- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജെസ്ന രാജ്യം വിട്ടോ എന്നറിയാൻ നാലുവർഷത്തെ വിമാനടിക്കറ്റുകൾ പരിശോധിക്കാൻ സിബിഐ; വിവാഹിതയായി മറ്റൊരു സംസ്ഥാനത്തു കഴിയുന്നുണ്ടെന്ന സ്ഥിരിക്കാത്ത വിവരത്തിലും അന്വേഷണം നടത്തും; എരുമേലിയിൽ നിന്നും ജെസ്ന പോയ റൂട്ട്മാപ്പ് തേടി അന്വേഷണം
കൊച്ചി: എരുമേരിയിൽ നിന്നും 2018 മാർച്ചിൽ കാണാതായ ജെസ്‌ന എന്ന പെൺകുട്ടിക്ക് എന്തു സംഭവിച്ചു? ക്രൈംബ്രാഞ്ച് അന്വേഷണവും സിബിഐ അന്വേഷണവും വന്നിട്ടും ജെസ്‌ന എവിടെ എന്ന കാര്യത്തിൽ യാതൊരു എത്തുംപിടിയും ഉണ്ടായിട്ടില്ല. ഇതിനിടെ പലവിധത്തിലുള്ള അഭ്യൂഹങ്ങൾ പരക്കുമ്പോൾ അതേക്കുറിച്ചും അന്വേഷിക്കാൻ തയ്യാറെടുക്കുകയാണ് സിബിഐയും. ജെസ്ന ജെയിംസ് രാജ്യം വിട്ടുവോ എന്നു സ്ഥിരീകരിക്കാൻ സിബിഐ. ഇതിനായി വിമാനടിക്കറ്റുകൾ ഉൾപ്പെടെ പരിശോധിക്കുമെന്ന വാർത്തയാണ് ഒടുവിൽ പുറത്തുവരുന്നത്. മംഗളമാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.
2018 മാർച്ചിലാണ് ജെസ്നയെ കാണാതായത്. അന്നുമുതലുള്ള ടിക്കറ്റുകളാണു പരിശോധിക്കുന്നത്. ദക്ഷിണേന്ത്യയിലെ വിമാനത്താവളങ്ങൾ വഴി യാത്രചെയ്തവരുടെ വിവരങ്ങളാണ് ആദ്യം പരിശോധിക്കുക. കഴിഞ്ഞയാഴ്ച സിബിഐ. ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. അന്വേഷണം ഏറ്റെടുത്ത് ഒരു വർഷം പിന്നിട്ടശേഷമാണു പുതിയ നടപടി. കേസിൽ അന്വേഷണപുരോഗതി അറിയിക്കാൻ തിരുവനന്തപുരം സി.ജെ.എം. കോടതി നിർദ്ദേശിച്ചിരുന്നു. കഴിഞ്ഞ 12-ന് അന്വേഷണ ഉദ്യോഗസ്ഥനായ നന്ദകുമാരൻ നായർ സമർപ്പിച്ച എഫ്.ഐ.ആർ. കോടതി അംഗീകരിക്കുകയും ചെയ്തു.
ജെസ്ന രാജ്യം വിട്ടിട്ടില്ലെന്നും മറ്റൊരു സംസ്ഥാനത്തു വിവാഹിതയായി കഴിയുന്നുണ്ടെന്നുള്ള വിവരം സിബിഐ. സ്ഥിരീകരിച്ചിട്ടില്ല. ഇങ്ങനെയൊരു സംശയം അവിടുത്തെ സമീപവാസികളാണ് പൊലീസിനെ അറിയിച്ചത്. യുവതി രണ്ടു തവണ പ്രസവിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. എന്നാൽ, അന്വേഷണം വന്നതോടെ യുവതിയും കുടുംബവും അവിടം വിട്ടത്രേ. ബന്ധുവീട്ടിലേക്കെന്നു പറഞ്ഞ് 2018 മാർച്ചിൽ വീട്ടിൽനിന്ന് ഇറങ്ങിയ ജെസ്ന എരുമേലി വരെ ബസിൽ വന്നതിനു തെളിവുണ്ട്. പിന്നീട് കണ്ടിട്ടില്ല. അന്ന് 20 വയസായിരുന്നു പ്രായം. വ്യാജപേരിലും വിലാസത്തിലും രാജ്യംവിട്ടാലും കണ്ടെത്താനാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.
2021 ഫെബ്രുവരിയിലാണു കേസന്വേഷണം ഹൈക്കോടതി സിബി.ഐയെ ഏൽപ്പിച്ചത്. അതിനു മുമ്പ് ക്രൈംബ്രാഞ്ച് അന്വേഷമാണ് നടന്നത്. ജെസ്ന എവിടെയുണ്ടെന്ന് അറിയാമെന്ന് ഒരു ഘട്ടത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായ എ.ഡി.ജി.പി: ടോമിൻ ജെ. തച്ചങ്കരി പറഞ്ഞിരുന്നു. കൂടുതൽ വെളിപ്പെടുത്താനാകില്ലെന്നും പറഞ്ഞു. സമാനപ്രസ്താവന പത്തനംതിട്ട എസ്‌പിയായിരുന്ന കെ.ജി. സൈമൺ നടത്തിയെങ്കിലും ജെസ്ന ഇപ്പോഴും കാണാമറയത്തു തന്നെയാണ്.
മക്കുട്ടുതറയിൽ നിന്ന് കാണാതായ കോളജ് വിദ്യാർത്ഥിനി ജസ്ന മരിയ ജയിംസ് ചെന്നൈയിലെ മതപഠന കേന്ദ്രത്തിലുള്ളതായി വിവരം ലഭിച്ചുവെന്ന സൂചന നേരത്തെ പുറത്തു വന്നിരുന്നു. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെജി സൈമൺ നടത്തിയ രഹസ്യാന്വേഷണത്തിനൊടുവിലാണ് ഇത്തരമൊരു സൂചന ലഭിച്ചതെന്നും വിവരം പരസ്യമാക്കിയതോടെ അന്വേഷണം കുഴഞ്ഞു മറിഞ്ഞുവെന്നും വാർത്തകളുണ്ടായിരുന്നു.
ജെസ്‌നയുടെ തിരോധാനം ഇങ്ങനെ
2018 മാർച്ച് 22 ന് രാവിലെ 9.30 നാണ് ജെസ്‌നയെ കാണാതാകുന്നത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജിൽ രണ്ടാം വർഷ ബി കോം വിദ്യാർത്ഥിനിയാണ് ജെസ്‌ന. പതിഞ്ഞ സ്വഭാവം. അധികം ആരോടും സംസാരിക്കാറില്ല. അടുത്ത കൂട്ടുകാരികളും കുറവും. പൊതുവേ റിസർവ്ഡ് ടൈപ്പ്. കഴിഞ്ഞ ജൂലൈ അഞ്ചിന് അമ്മ പനി ബാധിച്ച് മരിച്ചതും അവളെ തളർത്തിയിരുന്നു. പക്ഷേ, അതത്ര തീവ്രമായി അവൾ ആരോടും അവതരിപ്പിച്ചിരുന്നുമില്ല. കോളജിലേക്ക് പോകുന്നത് സഹോദരൻ ജെയ്‌സ് ജോണിന്റെ ബൈക്കിന്റെ പിന്നിലിരുന്നാണ്. കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളജിലാണ് ജെയ്‌സ് പഠിക്കുന്നത്. ജെസ്‌ന വൈകിട്ട് നേരത്തേ ഇറങ്ങുന്നതിനാൽ ബസിന് വീട്ടിലേക്ക് മടങ്ങൂം. ജെസ്‌നയ്ക്ക് മൂത്ത ഒരു സഹോദരി കൂടിയുണ്ട്‌ജെഫിമോൾ.
ഇതാണ് പശ്ചാത്തലം. 22 ന് ജെസ്‌നയ്ക്ക് സ്റ്റഡി ലീവായിരുന്നു. പുസ്തകവുമായി വീടിന്റെ വരാന്തയിൽ ഇരുന്ന ജെസ്‌ന പഠിക്കുന്നത് അയൽവാസികൾ കണ്ടിരുന്നു. ഒമ്പതു മണിയോടെ ജെസ്‌ന ഒരു ഓട്ടോറിക്ഷയിൽ കയറി മുക്കൂട്ടുതറ ടൗണിലേക്ക് പോയി. മുക്കൂട്ടുതറയിൽ തന്നെയുള്ള അമ്മാവിയുടെ വീട്ടിലേക്ക് പോകുന്നുവെന്നാണ് ജെസ്‌ന ഓട്ടോഡ്രൈവറോടും അടുത്ത വീട്ടുകാരോടും പറഞ്ഞത്. മുക്കൂട്ടുതറ ടൗണിൽ ജെസ്‌നയെ ഡ്രൈവർ ഇറക്കി വിടുകയും ചെയ്തു. കുട്ടി ഓട്ടോയിൽ വന്ന് ടൗണിൽ ഇറങ്ങുന്നത് ചിലർ കണ്ടിരുന്നു. പിന്നെയാണ് ജെസ്‌നയെ കാണാതായത്.
ഇതു സംബന്ധിച്ച് അന്ന് രാത്രി ഏഴരയോടെ എരുമേലി സ്റ്റേഷനിൽ പിതാവും ബന്ധുക്കളും പരാതി നൽകി. എന്നാൽ, സംഭവം നടന്നത് വെച്ചൂച്ചിറ സ്റ്റേഷന്റെ പരിധിയിലായിരുന്നതിനാൽ കേസ് അവിടേക്ക് മാറ്റിയത് പിറ്റേന്ന് രാവിലെ എട്ടിന്. മൊബൈൽ ഫോൺ കാൾ ലിസ്റ്റ് പരിശോധിച്ചിട്ട് അസ്വാഭാവികതയില്ല. കൂട്ടുകാരെയെല്ലാം ചോദ്യം ചെയ്തു. ആർക്കും ജെസ്‌നയെ കുറിച്ച് എതിരഭിപ്രായമില്ല. സമീപദിവസങ്ങളിലൊന്നും അസ്വസ്ഥതകളോ അസ്വാഭാവികതയോ ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. ബന്ധുവീടുകളിളെല്ലാം നോക്കി. മൊബൈൽ ഫോൺ അടക്കം ഒരു സാധനവും ജെസ്‌ന എടുത്തിട്ടുമില്ല.
പിന്നെ കഥകളുടെ പ്രവാഹമായിരുന്നു. ജെസ്‌നയെ തമിഴ്‌നാട്ടിൽ കണ്ടു, ബംഗളൂരുവിൽ കണ്ടു, മലപ്പുറത്തെ പാർക്കിൽ കണ്ടു...ഇങ്ങനെ കിംവദന്തികളുടെ പിന്നാലെ പൊലീസ് നടന്നു വലഞ്ഞു. ബംഗളൂരുവിലെ ഒരു ആശ്രമത്തിൽ ജെസ്‌ന ചെന്നുവെന്ന വാർത്ത പുറത്തു വിട്ട് ആന്റോ ആന്റണി എംപിയും ഇളിഭ്യനായി. ഇതിനിടെ രണ്ടു അജ്ഞാതമൃതദേഹങ്ങൾക്ക് പിന്നാലെയും പൊലീസിന് പോകേണ്ടി വന്നു. ഒന്ന് ഇടുക്കി മുതിരപ്പുഴയാറ്റിൽ കണ്ട യുവതിയുടെ കാലായിരുന്നു. മറ്റൊന്ന് തമിഴ്‌നാട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ട മൃതദേഹവും. മുക്കൂട്ടുതറ, മുണ്ടക്കയം എന്നിവിടങ്ങളിലെ സിസിടിവികളിലും പലരും ജെസ്‌നയെ കണ്ടു.
പക്ഷേ, ഇതൊന്നും പൊലീസ് സ്ഥിരീകരിച്ചില്ല. ലോക്കൽ പൊലീസ് ആദ്യം അന്വേഷിച്ചു. പിന്നീട് സൈബർ സെല്ലിനെ കൂടി ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചു. സൈബർ സെൽ ലക്ഷക്കണക്കിന് കോളുകൾ പരിശോധിച്ച് ജെസ്‌ന രണ്ടാമതൊരു സിം ഉപയോഗിച്ചിരുന്നുവെന്ന് കണ്ടെത്തി. 10 ദിവസത്തിനുള്ളിൽ പിടിയിലാകുമെന്നും പറഞ്ഞു. എന്നാൽ, അവസാന നിമിഷം അവൾ വഴുതിപ്പോയി. എങ്കിലും പൊലീസ് ഒരു കാര്യം സ്ഥിരീകരിച്ചു. പെൺകുട്ടി ജീവനോടെയുണ്ട്. ഇതു തന്നെയാണ് സിബിഐയും പറയുന്നത്.
മറുനാടന് മലയാളി ബ്യൂറോ