- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജെസ്നയുടെ പിതാവിനെ ശരിവെച്ച് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി; കേസിൽ ഇതുവരെ കേട്ടതൊക്കെ ഊഹാപോഹം മാത്രം; അവിടെ കണ്ടു ഇവിടെ കണ്ടു എന്നുള്ള പ്രചാരണം അന്വേഷണ സംഘത്തിന് മേനി നടിക്കാൻ മാത്രമെന്ന് വിലയിരുത്തൽ; ജെസ്ന കേസിൽ ഇതു വരെ ഒരു സൂചനയുമില്ല
പത്തനംതിട്ട: മുക്കൂട്ടുതറയിൽ നിന്ന് കാണാതായ ജെസ്ന മരിയ ജയിംസിനെ കുറിച്ച് ഇപ്പോൾ പ്രചരിക്കുന്നതെല്ലാം ഊഹാപോഹം മാത്രമെന്ന പിതാവ് കൊല്ലമുള കുന്നത്ത് വീട്ടിൽ ജെയിംസ് ജോസഫ്. ജെസ്ന തിരോധാനക്കേസിൽ അന്വേഷണം കേന്ദ്ര ഏജൻസികൾ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും നൽകിയ നിവേദനത്തിലാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ജെയിംസിന്റെ വാക്കുകൾ ശരി വയ്ക്കുന്ന തരത്തിലാണ് നിലവിലുള്ള അന്വേഷണ സംഘത്തിന്റെ നിഗമനവും. ജെസ്നയെ കുറിച്ച് നിർണായകമായ ഒരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്പി മുഹമ്മദ്കബീർ റാവുത്തറുടെ നിലപാട്.
കൊല്ലം ക്രൈംബ്രാഞ്ചിന്റെ ചുമതല കൂടി വഹിച്ചിരുന്ന, പത്തനംതിട്ട എസ്പിയായ കെജി സൈമൺ വിരമിക്കുന്നതിന് മുൻപ് ജെസ്നയെ കണ്ടെത്തുമെന്ന് ആറു മാസം മുമ്പ് ക്രൈംബ്രാഞ്ച് ഡയറക്ടർ ആയിരുന്ന ടോമിൻ ജെ തച്ചങ്കരി പറഞ്ഞിരുന്നു. എന്നാൽ, കെജി സൈമൺ ഡിസംബർ 31 ന് വിരമിച്ചപ്പോഴും ഇതുണ്ടായില്ല. സൈമൺ പടിയിറങ്ങുമ്പോഴും ജെസ്നയെ ഉടൻ കണ്ടെത്തുമെന്ന് പറഞ്ഞെങ്കിലും അതും ഉണ്ടായട്ടില്ല.
ജെസ്നയെ കുറിച്ച് സൂചനയുണ്ടെന്നാണ് പടിയിറങ്ങാൻ നേരവും സൈമൺ പറഞ്ഞത്. പക്ഷേ, അവിടേക്ക് ചെല്ലാൻ കോവിഡ് തടസമായി. കുടുംബത്തിൽ ചിലരെ സംശയിക്കുന്നു. കോവിഡ് കാലമായതിനാൽ മാസ്ക് വച്ച് ചോദ്യം ചെയ്താൽ വിവരം കിട്ടില്ല. അവരുടെ മുഖഭാവം വ്യക്തമാകില്ല. മുഖഭാവത്തിൽ വരുന്ന മാറ്റങ്ങൾ പഠിച്ചാലേ എന്തെങ്കിലും വിവരം കിട്ടൂ എന്നൊക്കെയായിരുന്നു സൈമണിന്റെ വിശദീകരണം.
കോവിഡ് കാരണം അന്വേഷണത്തിൽ തടസം നേരിട്ടെന്ന് ഒരു എസ്പി പറയുന്നത് വെറും തമാശയായി മാത്രമേ നാട്ടുകാർക്കും ബന്ധുക്കൾക്കും കാണാൻ കഴിയുന്നുള്ളൂ. പോപ്പുലർ ഫിനാൻസ് തട്ടിപ്പു കേസിലെ രണ്ടു പ്രതികളെ ഡൽഹി എയർ പോർട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ബിനീഷ് കോടിയേരിയെ ബംഗളൂരുവിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തു. കോവിഡ് കാലത്ത് നടന്ന ഒട്ടുമിക്ക കേസിലും പ്രതികളെ പിടിച്ചു. അവരെ ഒക്കെ മുഖം നോക്കിയല്ലേ ചോദ്യം ചെയ്തത് എന്നതാണ് പ്രസക്തമായ ചോദ്യം. അല്ലെങ്കിൽ തന്നെ ഒരാളെ ചോദ്യം ചെയ്യുമ്പോൾ മാസ്ക് ഊരി മാറ്റുന്നതിന് എന്താണ് ബുദ്ധിമുട്ട്.
കോവിഡ് ബാധിച്ച് ഐസിയുവിൽ കിടന്ന സിഎം രവീന്ദ്രനെ വരെ ചോദ്യം ചെയ്തു. അപ്പോഴാണ് ജെസ്ന കേസിൽ സംശയിക്കപ്പെടുന്ന ഒരാളെ ചോദ്യം ചെയ്യാൻ ബുദ്ധിമുട്ട്. ഇത്തരം വിശദീകരണങ്ങളാണ് ജെസ്നയുടെ കുടുംബക്കാർക്ക് തന്നെ അന്വേഷണത്തിൽ അതൃപ്തിയുണ്ടാകാൻ കാരണമായിരിക്കുന്നത്. തങ്ങൾക്ക് ബോധ്യമാകുന്ന തരത്തിലുള്ള ഒരു സൂചനയും ഇതു വരെ ലഭ്യമല്ല എന്നാണ് ജെസ്നയുടെ പിതാവും സഹോദരനും പറയുന്നത്. ഊഹാപോഹങ്ങൾ കേട്ടു മടുത്തു. പല തരത്തിലുള്ള കഥകളും പ്രചരിപ്പിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥർ പറയുന്ന കഥകൾക്ക് യുക്തിസഹമായ ഒരു തെളിവു ലഭിക്കുന്നില്ല.
കേസ് ആദ്യം അന്വേഷിച്ചത് ലോക്കൽ പൊലീസാണ്. അവർക്ക് യാതൊരു തുമ്പും കിട്ടിയിട്ടില്ല. ആരെയും സംശയവുമില്ല. പിന്നാലെ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ലോക്കൽ പൊലീസ് അവസാനിപ്പിച്ചിടത്ത് നിന്ന് ഒരിഞ്ചു പോലും മുന്നോട്ട് പോകാൻ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല. പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈഎസ്പി മുഹമ്മദ് കബീർ റാവുത്തറാണ് അന്വേഷണ ഉദ്യോഗസ്ഥൻ. സൈമണിന് കേസിന്റെ മേൽനോട്ടം മാത്രമാണുണ്ടായിരുന്നത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്