തിരുവനന്തപുരം: ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് സിബിഐയുടെ നോട്ടീസ്. 2018 മാർച്ച് മുതലാണ് പത്തനംതിട്ടയിൽ നിന്നും ജെസ്‌നയെ(23) കാണാതാകുന്നത്. കേസിലേക്ക് സഹായകരമായ വിവരങ്ങൾ എന്തെങ്കിലും ലഭിച്ചാൽ അറിയിക്കണമെന്നും വിവരങ്ങൾ നൽകുന്നവരെ കുറിച്ചുള്ള കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും സിബിഐ പുറത്തിറക്കിയ നോട്ടീസിൽ പറയുന്നു. ജസ്‌നയെ തിരിച്ചറിയാൻ സഹായിക്കുന്ന അടയാളങ്ങളും വിവരങ്ങളും അടക്കമാണ് നോട്ടീസ്.

ഉയരം 149 സെന്റീമീറ്റർ, മെലിഞ്ഞ ശരീരം, വെളുത്ത നിറം, ചുരുണ്ട മുടി, നെറ്റിയുടെ വലതു വശത്ത് കാക്കപ്പുള്ളി, കണ്ണടയും പല്ലിൽ കമ്പിയുംഇതാണ് ജെസ്‌നയെ കുറിച്ചുള്ള വിശദാംശങ്ങൾ. നേരത്തെ കേസിൽ സിബിഐ എഫ് ഐ ആർ രജിസ്റ്റർ ചെയ്‌തെന്ന റിപ്പോർട്ടും പുറത്തു വന്നിരുന്നു. ജെസ്‌ന ജീവനോടെയുണ്ടെന്ന സംശയമാണ് എഫ് ഐ ആർ മുമ്പോട്ട് വയ്ക്കുന്നത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജ് രണ്ടാം വർഷ ബികോം വിദ്യാർത്ഥിനി ജെസ്‌ന മരിയ ജെയിംസിനെ തീവ്രവാദികൾ വ്യാജ പാസ്‌പോർട്ടിൽ വിദേശത്തേക്ക് കടത്തിയതായി സംശയമുണ്ടെന്ന് സിബിഎ എഫ്‌ഐആർ പറയുന്നതായാണ് റിപ്പോർട്ട്. ജന്മഭൂമിയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ ജെസ്ന ജീവനോടെയുണ്ടെന്ന് പ്രത്യക്ഷത്തിൽ സിബിഐയും സമ്മതിക്കുകയാണ്.

തിരുവനന്തപുരം സിബിഐ കോടതിയിൽ സമർപ്പിച്ച എഫ്‌ഐആറിൽ ജെസ്‌നയുടെ തിരോധാനത്തിന് പിന്നിൽ ഗൗരവകരമായ വിഷയമുണ്ടെന്നും ഇതിൽ അന്തർ സംസ്ഥാന കണ്ണികളുണ്ടെന്നും വ്യക്തമാക്കി. ദൃക്‌സാക്ഷികളില്ലാത്ത കേസിൽ സാഹചര്യത്തെളിവുകൾ മാത്രമുള്ളതിനാലും തെളിവുകളുടെ കണ്ണികൾ കോർത്തിണക്കേണ്ടതിനാലും അതീവ രഹസ്യമായി അന്വേഷണം പുരോഗമിക്കുന്നതിനാലും തെളിവുകൾ ചോർന്നു പോകാതിരിക്കാൻ അഡീഷണൽ റിപ്പോർട്ടായി മുദ്ര വച്ച കവറിൽ കോടതിയിൽ സമർപ്പിക്കുമെന്നാണ് വാർത്ത. ഇതിനൊപ്പമാണ് നോട്ടീസും പുറത്തു വരുന്നത്. ഇതോടെ സിബിഐയുടെ അന്വേഷണം സജീവമാണെന്ന് തന്നെയാണ് വ്യക്തമാകുന്നത്.

മക്കുട്ടുതറയിൽ നിന്ന് കാണാതായ കോളജ് വിദ്യാർത്ഥിനി ജസ്‌ന മരിയ ജയിംസ് ചെന്നൈയിലെ മതപഠന കേന്ദ്രത്തിലുള്ളതായി വിവരം ലഭിച്ചുവെന്ന സൂചന നേരത്തെ പുറത്തു വന്നിരുന്നു. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെജി സൈമൺ നടത്തിയ രഹസ്യാന്വേഷണത്തിനൊടുവിലാണ് ഇത്തരമൊരു സൂചന ലഭിച്ചതെന്നും വിവരം പരസ്യമാക്കിയതോടെ അന്വേഷണം കുഴഞ്ഞു മറിഞ്ഞുവെന്നും വാർത്തകളുണ്ടായിരുന്നു. കോവിഡ് ലോക്ഡൗൺ കഴിയുന്നതോടെ ജെസ്‌ന കേസിൽ ശുഭവാർത്ത ലഭിക്കുമെന്ന് മുമ്പ് ക്രൈം ബ്രാഞ്ച് ഡയറക്ടറായിരുന്ന ടോമിൻ തച്ചങ്കരിയും വെളിപ്പെടുത്തിയിരുന്നു,

തെളിയാതെ കിടക്കുന്ന കേസുകൾ തെളിയിക്കുന്നതിൽ ത്രിൽ കണ്ടെത്തുന്ന കെജി സൈമൺ പത്തനംതിട്ടയിൽ ചുമതല ഏറ്റതിന് തൊട്ടു പിന്നാലെ ജെസ്‌നയുടെ കേസിൽ സ്വമേധയാ അന്വേഷണം നടത്തുകയായിരുന്നു. ഇതിനെ തുടർന്നാണ് ജെസ്‌നയെപ്പറ്റിയുള്ള നിർണായക സൂചനകൾ ലഭിച്ചത്. ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്നാണ് ഈ സൂചന കിട്ടിയത് എന്നാണ് വിവരം. പുരുഷ സുഹൃത്തിനൊപ്പം നാടുവിട്ട ജെസ്‌ന ചെന്നൈയിലെ മതപഠന കേന്ദ്രത്തിലാണുള്ളതെന്നാണ് അന്ന് ലഭിച്ച വിവരം. സൈമൺ സർവ്വീസിൽ നിന്ന് വിരമിച്ചതോടെ അന്വേഷണം വഴിമുട്ടി. ഇതിന് ശേഷമാണ് സിബിഐ എത്തുന്നത്.

ജെസ്നയുടെ തിരോധാനം ഇങ്ങനെ

2018 മാർച്ച് 22 ന് രാവിലെ 9.30 നാണ് ജെസ്നയെ കാണാതാകുന്നത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജിൽ രണ്ടാം വർഷ ബി കോം വിദ്യാർത്ഥിനിയാണ് ജെസ്ന. പതിഞ്ഞ സ്വഭാവം. അധികം ആരോടും സംസാരിക്കാറില്ല. അടുത്ത കൂട്ടുകാരികളും കുറവും. പൊതുവേ റിസർവ്ഡ് ടൈപ്പ്. കഴിഞ്ഞ ജൂലൈ അഞ്ചിന് അമ്മ പനി ബാധിച്ച് മരിച്ചതും അവളെ തളർത്തിയിരുന്നു. പക്ഷേ, അതത്ര തീവ്രമായി അവൾ ആരോടും അവതരിപ്പിച്ചിരുന്നുമില്ല. കോളജിലേക്ക് പോകുന്നത് സഹോദരൻ ജെയ്സ് ജോണിന്റെ ബൈക്കിന്റെ പിന്നിലിരുന്നാണ്. കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളജിലാണ് ജെയ്സ് പഠിക്കുന്നത്. ജെസ്ന വൈകിട്ട് നേരത്തേ ഇറങ്ങുന്നതിനാൽ ബസിന് വീട്ടിലേക്ക് മടങ്ങൂം. ജെസ്നയ്ക്ക് മൂത്ത ഒരു സഹോദരി കൂടിയുണ്ട്ജെഫിമോൾ.

ഇതാണ് പശ്ചാത്തലം. 22 ന് ജെസ്നയ്ക്ക് സ്റ്റഡി ലീവായിരുന്നു. പുസ്തകവുമായി വീടിന്റെ വരാന്തയിൽ ഇരുന്ന ജെസ്ന പഠിക്കുന്നത് അയൽവാസികൾ കണ്ടിരുന്നു. ഒമ്പതു മണിയോടെ ജെസ്ന ഒരു ഓട്ടോറിക്ഷയിൽ കയറി മുക്കൂട്ടുതറ ടൗണിലേക്ക് പോയി. മുക്കൂട്ടുതറയിൽ തന്നെയുള്ള അമ്മാവിയുടെ വീട്ടിലേക്ക് പോകുന്നുവെന്നാണ് ജെസ്ന ഓട്ടോഡ്രൈവറോടും അടുത്ത വീട്ടുകാരോടും പറഞ്ഞത്. മുക്കൂട്ടുതറ ടൗണിൽ ജെസ്നയെ ഡ്രൈവർ ഇറക്കി വിടുകയും ചെയ്തു. കുട്ടി ഓട്ടോയിൽ വന്ന് ടൗണിൽ ഇറങ്ങുന്നത് ചിലർ കണ്ടിരുന്നു. പിന്നെയാണ് ജെസ്നയെ കാണാതായത്.

ഇതു സംബന്ധിച്ച് അന്ന് രാത്രി ഏഴരയോടെ എരുമേലി സ്റ്റേഷനിൽ പിതാവും ബന്ധുക്കളും പരാതി നൽകി. എന്നാൽ, സംഭവം നടന്നത് വെച്ചൂച്ചിറ സ്റ്റേഷന്റെ പരിധിയിലായിരുന്നതിനാൽ കേസ് അവിടേക്ക് മാറ്റിയത് പിറ്റേന്ന് രാവിലെ എട്ടിന്. മൊബൈൽ ഫോൺ കാൾ ലിസ്റ്റ് പരിശോധിച്ചിട്ട് അസ്വാഭാവികതയില്ല. കൂട്ടുകാരെയെല്ലാം ചോദ്യം ചെയ്തു. ആർക്കും ജെസ്നയെ കുറിച്ച് എതിരഭിപ്രായമില്ല. സമീപദിവസങ്ങളിലൊന്നും അസ്വസ്ഥതകളോ അസ്വാഭാവികതയോ ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. ബന്ധുവീടുകളിളെല്ലാം നോക്കി. മൊബൈൽ ഫോൺ അടക്കം ഒരു സാധനവും ജെസ്ന എടുത്തിട്ടുമില്ല.

പിന്നെ കഥകളുടെ പ്രവാഹമായിരുന്നു. ജെസ്നയെ തമിഴ്‌നാട്ടിൽ കണ്ടു, ബംഗളൂരുവിൽ കണ്ടു, മലപ്പുറത്തെ പാർക്കിൽ കണ്ടു...ഇങ്ങനെ കിംവദന്തികളുടെ പിന്നാലെ പൊലീസ് നടന്നു വലഞ്ഞു. ബംഗളൂരുവിലെ ഒരു ആശ്രമത്തിൽ ജെസ്ന ചെന്നുവെന്ന വാർത്ത പുറത്തു വിട്ട് ആന്റോ ആന്റണി എംപിയും ഇളിഭ്യനായി. ഇതിനിടെ രണ്ടു അജ്ഞാതമൃതദേഹങ്ങൾക്ക് പിന്നാലെയും പൊലീസിന് പോകേണ്ടി വന്നു. ഒന്ന് ഇടുക്കി മുതിരപ്പുഴയാറ്റിൽ കണ്ട യുവതിയുടെ കാലായിരുന്നു. മറ്റൊന്ന് തമിഴ്‌നാട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ട മൃതദേഹവും. മുക്കൂട്ടുതറ, മുണ്ടക്കയം എന്നിവിടങ്ങളിലെ സിസിടിവികളിലും പലരും ജെസ്നയെ കണ്ടു.

പക്ഷേ, ഇതൊന്നും പൊലീസ് സ്ഥിരീകരിച്ചില്ല. ലോക്കൽ പൊലീസ് ആദ്യം അന്വേഷിച്ചു. പിന്നീട് സൈബർ സെല്ലിനെ കൂടി ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചു. സൈബർ സെൽ ലക്ഷക്കണക്കിന് കോളുകൾ പരിശോധിച്ച് ജെസ്ന രണ്ടാമതൊരു സിം ഉപയോഗിച്ചിരുന്നുവെന്ന് കണ്ടെത്തി. 10 ദിവസത്തിനുള്ളിൽ പിടിയിലാകുമെന്നും പറഞ്ഞു. എന്നാൽ, അവസാന നിമിഷം അവൾ വഴുതിപ്പോയി. എങ്കിലും പൊലീസ് ഒരു കാര്യം സ്ഥിരീകരിച്ചു. പെൺകുട്ടി ജീവനോടെയുണ്ട്. ഇതു തന്നെയാണ് സിബിഐയും പറയുന്നത്.