തിരുവനന്തപുരം: കാഞ്ഞിരപ്പള്ളിയിൽ നിന്നും കാണാതായ ജെസ്‌ന മരിയ ജയിംസ് സിറിയയിലാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടില്ലെന്ന് സിബിഐ. ഇസ്ലാമിക രാജ്യത്ത് ജെസ്‌നെയുണ്ടെന്ന തരത്തിൽ സിബിഐ കോടതിയിൽ റിപ്പോർട്ട് നൽകിയതായി സൂചനകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് സിറിയയിലേക്ക് ജെസ്‌ന കടക്കാനുള്ള സാധ്യത ചർച്ചയായത്. എന്നാൽ സിറിയയിലേക്കാണോ ജെസ്‌ന പോയതെന്ന് സ്ഥിരീകരിക്കാൻ കഴിയില്ലെന്നാണ് സിബിഐ പറയുന്നത്.

ജെസ്‌ന സിറിയിയിലാണെന്ന കണ്ടെത്തലുകളൊന്നും നടത്തിയിട്ടില്ലെന്ന് സിബിഐ വ്യത്തങ്ങൾ അറിയിച്ചു. സോഷ്യൽ മീഡിയയിലടക്കം ജെസ്‌ന സിറിയിയിൽ എന്ന നിലയിൽ പ്രചാരമുണ്ടായതോടെയാണ് സിബിഐയുടെ സ്ഥിരീകരണം. 2018 മാർച്ച് 22 നാണ് കാഞ്ഞിരപ്പള്ളി എസ്ഡി കോളേജിലെ രണ്ടാംവർഷ വിദ്യാർത്ഥിനി ആയിരുന്ന ജെസ്‌ന മരിയ ജയിംസിനെ കാണാതായത്. ജെസ്‌ന ജീവനോടെയുണ്ടെന്നും രാജ്യം വിട്ടുവെന്നും തന്നെയാണ് സിബിഐയുടെ നിഗമനം. ജെസ്‌നാ അന്വേഷണത്തിലെ കണ്ടെത്തലുകൾ മറുനാടൻ വാർത്തയാക്കിയിരുന്നു. സിറിയിലുണ്ടാകാനുള്ള സാധ്യതയും ചർച്ചയാക്കി.

മറുനാടൻ വാർത്തയിലെ സിറിയാ സാധ്യത മാത്രമാണ് സിബിഐ കണ്ടെത്തിയിട്ടില്ലെന്ന് സ്ഥിരീകരിക്കുന്നത്. ഇതോടെ ജെസ്‌ന ജീവനോടെയുണ്ടെന്ന് സമ്മതിക്കുക കൂടിയാണ് സിബിഐ. രണ്ടു വർഷം മുമ്പ് വരെ ജെസ്‌ന രാജ്യം വിട്ടിട്ടില്ലെന്നും മറ്റൊരു സംസ്ഥാനത്തു വിവാഹിതയായി കഴിയുന്നുണ്ടായിരുന്നുവെന്നുള്ള വിവരം സിബിഐയ്ക്ക് ലഭിച്ചിട്ടുണ്ട്. കേരളാ പൊലീസ് ജെസ്നയെ കണ്ടെത്തിയതോടെയാണ് രാജ്യം വിട്ടത്. ഇക്കാര്യം വിമാന ടിക്കറ്റ് പരിശോധനയിലൂടെ സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് സൂചന.

ജെസ്‌ന നേരത്തെ താമസിച്ചിരുന്ന വീടിന്റെ സമീപത്തുള്ളവരാണ് ഇക്കാര്യം സിബിഐയെ അറിയിച്ചിരിക്കുന്നത്. ജെസ്‌ന രണ്ടു കുട്ടികളുടെ അമ്മയാണെന്നും കേരളാ പൊലീസ് സംഘം അന്വേഷിച്ച് എത്തിയതോടെ ഇവർ അവിടുന്ന് മുങ്ങുകയായിരുന്നുവെന്നാണ് സിബിഐയ്ക്ക് ലഭിച്ച വിവരം. പത്തനംതിട്ട എസ് പിയായിരുന്ന കെജി സൈമണിന്റെ നേതൃത്വത്തിലായിരുന്നു ജെസ്നയെ കണ്ടെത്തിയതെന്നാണ് സൂചന. ഇതിന് പിന്നാലെ കോവിഡ് ആളികത്തി. ഇതോടെ അന്തർ സംസ്ഥാന യാത്രകൾ പോലും തടസ്സപ്പെട്ടു. ഈ സാഹചര്യം മുതലെടുത്ത് ജെസ്ന മുങ്ങി.

കേരളാ പൊലീസിന്റെ ക്രൈംബ്രാഞ്ചാണ് ജെസ്‌നയുടെ തിരോധാനം അന്വേഷിച്ചിരുന്നത്. പെൺകുട്ടി എവിടെയുണ്ടെന്ന് അറിയാമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എ.ഡി.ജി.പി: ടോമിൻ ജെ. തച്ചങ്കരി വെളിപ്പെടുത്തിയിരുന്നു. എന്നാൽ, വെളിപ്പെടുത്താനാകില്ലെന്നും ഇദേഹം പറഞ്ഞിരുന്നു. ഇതേകാര്യം പത്തനംതിട്ട എസ്‌പിയായിരുന്ന കെ.ജി. സൈമൺ പറഞ്ഞിരുന്നു. പൊലീസിന്റെ അനാസ്ഥയാണ് ജെസ്‌നയെ വീണ്ടും കാണാതായതിന് പിന്നിലെന്ന് സിബിഐ സംശയിക്കുന്നുണ്ട്.

സിറിയയിലേക്ക് ജെസ്‌ന കടന്നുവെന്നാണ് സംശയം. 2018 മാർച്ചിലാണ് ജെസ്‌നയെ കാണാതായത്. അന്നുമുതലുള്ള ടിക്കറ്റുകളാണു പരിശോധിച്ചത്. ദക്ഷിണേന്ത്യയിലെ വിമാനത്താവളങ്ങൾ വഴി യാത്രചെയ്തവരുടെ വിവരങ്ങളാണ് പരിശോധിച്ചത്. ഇതിന്റെ ഭാഗമായി സിബിഐ. ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. അന്വേഷണം ഏറ്റെടുത്ത് ഒരു വർഷം പിന്നിട്ടശേഷമാണു പുതിയ നടപടി. കേസിൽ അന്വേഷണപുരോഗതി അറിയിക്കാൻ തിരുവനന്തപുരം സി.ജെ.എം. കോടതി നിർദ്ദേശിച്ചിരുന്നു. കഴിഞ്ഞ 12ന് അന്വേഷണ ഉദ്യോഗസ്ഥനായ നന്ദകുമാരൻ നായർ സമർപ്പിച്ച എഫ്‌ഐആർ കോടതി അംഗീകരിച്ചിട്ടുണ്ട്.

ജെസ്നയെ രാജ്യത്തിനു പുറത്തേക്കു കടത്തിയെന്നാണു സിബിഐയുടെ നിഗമനം. സംഭവം തീവ്രവാദപ്രവർത്തനത്തിന്റെ ഭാഗമല്ലെന്നും മനുഷ്യക്കടത്താണെന്നുമുള്ള നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇസ്ലാമിക രാജ്യത്ത് ജെസ്‌നയുണ്ടെന്നാണ് സിബിഐയുടെ കണ്ടെത്തൽ. ഇക്കാര്യം ഹൈക്കോടതിയേയും അറിയിച്ചിട്ടുണ്ട്. ജെസ്ന സ്വന്തം താത്പര്യപ്രകാരമാണു വിദേശത്തേക്കു കടന്നതെന്നും രണ്ട് കുഞ്ഞുങ്ങളുടെ മാതാവായെന്നുമുള്ള സ്ഥിരീകരിക്കാത്ത വിവരം ക്രൈംബ്രാഞ്ചിനു ലഭിച്ചിരുന്നു. വിദേശത്തേക്കു കൊണ്ടുപോയവരെ സിബിഐ. തിരിച്ചറിഞ്ഞിട്ടുണ്ട്. വീട്ടിൽനിന്നു കണ്ണിമലയിലെ ബാങ്ക് കെട്ടിടത്തിൽ ജെസ്ന എത്തിയതിന്റെ സി.സി. ടിവി ദൃശ്യങ്ങളുണ്ട്. ഇവിടെനിന്നു സ്വകാര്യ ബസിൽ കയറി. ബസിൽ തീവ്രവാദബന്ധമുള്ളവർ ഉണ്ടായിരുന്നോയെന്നു സിബിഐ. പരിശോധിച്ചിരുന്നു.

അന്ന് ബസിൽ യാത്രചെയ്ത രണ്ടുപേരെ തിരിച്ചറിഞ്ഞു. മംഗലാപുരം, ചെന്നൈ, ഗോവ, പുനെ എന്നിവിടങ്ങളിലേക്കും അന്വേഷണം നീണ്ടു. ദൃക്സാക്ഷികളില്ലാത്ത കേസിൽ സാഹചര്യത്തെളിവുകൾ മാത്രമാണുള്ളത്. അതീവരഹസ്യമായി അന്വേഷണം പുരോഗമിക്കുന്നതിനാലാണ് പുരോഗതി റിപ്പോർട്ട് മുദ്രവച്ച കവറിൽ ഹൈക്കോടതിയിൽ സമർപ്പിച്ചത്. തുർക്കി, സിറിയ, അഫ്ഗാൻ തുടങ്ങിയ രാജ്യങ്ങളിൽ ഒന്നിൽ ജെസ്‌നയുണ്ടെന്നാണ് സൂചന. ഇതിൽ സിറിയയിലാണ് കൂടുതൽ സാധ്യത. ഇതെല്ലാം സിബിഐ പരിശോധിക്കുന്നുണ്ട്.

2021 ഫെബ്രുവരിയിലാണ് ജെസ്‌നയുടെ സഹോദരന്റെ ഉൾപ്പടെയുള്ളവരുടെ ഹർജിയിൽ കേസന്വേഷണം ഹൈക്കോടതി സിബിഐയെ ഏൽപ്പിച്ചത്. അന്വേഷണം ഏറ്റെടുത്ത് ഒരു വർഷം പിന്നിട്ടശേഷമാണു സിബിഐയുടെ നിർണായകമായ ചുവടുവെപ്പ്. 2018 മാർച്ച് 22 ന് രാവിലെ ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞിറങ്ങിയ ജെസ്‌ന എരുമേലി ബസ് സ്റ്റാൻഡിൽ വന്നിറങ്ങുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. എരുമേലി ബസ് സ്റ്റാൻഡിൽ മിന്നലിൽ തകർന്ന സി സി ടി വി യിൽ നിന്ന് റിക്കവർ ചെയ്‌തെടുത്ത ദൃശ്യങ്ങളാണ് അത്.

ഭാരമേറിയ ഷോൾഡർ ബാഗും തൂക്കി ജെസ്‌നയെന്ന് കരുതപ്പെടുന്ന പെൺകുട്ടി നടക്കുന്നതും തൊട്ടുപിന്നാലെ രണ്ടു യുവാക്കൾ ഫോളോ ചെയ്യുന്നതുമാണ് ദൃശ്യത്തിൽ നിന്ന് വ്യക്തമാകുന്നത്. അന്ന് തൊട്ട് ഇന്നോളം ആ ദൃശ്യത്തിൽ കാണുന്ന പെൺകുട്ടി താനാണ് എന്ന് അവകാശപ്പെട്ട് മറ്റൊരു പെൺകുട്ടിയും വരാത്ത സാഹചര്യത്തിൽ ഈ ദൃശ്യങ്ങൾ ജെസ്‌നയുടേത് എന്നു തന്നെയാണ് അന്വേഷണ സംഘത്തിന്റെ വിശ്വാസം. ഈ വഴിയുള്ള അന്വേഷണമാണ് സിബിഐയ്ക്ക് നിർണ്ണായക തെളിവുകൾ നൽകുന്നത്.