തിരുവനന്തപുരം: കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് രണ്ടാം വർഷ ബികോം വിദ്യാർത്ഥിനി ജെസ്ന മരിയ ജെയിംസിനെ തീവ്രവാദികൾ വ്യാജ പാസ്പോർട്ടിൽ വിദേശത്തേക്ക് കടത്തിയതായി സംശയമുണ്ടെന്ന് സിബിഎ എഫ്ഐആർ. ജന്മഭൂമിയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ ജെസ്‌ന ജീവനോടെയുണ്ടെന്ന് പ്രത്യക്ഷത്തിൽ സിബിഐയും സമ്മതിക്കുകയാണ്.

തിരുവനന്തപുരം സിബിഐ കോടതിയിൽ സമർപ്പിച്ച എഫ്ഐആറിൽ ജെസ്നയുടെ തിരോധാനത്തിന് പിന്നിൽ ഗൗരവകരമായ വിഷയമുണ്ടെന്നും ഇതിൽ അന്തർ സംസ്ഥാന കണ്ണികളുണ്ടെന്നും വ്യക്തമാക്കി. ദൃക്സാക്ഷികളില്ലാത്ത കേസിൽ സാഹചര്യത്തെളിവുകൾ മാത്രമുള്ളതിനാലും തെളിവുകളുടെ കണ്ണികൾ കോർത്തിണക്കേണ്ടതിനാലും അതീവ രഹസ്യമായി അന്വേഷണം പുരോഗമിക്കുന്നതിനാലും തെളിവുകൾ ചോർന്നു പോകാതിരിക്കാൻ അഡീഷണൽ റിപ്പോർട്ടായി മുദ്ര വച്ച കവറിൽ കോടതിയിൽ സമർപ്പിക്കും.

എഫ്ഐആറിലെ വിവരങ്ങൾ ചോരാൻ സാധ്യതയുള്ളതിനാൽ പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ട നിർണായക വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ല. വെളിപ്പെടുത്തിയാൽ സുഗമമായ അന്വേഷണത്തെ ബാധിക്കും. സംശയിക്കപ്പെടുന്ന വ്യക്തികൾ ഒളിവിൽ പോകാൻ സാധ്യതയുണ്ട്. ചില പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ കസ്റ്റഡിയിലാകുമെന്നുമുള്ള സൂചനയും എഫ്ഐആറിലുണ്ട്. നേരത്തെ പത്തനംതിട്ട എസ് പിയായിരുന്ന കെജി സൈമണും സമാന രീതിയിൽ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരുന്നു. അന്ന് ജെസ്‌ന ചെന്നൈയിലുണ്ടെന്ന സൂചനകളാണ് പുറത്തു വന്നത്. ജെസ്‌നയെ കണ്ടെത്തുന്നതിന് തൊട്ടടുത്തുവരെ എത്തിയെന്നും സൈമൺ സൂചന നൽകിയിരുന്നു.

2018 മാർച്ച് 20നാണ് ജെസ്‌ന മരിയ ജെയിംസിനെ കാണാതായത്. രാവിലെ എരുമേലി മുക്കൂട്ടുതറയിലെ വീട്ടിൽ നിന്നു പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞു പോയ ജെസ്ന പിന്നെ മടങ്ങിയെത്തിയിട്ടില്ല. 2018 മുതൽ ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ട് തുമ്പുണ്ടാക്കാൻ സാധിക്കാത്ത കേസ് ഏറ്റെടുക്കാൻ തയാറാണെന്ന് 2021 ഫെബ്രുവരി 19ന് ഹൈക്കോടതിയിൽ സിബിഐ ബോധിപ്പിക്കുകയായിരുന്നു. പിന്നാലെ കേസ് സിബിഐ ഏറ്റെടുത്തു.

കേസന്വേഷണത്തിൽ പൊലീസും ക്രൈംബ്രാഞ്ചും നിഷ്‌ക്രിയത്വം പാലിക്കുന്നതിനാൽ സിബിഐ അന്വേഷണമാവശ്യപ്പെട്ട് ജെസ്നയുടെ സഹോദരൻ ജെയിസ് ജോൺ ജെയിംസും അഡ്വ. സി. രാജേന്ദ്രൻ വഴി ക്രിസ്ത്യൻ ഫോറവും സമർപ്പിച്ച റിട്ട് ഹർജിയിൽ ഹൈക്കോടതി സിബിഐയോട് നിലപാടറിയിക്കാൻ ഉത്തരവിട്ടിരുന്നു. സിബിഐ അതീവ രഹസ്യമായി നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് പ്രാഥമിക തെളിവുകൾ ശേഖരിച്ച് കേസെടുക്കാൻ തയാറാണെന്ന് ഹൈക്കോടതിയിൽ അറിയിച്ചത്. തുടർന്ന് അന്വേഷണം ഏറ്റെടുത്ത സിബിഐ തിരുവനന്തപുരം യൂണിറ്റാണ് കോടതിയിൽ എഫ്ഐആർ സമർപ്പിച്ചത്.

അന്വേഷണ ഏജൻസികളുടെ വിശ്വാസ്യതയെ പോലും ചോദ്യം ചെയ്യപ്പെടുന്ന കേസായി ജെസ്‌നയുടെ തിരോധാനം മാറിയിരുന്നു. ലോക്കൽ പൊലീസിൽ നിന്നും ജില്ലാ ക്രൈം ബ്രാഞ്ചും പിന്നീട് സംസ്ഥാന ക്രൈം ബ്രാഞ്ചും ഒടുവിൽ സിബിഐയിലും ജെസ്‌ന കേസിന്റെ അന്വേഷണം എത്തി നിൽക്കുന്നു. ഇത്രയും ദുരൂഹതയും വെല്ലുവിളിയും നിറഞ്ഞ ഒരു കേസ് അന്വേഷണ ഏജൻസികൾക്ക് മുൻപിൽ അടുത്ത കാലത്തെങ്ങും എത്തിച്ചേർന്നിട്ടില്ല. ബെംഗളൂരു, പൂണെ, ഗോവ, ചെന്നൈ എന്നിവിടങ്ങളിലെല്ലാം പൊലീസ് അന്വേഷണം നടത്തുകയും പതിനായിരത്തിലധികം ഫോൺ കോളുകൾ പരിശോധനയ്ക്ക് വിധേയമാക്കും ചെയ്‌തെങ്കിലും യാതൊരു ഫലമുണ്ടായില്ല. എരുമേലി വരെ ജെസ്‌ന പോയതായി സിസിടിവി ദൃശ്യങ്ങളിൽ തെളിഞ്ഞിരുന്നുവെങ്കിലും അതിനു ശേഷം ജെസ്‌ന എവിടെ പോയി എന്നത് ഉത്തരം കിട്ടാത്ത ചോദ്യമായി തുടരുകയാണ്. നിലവിൽ സിബിഐ തിരുവനന്തപുരം യൂണിറ്റാണ് ജെസ്‌നയുടെ തിരോധാനക്കേസ് അന്വേഷിക്കുന്നത്.

ലോക്കൽ പൊലീസും ക്രൈം ബ്രാഞ്ചും മാറി മാറി അന്വേഷിച്ചിട്ടും കേസിൽ യാതൊരു പുരോഗതിയും ഇല്ലാത്ത സാഹചര്യത്തിൽ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അഭിജിത്, ജെസ്‌നയുടെ സഹോദരൻ ജെയ്‌സ് ജോൺ എന്നിവർ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകുകയായിരുന്നു. ഇത് പരിഗണിച്ച ഹൈക്കോടതി കേസ് സിബിഐക്ക് കൈമാറാൻ ഉത്തരവിടുകയായിരുന്നു. അതിനിടെ എന്നെങ്കിലും തന്റെ മകൾ തിരിച്ചു വരുമെന്നും അന്വേഷണ ഏജൻസികളിൽ വിശ്വാസമുണ്ടെന്നും മറ്റൊരു മാതാപിതാക്കൾക്കും ഇത്തരമൊരു അവസ്ഥ ഉണ്ടാകരുതെന്നും ജെസ്‌നയുടെ പിതാവ് ജെയിംസ് പറഞ്ഞു. ഉത്തരമില്ലാത്ത ചോദ്യം മാത്രമായി ജെസ്‌നയുടെ തിരോധാനം അവസാനിക്കരുതെന്നും സത്യം പുറത്തുവരണമെന്നും അതിനായി കാത്തിരിക്കുകയാണെന്നും ജെസ്‌നയുടെ മറ്റു കുടുംബാംഗങ്ങളും വ്യക്തമാക്കുന്നു.