- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജെസ്നയെപ്പറ്റി നിർണായക വിവരങ്ങൾ കിട്ടിയെന്ന് തച്ചങ്കരി പറഞ്ഞത് ആറു മാസം മുൻപ്; കോവിഡിന് ശേഷം ശുഭവാർത്ത കേൾക്കാൻ കാത്തിരുന്നവർ ഇപ്പോഴും പ്രതീക്ഷയിൽ; മനസു തുറക്കാതെ ഡിസംബർ അവസാനം വിരമിക്കുന്ന എസ്പി കെജി സൈമണും: മുക്കൂട്ടുതറയിലെ കാണാതാകൽ അന്വേഷണം ക്ലൈമാക്സിലേക്ക് എന്ന് സൂചനകൾ
പത്തനംതിട്ട: മുക്കൂട്ടുതറയിലെ കോളജ് വിദ്യാർത്ഥിനി ജെസ്ന മരിയ ജയിംസിന്റെ തിരോധാനം വീണ്ടും വാർത്തകളിലേക്ക് വരുന്നു. ജെസ്ന കേസിന്റെ അന്വേഷണ മേൽനോട്ട ചുമതല വഹിക്കുന്ന ജില്ലാ പൊലീസ് മേധാവി കെജി സൈമൺ ഈ മാസം സ്ഥാനമൊഴിയുകയാണ്. വിരമിക്കുന്നതിന് മുൻപ് സൈമൺ ജെസ്നയെ കണ്ടെത്തിയിരിക്കുമെന്നും അദ്ദേഹം ഏറെക്കുറെ അതിന് അടുത്തേക്ക് എത്തിയിരിക്കുന്നുവെന്നുമുള്ള സൂചനകളാണ് പുറത്തു വരുന്നത്.
കോവിഡ് ലോക്ഡൗൺ കാലത്ത് ക്രൈം ബ്രാഞ്ച് ഡയറക്ടർ ആയിരുന്ന ടോമിൻ തച്ചങ്കരിയാണ് മറവിയിലേക്ക് പോയിരുന്ന ജെസ്ന കേസ് പൊടിതട്ടിയെടുത്തത്. ജെസ്ന കേസിൽ ശുഭവാർത്ത വരുന്നുവെന്ന സൂചനയാണ് അദ്ദേഹം നൽകിയത്. കൂടത്തായി കേസ് തെളിയിച്ച് പേരെടുത്ത എസ്പി കെജി സൈമൺ പത്തനംതിട്ടയിൽ ചുമതല ഏറ്റപ്പോൾ തന്നെ ജെസ്ന കേസിന്റെ അന്വേഷണ മേൽനോട്ടം അദ്ദേഹത്തിന് കൈമാറിയിരുന്നു.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി മുഹമ്മദ് കബീർ റാവുത്തറാണ് അന്വേഷണ ഉദ്യോഗസ്ഥൻ. തച്ചങ്കരിയുടെ വെളിപ്പെടുത്തൽ വന്നതിന് പിന്നാലെ ഡിവൈഎസ്പിയുമായി ബന്ധപ്പെട്ടപ്പോൾ തനിക്ക് അങ്ങനെ ഒരു അറിവും ഇല്ലെന്നായിരുന്നു മറുപടി. അതിനിടെ അങ്ങനെ ഒരു പ്രസ്താവന തച്ചങ്കരി നടത്തിയതിൽ കെജി സൈമൺ അതൃപ്തി അറിയിച്ചുവെന്നൊരു വാർത്തയും പുറത്തു വന്നിരുന്നു.
ഡിസംബർ 31 ന് സൈമൺ വിരമിക്കുന്നതിന് മുന്നോടിയായി ജെസ്നയെ കണ്ടെത്തുമെന്നാണ് ഏവരും കരുതിയിരിക്കുന്നത്. രഹസ്യമായി അദ്ദേഹത്തിന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നുവെന്നം ഏതാണ്ട് തൊട്ടടുത്ത് എത്തിയെന്നുമുള്ള വാർത്തകളും പ്രചരിക്കുന്നുണ്ട്. ഇതേപ്പറ്റി സ്ഥിരീകരണം നൽകാൻ പൊലീസോ അന്വേഷണസംഘമോ തയാറായിട്ടില്ല. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം യാതൊരു സൂചനയുമില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നു.
2018 മാർച്ച് 20 നാണ് മുക്കൂട്ടുതറയിൽ നിന്ന് കോളജ് വിദ്യാർത്ഥിനിയായ ജെസ്നയെ കാണാതാകുന്നത്. ലോക്കൽ പൊലീസ് അന്വേഷിച്ചു മടുത്തപ്പോഴാണ് ക്രൈംബ്രാഞ്ചിനെ ഏൽപിച്ചത്. ഊഹാപോഹങ്ങൾ അല്ലാതെ ശക്തമായ ഒരു തെളിവും ഇതു വരെ ലഭിച്ചിട്ടില്ല. ജെസ്നയെ കണ്ടതായി പറയുന്ന ഇടങ്ങളിലെല്ലാം സംഘം പരിശോധിച്ചു. തമിഴ്നാട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ യുവതിയുടെ മൃതദേഹം വരെ പരിശോധനയ്ക്ക് വിധേയമാക്കി.
ബംഗളൂരുവിലെ ഇൻഡസ്ട്രിയൽ ഏരിയയിൽ ജെസ്നയുമായി സാദൃശ്യമുള്ള പെൺകുട്ടിയെ കണ്ടെത്തിയ സ്ഥലത്തും അന്വേഷണം നടന്നു. ഒരിഞ്ചു പോലും മുന്നോട്ട് പോകാൻ സാധിച്ചിട്ടില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ പറയുന്നത്. എങ്കിലും സൈമൺ മാജികിന് വേണ്ടി കാത്തിരിക്കുകയാണ് എല്ലാവരും.