ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് രണ്ടാം സ്വർണം. ഭാരോദ്വഹനത്തിൽ പുരുഷന്മാരുടെ 67 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ ജെറെമി ലാൽറിൻനുങ്ക സ്വർണം നേടി. ആകെ 300 കിലോ ഉയർത്തിയാണ് താരം ഒന്നാമതെത്തിയത്. 67 കിലോ വിഭാഗത്തിൽ ഗെയിംസ് റെക്കോർഡോടെയാണു സ്വർണ നേട്ടം. ജെറെമിയുടെ ആദ്യ കോമൺവെൽത്ത് ഗെയിംസ് സ്വർണമാണിത്. ഗെയിംസിൽ ഇന്ത്യയുടെ രണ്ടാം സ്വർണമാണിത്. ഇന്നലെ വനിതകളുടെ ഭാരദ്വേഹനത്തിൽ മീരാബായി ചനു സ്വർണമണിഞ്ഞിരുന്നു.

സ്നാച്ചിൽ 140 കിലോയും ക്ലീൻ ആൻഡ് ജർക്കിൽ 160 കിലോയും ഉയർത്താൻ ഇന്ത്യൻ താരത്തിന് സാധിച്ചു. സ്നാച്ചിൽ 140 കിലോ ഉയർത്തിയതോടെ ജെറെമി കോമൺവെൽത്ത് ഗെയിംസിൽ പുതിയ റെക്കോഡ് എഴുതിച്ചേർത്തു. സ്നാച്ചിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കാൻ താരത്തിന് കഴിഞ്ഞു. വെറും 19 വയസ്സ് മാത്രമാണ് ജെറെമിയുടെ പ്രായം എന്നത് താരത്തിന്റെ നേട്ടത്തിന്റെ മാറ്റ് കൂട്ടുന്നു. 293 കിലോ ഉയർത്തിയ സമോവയുടെ വായ്പാവ നേവോ ഇയാനെ വെള്ളിയും 290 കിലോ ഉയർത്തിയ നൈജീരിയയുടെ എഡിഡിയോങ് ജോസഫ് ഉമോവഫിയ വെങ്കലവും നേടി.

ക്ലീൻ ആൻഡ് ജർക്ക് വിഭാഗത്തിൽ ആദ്യ ശ്രമത്തിൽ 154 കിലോ ഉയർത്തിയ താരം രണ്ടാം ശ്രമം 160 കിലോ ആയി ഉയർത്തി. ഇതോടെ ജെറെമി സ്വർണം ഉറപ്പിച്ചു. എന്നാൽ മൂന്നാം ശ്രമത്തിൽ താരത്തിന് പരിക്കേറ്റു. 165 കിലോ ഉയർത്താൻ ശ്രമിച്ചപ്പോഴാണ് പരിക്കേറ്റത്. മിസോറാമിലെ ഐസ്വാൾ സ്വദേശിയായ ജെറെമി 2018 യൂത്ത് ഒളിമ്പിക്സിൽ സ്വർണം നേടി കരുത്തുതെളിയിച്ചിരുന്നു. പിന്നാലെ 2021-ൽ താഷ്‌ക്കന്റിൽ വെച്ച് നടന്ന കോമൺവെൽത്ത് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി.

കോമൺവെൽത്ത് ഗെയിംസിൽ ഇതുവരെ അഞ്ച് മെഡലുകളാണ് ഇന്ത്യ നേടിയിട്ടുള്ളത്. വനിതകളുടെ ഭാരദ്വേഹനത്തിൽ 49 കിലോഗ്രാം വിഭാഗത്തിൽ മീരാബായി ചനുവിലൂടെയാണ് ആദ്യ സ്വർണമെത്തിയത്. ഗെയിംസ് റെക്കോർഡോടെയാണ് മീരാബായി സ്വർണം നിലനിർത്തിയത്. ഭാരദ്വേഹനത്തിൽ പുരുഷ വിഭാഗം 55 കിലോ വിഭാഗത്തിൽ സങ്കേത് സാർഗർ വെള്ളിയും 61 കിലോഗ്രാം വിഭാഗത്തിൽ ഗുരുരാജ പൂജാരി വെങ്കലവും നേടിയിരുന്നു. രണ്ടാം ദിവസത്തെ അവസാന മത്സരത്തിൽ ബിന്ധ്യാറാണി ദേവിയിലൂടെ ഗെയിംസിൽ ഇന്ത്യ നാലാം മെഡൽ സ്വന്തമാക്കുകയായിരുന്നു. ഭാരോദ്വഹനത്തിലെ 55 കിലോ വിഭാഗത്തിലാണ് ബിന്ധ്യാറാണിയുടെ മെഡൽനേട്ടം.