ഭൂമിയിലെ ഏറ്റവും വലിയ തർക്കവിഷയങ്ങളിലൊന്നാണ് ജറുസലേമിന്റെ പേരിൽ ഇസ്രയേലും ഫലസ്തീനും ഉന്നയിക്കുന്ന അവകാശവാദം. ഇരുരാജ്യങ്ങളിലെയും ജനങ്ങൾ പുണ്യഭൂമിയായി കരുതുന്ന ജറുസലേമിനെച്ചൊല്ലിയുള്ള പോരാട്ടങ്ങളാണ് ഇസ്രയേലിനെയും ഫലസ്തീനെയും ശത്രുപക്ഷത്ത് നിർത്തുന്നത്. ഇതിനകം ആയിരക്കണക്കിനാളുകളുടെ ജീവനാണ് ഈ തർക്കത്തിലൂടെ പൊലിഞ്ഞത്. പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങളെയപ്പാടെ തകർത്തുകൊണ്ടാണ് 2017 ഡിസംബറിൽ ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചത്.

അമേരിക്കയുടെ വിരോധം പിടിച്ചുപറ്റേണ്ടെന്ന് കരുതി ജറുസലേമിനെ തലസ്ഥാനമാക്കിയ നടപടിക്ക് പിന്തുണയുമായി കൂടുതൽ രാജ്യങ്ങൾ രംഗത്തെത്തി. ഇപ്പോൾ ആ പട്ടികയിൽ ഒപ്പം ചേർന്നിരിക്കുകയാണ് ഓസ്‌ട്രേലിയയും. ജറുസലേമിനെ തലസ്ഥാനനഗരമായി അംഗീകരിക്കുമെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ജറുസലേമിൽ ഓസ്‌ട്രേലിയ വ്യാപാര-പ്രതിരോധ ഓഫീസ് സ്ഥാപിക്കും. എന്നാൽ, ഇസ്രയേൽ-ഫലസ്തീൻ തർക്കം പരിഹരിക്കുന്നതുവരെ എംബസി ടെൽ അവീവിൽനിന്ന് മാറ്റില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

പതിറ്റാണ്ടുകൾ കാത്തുസൂക്ഷിച്ച അന്താരാഷ്ട്ര മര്യാദ ലംഘിച്ചുകൊണ്ടാണ് അമേരിക്ക ജറുസലേമിനെ തലസ്ഥാന നഗരമായി പ്രഖ്യാപിച്ചത്. ട്രംപിനെതിരേ കടുത്ത വിമർശനമുയരുന്നതിനും ഇത് വഴിവെച്ചു. എന്നാൽ, തീരുമാനത്തിൽനിന്ന് പിന്നോട്ടുപോകാതിരുന്ന ട്രംപ്, ഇക്കഴിഞ്ഞ മെയ്‌ മാസത്തിൽ അമേരിക്കൻ എംബസി ടെൽ അവീവിൽനിന്ന് ജറുസലേമിലേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു. ഇതേത്തുടർന്ന് അമേരിക്കയെ ഭയന്ന് മറ്റു പല രാജ്യങ്ങളും ജറുസലേമിനെ അംഗീകരിക്കുന്ന നിലപാടിലേക്ക് വരികയായിരുന്നു.

ടെൽ അവീവിൽനിന്ന് ജറുസലേമിലേക്ക് അമേരിക്കൻ എംബസി മാറ്റുന്ന ചടങ്ങിൽ 33 രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്ര പ്രതിനിധികൾ പങ്കെടുത്തിരുന്നു. യൂറോപ്പിൽനിന്ന് ഓസ്ട്രിയ, അൽബേനിയ, ചെക്ക് റിപ്പബ്ലിക്, ഹംഗറി, മാസിഡോണിയ, റുമാനിയ, സെർബിയ, യുക്രൈൻ എന്നീ രാജ്യങ്ങളാണ് പ്രതിനിധികളെ അയച്ചത്. എംബസി മാറ്റത്തിന് യൂറോപ്യൻ യൂണിയൻ എതിരായിരുന്നുവെങ്കിലും ഇത്രയേറെ രാജ്യങ്ങൾ യൂറോപ്പിൽനിന്ന് പങ്കെടുത്തത് അമ്പരപ്പിക്കുന്നതായിരുന്നു.

തങ്ങളുമായി ബന്ധമുള്ള 86 രാജ്യങ്ങൾക്ക് ഇസ്രയേൽ ചടങ്ങിലേക്ക് ക്ഷണക്കത്ത് അയച്ചിരുന്നു. റഷ്യ, ജർമനി, അയർലൻഡ്, മാൾട്ട, മെക്‌സിക്കോ, പോർച്ചുഗൽ, ഓസ്‌ട്രേലിയ, പോളണ്ട്, സ്വീഡൻ എന്നീ രാജ്യങ്ങൾ ക്ഷണക്കത്ത് പരസ്യമായി നിഷേധിച്ചു. എന്നാൽ, അതിലുൾപ്പെട്ട ഓസ്‌ട്രേലിയ ഇപ്പോൾ അമേരിക്കൻ സമ്മർദത്തിനുവഴങ്ങി ജറുസലേമിനെ തലസ്ഥാനമായി അംഗീകരിക്കുകയും ചെയ്തു. എംബസി മാറ്റുന്നില്ലെങ്കിലും ട്രേഡ് ആൻഡ് ഡിഫൻസ് ഓഫീസ് അവിടേക്കുമാറ്റുന്നത് എംബസി മാറ്റുന്നതിന്റെ ആദ്യപടിയാണെന്നും വിലയിരുത്തപ്പെടുന്നു.

അമേരിക്കയെത്തുടർന്ന് ടെൽ അവീവിൽനിന്ന് ജറുസലേമിലേക്ക് എംബസി മാറ്റിയ രാജ്യം ഗ്വാട്ടിമാലയാണ്. ഇക്കഴിഞ്ഞ മേയിലായിരുന്നു ഇത്. പിന്നാലെ പാരഗ്വെയും എംബസി ജറുസലേമിലേക്ക് മാറ്റി. എന്നാൽ, സെപ്റ്റംബറിൽ പാരഗ്വെ എംബസി ടെൽ അവീവിലേക്ക് തിരികെ പുനഃസ്ഥാപിച്ചു. മുൻ പ്രസിഡന്റ് മരിയോ അബ്ദോ ബെനിറ്റസ് എതിർത്തതിനെത്തുടർന്നാണ് ഈ മാറ്റം വേണ്ടിവന്നത്. പാനമയും എംബസി ജറുസലേമിലേക്ക് മാറ്റുമെന്ന് പ്രഖ്യാപിച്ചിരുന്നു.