തിരുവനന്തപുരം: നാലുവർഷം മുൻപ് കാണാതായ എരുമേലി വെച്ചൂച്ചിറ സ്വദേശിനി ജെസ്‌ന മരിയ ജയിംസ് സിറിയയിലാണെന്ന് കണ്ടെത്തിയിട്ടില്ലെന്ന് സിബിഐ വ്യക്തമാക്കിയ പശ്ചാത്തലത്തിൽ സിബിഐ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിന്റെ ഉള്ളടക്ക വിവരങ്ങൾ പുറത്തു വിടണമെന്ന ആവശ്യം ശക്തമാകുന്നു. ഇക്കാര്യത്തിൽ അന്വേഷണ സംഘം കൃത്യമായ വിവരങ്ങൾ പുറത്തു വിടാത്ത സാഹചര്യത്തിൽ ഈ ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കുമെന്നാണ് ക്രൈസ്തവ യുവജന സംഘടനകൾ പറയുന്നത്.

മുദ്രവച്ച കവറിൽ കോടതിയിൽ നൽകുന്ന വിവരങ്ങൾ പരാതിക്കാരനു നൽകണമെന്ന് സുപ്രീംകോടതി നിർദേശമുണ്ട്. ഇതനുസരിച്ച് വിവരം പരാതിക്കാരായ കാസയ്ക്കു ലഭ്യമാക്കണമെന്ന അപേക്ഷ സമർപ്പിക്കുമെന്നും കാസ പ്രസിഡന്റ് കെവിൻ പീറ്റർ മനോരമ ഓൺലൈനോടു വ്യക്തമാക്കി.

അതേസമയം, ജെസ്‌ന കേസിൽ ഇത്തരത്തിൽ യാതൊരു റിപ്പോർട്ടും സമർപ്പിച്ചിട്ടില്ലെന്നാണ് സിബിഐ വൃത്തങ്ങൾ നൽകുന്ന വിവരം. വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും സിബിഐ വ്യക്തമാക്കിയിട്ടുണ്ട്. അന്തിമ നിഗമനത്തിലെത്താൻ സാധിച്ചിട്ടില്ലെന്നും അറിയിച്ചിട്ടുണ്ട്. ജെസ്‌ന ചെന്നൈയിൽ താമസിക്കുന്നുണ്ടെന്ന വാർത്ത നേരത്തെയും സിബിഐ നിഷേധിച്ചിരുന്നു.

ജെസ്‌നയെ കണ്ടെത്തിയെന്നും മതപരിവർത്തനം നടത്തി സിറിയയിൽ താമസിക്കുകയാണെന്നും സമൂഹമാധ്യങ്ങളിൽ പ്രചരിച്ചിരുന്നു. ഇതേത്തുടർന്നാണ് സിബിഐയുടെ വിശദീകരണം. 2018 മാർച്ച് 22 നാണ് കൊല്ലമുള സന്തോഷ്‌കവല കുന്നത്തുവീട്ടിൽ ജെസ്‌നയെ കാണാതാകുന്നത്. മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവിന്റെ വീട്ടിലേക്കു പോകാനാണ് പറഞ്ഞ് ജെസ്‌ന വീട്ടിൽനിന്ന് ഇറങ്ങുകയായിരുന്നു.

ജെസ്‌ന കേസിൽ ശുഭവാർത്ത ഉണ്ടാകുമെന്നു നേരത്തെ കേസ് അന്വേഷണത്തിനിടെ എഡിജിപി ടോമിൻ തച്ചങ്കരിയും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയായിരുന്ന കെ.ജി. സൈമണും വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ജെസ്‌നയെ പൊലീസ് കണ്ടെത്തി എന്ന തരത്തിലുള്ള പ്രചാരണമുണ്ടായത്. അന്വേഷണ ഉദ്യോഗസ്ഥരിൽ ഒരാൾ ജെസ്‌നയെ കണ്ടെത്തിയെന്ന് അനൗദ്യോഗികമായി മാധ്യമങ്ങളോടു പറഞ്ഞതും ഇത്തരം വാർത്തകൾ പ്രചരിക്കുന്നതിലേയ്ക്കു കാര്യങ്ങളെ നയിച്ചു. ഉദ്യോഗസ്ഥൻ ജോലിയിൽ നിന്നു വിരമിച്ചിട്ടും ഇക്കാര്യത്തിൽ കൃത്യമായ മറുപടി നൽകാൻ സാധിച്ചില്ല.

ജെസ്‌നയെ പൊലീസ് കണ്ടെത്തിയതോടെ ഒരു വിഭാഗം ആളുകൾ ഇവരെ വിദേശത്തേക്കു കടത്തി എന്നമട്ടിലായിരുന്നു പുതിയ പ്രചാരണങ്ങൾ. ജെസ്‌ന ഇപ്പോൾ രണ്ടു കുട്ടികളുടെ അമ്മയാണെന്നും പൊലീസ് സംഘം എത്തിയപ്പോഴേക്കു മുങ്ങിയെന്നും വരെ പ്രചാരണങ്ങളുണ്ടായി. എന്നാൽ ജെസ്‌നയ്ക്കായി സിബിഐ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിട്ടുള്ള സാഹചര്യത്തിൽ രാജ്യം വിടാനുള്ള സാധ്യതകൾ അന്വേഷണ സംഘം തള്ളിക്കളയുന്നു.

2018 മാർച്ച് 22നാണ് മുക്കൂട്ടുതറയിലെ വീട്ടിൽ നിന്നു ബന്ധുവീട്ടിലേക്കെന്നു പറഞ്ഞു വിദ്യാർത്ഥിനിയായ ജെസ്‌ന പോകുന്നത്. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും ഫലം കാണാതെ വന്നതോടെയാണ് ഹൈക്കോടതി അന്വേഷണം സിബിഐയെ ഏൽപിക്കുന്നത്. ജെസ്‌നയെ കണ്ടെത്തുന്നവർക്കു പാരിതോഷികം പ്രഖ്യാപിക്കുന്ന സാഹചര്യവുമുണ്ടായി. വിവിധ സംസ്ഥാനങ്ങളിൽ നിന്നു ജെസ്‌നയെ കണ്ടെത്തിയെന്നു പറഞ്ഞു ഫോൺ കോളുകൾ വന്നെങ്കിലും ആർക്കും കൃത്യമായ വിവരം നൽകാനായില്ല.