ന്യൂയോർക്ക്: ഇസ്രയേൽ തലസ്ഥാനമായി ജറുസലമിനെ അംഗീകരിച്ചുകൊണ്ടുള്ള യുഎസ് പ്രഖ്യാപനം ഐക്യരാഷ്ട്ര സഭയുടെ ജനറൽ കൗൺസിൽ തള്ളി. ഒൻപതിന് എതിരെ 128 വോട്ടുകൾക്ക് യുഎസിന് എതിരായ പ്രമേയം ഐക്യരാഷ്ട്ര സംഘടന പാസ്സാക്കി. പൊതുസഭയിലെ വോട്ടെടുപ്പിൽനിന്ന് 35 അംഗരാജ്യങ്ങൾ വിട്ടുനിന്നു. അമേരിക്കയ്ക്ക് എതിരായ പ്രമേയത്തെ ഇന്ത്യ പിന്തുണച്ചു. 21 രാജ്യങ്ങൾ പൊതു സഭയിൽ എത്തിയിരുന്നില്ല. അതായത് 56 രാജ്യങ്ങൾ വോട്ടെടുപ്പിൽ പങ്കെടുത്തില്ല. ഇവരെല്ലാം അമേരിക്കയോട് അടുപ്പമുള്ളവരാണ്. ഇത് അമേരിക്കയ്ക്ക് ആശ്വാസമാണ്. ഇസ്രയേൽ അടക്കം 9 രാജ്യങ്ങൾ മാത്രമാണ് അമേരിക്കയ്ക്ക് അനുകൂലമായി വോട്ട് ചെയ്തത്.

യുഎസിന്റെയും ഇസ്രയേലിന്റെയും കടുത്ത എതിർപ്പിനെ മറികടന്നാണ് യുഎൻ പൊതുസഭയിൽ പ്രമേയം പാസായത്. കഴിഞ്ഞ ദിവസം പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഈജിപ്ത് അവതരിപ്പിച്ച പ്രമേയം യുഎസ് വീറ്റോ ചെയ്തിരുന്നു. പ്രമേയം യുഎസ് വീറ്റോ ചെയ്തതോടെ യുഎൻ പൊതുസഭയുടെ അടിയന്തര സമ്മേളനം വിളിച്ചുകൂട്ടാൻ ഫലസ്തീൻ രംഗത്തിറങ്ങി. ട്രംപിന്റെ പ്രഖ്യാപനത്തെ ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങി അടുത്ത സഖ്യരാജ്യങ്ങളടക്കം സമിതിയിലെ മറ്റു 14 അംഗങ്ങളും എതിർത്തു. ട്രംപ് ഭരണകൂടത്തിന്റെ ആദ്യ വീറ്റോയാണിത്. ആറു വർഷത്തിനിടെ യുഎസ് പ്രയോഗിക്കുന്ന ആദ്യത്തേതും. ഇതിനെയാണ് ജനറൽ കൗൺസിൽ തള്ളുന്നത്. സുരക്ഷാ സമിതിയിലെ ഒരു സ്ഥിരാംഗം വീറ്റോ ചെയ്താലും പ്രമേയം തള്ളും. എന്നാൽ ജനറൽ കൗൺസിലിൽ ഭൂരിപക്ഷമാണ് പ്രധാനം. ഇതാണ് അമേരിക്കയ്ക്ക് തിരിച്ചടിയാകുന്നത്.

ജനറൽ കൗൺസിലിൽ അവതരിപ്പിച്ച പ്രമേയത്തിൽ ഐക്യരാഷ്ട്ര സംഘടന ദീർഘനാളായി പിന്തുടർന്നുവരുന്ന നിലപാട് ആവർത്തിച്ചു. ജറുസലമിനെ ഇസ്രയേൽ തലസ്ഥാനമായി അംഗീകരിച്ച യുഎസ് നടപടി പിൻവലിക്കണമെന്നും ഒരുരാജ്യവും ജറുസലമിൽ എംബസി തുറക്കരുതെന്നും ആവശ്യപ്പെടുന്നതാണ് പ്രമേയം. ഈ വിഷയത്തിൽ ഉറച്ച നിലപാട് ഇന്ത്യ പ്രഖ്യാപിച്ചിരുന്നില്ല. എന്നാൽ യെരുശലേം വിഷയത്തിൽ പഴയതാണ് നയമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ മനസ്സില്ലാ മനസ്സോടെ അമേരിക്കയ്‌ക്കെതിരെ ഇന്ത്യ വോട്ട് ചെയ്തു. വിഷയത്തിൽ അമേരിക്കയുടെ സഖ്യകക്ഷികളായ ബ്രിട്ടണും ഫ്രാൻസും അടക്കമുള്ളവർ പാലസ്ഥീൻ അനുകൂല നിലപാടാണ് എടുത്തത്.

അറബ് രാജ്യങ്ങളുടെ സുഹൃത്ത് എന്നായിരുന്നു ഇന്ത്യ അറിയപ്പെട്ടിരുന്നത്. അതുകൊണ്ട് തന്നെ നരേന്ദ്ര മോദി സർക്കാരിന്റെ പിന്തുണ ഫലസ്തീൻ ഈ വിഷയത്തിൽ പ്രതീക്ഷിക്കുകയും ചെയ്തു. ഫലസ്തീനോട് എന്നും അനുഭാവ പൂർവ്വമായിരുന്നു ഇന്ത്യ പെരുമാറിയിരുന്നത്. എന്നാൽ ജെറുസലേമിലെ അമേരിക്കൻ തീരുമാനത്തെ ബ്രിട്ടൻ പോലും എതിർത്തു. മാർപ്പാപ്പ തള്ളിക്കളഞ്ഞു. യുറോപ്യൻ രാജ്യങ്ങളും സംഘർഷമുണ്ടാക്കുന്നതാണ് അമേരിക്കയുടെ തീരുമാനം എന്ന് വിശദീകരിച്ചു. അപ്പോഴും ഇന്ത്യ മാത്രം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തെ തള്ളിപ്പറഞ്ഞില്ല. ഒഴുക്കൻ മട്ടിൽ ഒരു പ്രതികരണം. ഇത് അറബ് ലോകത്തെ പ്രകോപിപ്പിച്ചു. ഇന്ത്യൻ നിലപാടിൽ കടുത്ത അമർഷം പാലസ്ഥീൻ പ്രസിഡന്റിനുണ്ട്. ഇത് ഇന്ത്യയിലെ പാലസ്ഥീൻ നയതന്ത്ര പ്രതിനിധികൾ മോദി സർക്കാരിനെ നേരിട്ട് അറിയിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പൊതുസഭയിൽ അമേരിക്കയ്‌ക്കെതിരെ വോട്ട് ചെയ്തത്.

കിഴക്കൻ ജറുസലേം തലസ്ഥാനമായുള്ള ഫലസ്തീൻ രാജ്യം എന്ന ലക്ഷ്യത്തിൽ ഉറച്ചുനിൽക്കുമെന്ന് സൗദി രാജാവ് സൽമാൻ അബ്ദ് അൽ അസീസ് അൽ സൗദും വ്യക്തമാക്കിയിട്ടുണ്ട്. ജെറുസലേമിനെ ഇസ്രയേൽ തലസ്ഥാനമായി അംഗീകരിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തിനെതിരെ ലോകവ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് സൗദി രാജാവ് നിലപാട് വ്യക്തമാക്കിയത്. പ്രാദേശിക പ്രതിസന്ധി പരിഹരിക്കുന്നതിന്നതിന് രാഷ്ട്രീയ സമവാക്യങ്ങളാണ് വേണ്ടതെന്നാണ് സൗദിയുടെ നിലപാടെന്ന് രാജാവ് പറഞ്ഞു. ഇതെല്ലാം ഇന്ത്യയെ സ്വാധീനിച്ചു. അറബ് രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അമേരിക്കയെ ഇന്ത്യ കൈവിട്ടത്.

ഗ്വാട്ടിമാല, ഹോണ്ടുറാസ്, ടോഗോ തുടങ്ങിയ ചെറുരാജ്യങ്ങളാണ് അമേരിക്കയെ പിന്തുണച്ച് വോട്ട് ചെയ്തത്. അർജന്റീന, ഭൂട്ടാൻ, കൊളംബിയ, കാമറൂൺ, ഫിജി, ഓസ്‌ട്രേലിയ. കാനഡ, തുടങ്ങിയ രാജ്യങ്ങളാണ് വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നത്. ഇതും അമേരിക്കയ്ക്കുള്ള തന്ത്രപരമായ പിന്തുണയായി വിലയിരുത്തുന്നു. സാംബിയ, ഉക്രയിൻ തുടങ്ങിയ 21 പേരാണ് വോട്ടെടുപ്പ് ദിവസം സഭയിൽ എത്താത്തത്. ഇതും വിവാദത്തെ തന്ത്രപമായി ഒഴിവാക്കാൻ വേണ്ടിയായിരുന്നു. അതിനിടെ അമേരിക്കയ്‌ക്കെതിരെ വോട്ട് ചെയ്തവർക്കെതിരെ നടപടിയെടുക്കുമെന്ന് അമേരിക്കന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകുകയും ചെയ്തു. തങ്ങളുടെ എംബസി എവിടെ സ്ഥാപിക്കണമെന്നു മറ്റൊരു രാജ്യവും പറയേണ്ട. യുഎസ് അതിന്റെ പരമാധികാരം സംരക്ഷിക്കാൻ നിർബന്ധിതമാണ്. തീരുമാനത്തെ എതിർക്കുന്നവർക്ക് തങ്ങളുടെ സഹായം വെട്ടിക്കുറയ്ക്കുമെന്നും യുഎന്നിലെ യുഎസ് അംബാസഡർ നിക്കി ഹേലി താക്കീത് നൽകി.

എംബസി ടെൽ അവീവിൽ നിന്നു മാറ്റുന്നില്ലെന്നും യുഎസ് നടപടിയോടു വിയോജിക്കുന്നതായും ജറുസലമിന്റെ പദവി ഇസ്രയേലും ഫലസ്തീനും പരസ്പര ചർച്ചകളിലൂടെ തീരുമാനിക്കുകയാണു വേണ്ടതെന്നും ബ്രിട്ടിഷ് അംബാസഡർ മാത്യു റൈക്രോഫ്റ്റ് പറഞ്ഞു. ഫ്രാൻസ്, റഷ്യ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികളും യുഎസ് നടപടിയോടു വിയോജിച്ചു. അറബ് ലോകത്തിന്റെ വിജയമാണ് ജനറൽ കൗൺസിലിൽ കണ്ടത്. പാലസ്ഥീനെ അംഗീകരിക്കാത്ത അമേരിക്കൻ തീരുമാനത്തിനെതിരെ അറബ് രാജ്യങ്ങൾ ഒറ്റക്കെട്ടായി രംഗത്ത് വന്നിരുന്നു. ഇസ്രയേലിന്റെ അധിനിവേശം ഒരിക്കലും അംഗീകരിക്കില്ലെന്നും സമാധാന നീക്കങ്ങളിലെ പങ്കാളിത്തം യുഎസ് ഇല്ലാതാക്കുകയാണെന്നും ഫലസ്തീൻ നിരീക്ഷകൻ റിയാദ് മൻസൂർ പറഞ്ഞു.

എന്നാൽ ട്രംപ് യാഥാർഥ്യം അംഗീകരിക്കുക മാത്രമാണു ചെയ്തിരിക്കുന്നതെന്ന് ഇസ്രയേൽ അംബാസഡർ ഡാനി ഡാനൻ അഭിപ്രായപ്പെട്ടു. ഡിസംബർ ആറിനാണ് ജറുസലമിനെ ഇസ്രയേൽ തലസ്ഥാനമായി അമേരിക്ക അംഗീകരിച്ചത്. യുഎൻ പ്രമേയം ട്രംപിന്റെ വിദേശനയത്തിനേറ്റ പ്രഹരമായാണ് രാജ്യാന്തര വിദഗ്ദ്ധർ കണക്കാക്കുന്നത്. മുസ്‌ലിംകളുടെ മൂന്നാമത്തെ പ്രധാന ആരാധന കേന്ദ്രമായ മസ്ജിദുൽ അഖ്‌സ സ്ഥിതി ചെയ്യുന്ന കിഴക്കൻ ജറൂസലം കൂടി ഉൾപ്പെടുന്നതാണ് യു.എസ് അംഗീകരിച്ച ഇസ്രയേൽ തലസ്ഥാനം. 1967ൽ പിടിച്ചെടുത്ത കിഴക്കൻ ജറൂസലം ഇസ്രയേലിന്റെ ഭാഗമായി യു.എൻ അംഗീകരിച്ചിട്ടില്ല.