന്നത്. യുകെയിലുടനീളം ടോറികൾ വൻ വിജയം നേടുകയും അതേ സമയം അതിർത്തിക്ക് വടക്ക് എസ്എൻപി വൻ വിജയം നേടുകയും ചെയ്താൽ ഇപ്പോൾ രണ്ടാമത് റഫറണ്ടത്തിന് വിസമ്മതിക്കുന്ന തെരേസ ഇക്കാര്യത്തിൽ മലക്കം മറിയുമെന്നും തെരേസയുടെ സ്ഥാനം അസ്ഥിരമാകുമെന്നും നിക്കോള പ്രവചിക്കുന്നു.

സമീപ ദിവസങ്ങളിൽ പുറത്ത് വന്ന വിവിധ എക്സിറ്റ് പോളുകൾ പ്രകാരം ടോറികളുടെ ലീഡ് കുറഞ്ഞ് വരുന്നുവെന്നാണ് വ്യക്തമായിരിക്കുന്നത്. അതിന്റെ പശ്ചാത്തലത്തിൽ തെരേസ മെയ്‌ തന്റെ തെരഞ്ഞെടുപ്പ് പ്രചാരണം വളരെ ശ്രദ്ധയോടെയും പുതിയ തന്ത്രങ്ങൾ അനുവർത്തിച്ചും ഈ ആഴ്ച പുനരാരംഭിക്കുകയാണ്. ഏറ്റവും മികച്ച ബ്രെക്സിറ്റ് ഡീൽ രാജ്യത്തിന് വേണ്ടി നേടിയെടുക്കുന്നതിലാണ് താൻ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് പ്രഖ്യാപിച്ചായിരിക്കും തെരേസ വീണ്ടും പ്രചാരണം ആരംഭിക്കുന്നതെന്ന് സൂചനയുണ്ട്. തങ്ങളുടെ മാനിഫെസ്റ്റോയിലെ വിവാദമായ സോഷ്യൽ കെയർ നയമാണ് എക്സിറ്റ് പോളുകളിൽ ടോറികൾക്ക് ഭൂരിപക്ഷം കുറഞ്ഞ് വരാൻ കാരണമായിരിക്കുന്നതെന്ന മുന്നറിയിപ്പ് ശക്തമാണ്.

ഈ ഒരു സാഹചര്യത്തിൽ തെരേസയ്ക്ക് മാത്രമേ നല്ലൊരു ബ്രെക്സിറ്റ് ഡീൽ രാജ്യത്തിന് വേണ്ടി നേടിയെടുക്കാൻ സാധിക്കുകയുള്ളുവെന്ന കാര്യം ഉയർത്തിപ്പിടിച്ച് കൊണ്ടുള്ള പ്രചാരണത്തിലേക്ക് ടോറികൾ മടങ്ങി വരണമെന്ന നിർദേശമാണ് ടോറി സ്ട്രാറ്രജിസ്റ്റായ ലിൻടൻ ക്രോസ്ബി നിർദേശിച്ചിരിക്കുന്നത്.