പത്തനംതിട്ട: ജെസ്‌നാ മരിയ എവിടെ? കഴിഞ്ഞ നാലു വർഷമായി പൊലീസും കേരളത്തിലെ പൊതുസമൂഹവും ചോദിക്കുന്ന ചോദ്യമാണിത്. ഇപ്പോൾ കിട്ടും എന്ന മട്ടിൽ ലോക്കൽ പൊലീസും, ക്രൊം ബ്രാഞ്ചും പിന്നീട് സിബിഐയും അന്വേഷണം നടത്തിയെങ്കിലും ഫലം കണ്ടില്ല.

കേസിൽ ശുഭവാർത്തയുണ്ടാകുമെന്ന് ക്രൈംബ്രാഞ്ച് മുൻ എഡിജിപി ടോമിൻ തച്ചങ്കരിയും പത്തനംതിട്ട മുൻ ജില്ലാ പൊലീസ് മേധാവി കെ ജി സൈമണും വെളിപ്പെടുത്തിയെങ്കിലും പിന്നീട് ഇവരും മൗനം ജെസ്‌നാ കേസിൽ മൗനം പാലിച്ചു. ലോകത്തിന്റെ ഏതു കോണിലേക്കു പോയവരെയും ശാസ്ത്രീയ അന്വേഷണത്തിലൂടെ കണ്ടെത്താൻ കഴിയുന്ന വൈദഗ്ദ്ധ്യം ഉണ്ട് എന്നവാകാശപ്പെടുന്ന പൊലീസിനും സിബിഐക്കും ഇത് അഭിമാനപ്രശ്‌നമാണ് ഇപ്പോൾ.

191 രാജ്യങ്ങളിൽ ജെസ്‌നയുടെ യൊലോ നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ഏജൻസികളെ വിവരം ധരിപ്പിപ്പിക്കുകയും സഹായം അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് സിബിഐ വൃത്തങ്ങൾ നൽകുന്ന സൂചന. സിറിയയിലെക്ക് ജെസ്‌നയെ കടത്തിയതാണ് എന്ന രീതിയിലുള്ള പ്രചരണം അക്കാലത്ത് സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ഇത് മുഖവിലയ്ക്കെടുത്തും അന്വേഷണസംഘം വിവരങ്ങൾ ശേഖരിക്കുന്നുണ്ട് എങ്കിലും കൃത്യമായ നിഗമനത്തിലേക്ക് എത്തി ചേർന്നിട്ടില്ല.

2018 മാർച്ച് 22ന് മുണ്ടക്കയത്തെ പിതൃസഹോദരിയുടെ വീട്ടിലേക്കെന്നു പറഞ്ഞാണ് ജെസ്‌ന പുറപ്പെട്ടത്. വെച്ചൂച്ചിറ കൊല്ലമുള കുന്നത്ത് വീട്ടിൽ ജെയിംസ് ജോസഫിന്റെ മകളായ ജെസ്‌ന കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിനിക്‌സ് കോളജിൽ രണ്ടാം വർഷ ബികോം വിദ്യാർത്ഥിയായിരുന്നു.കാണാതായ അന്നു രാത്രി തന്നെ ജെയിംസ് എരുമേലി പൊലീസ് സ്റ്റേഷനിലും പിന്നീട് വെച്ചുച്ചിറ പൊലീസിലും പരാതി നൽകി. പഠിക്കാനുള്ള പുസ്തകങ്ങൾ അല്ലാതെ മറ്റൊന്നും ജെസ്‌ന കൈയിൽ കരുതിയിട്ടില്ലായിരുന്നു.

വീട്ടിൽ നിന്ന് ഓട്ടോറിക്ഷയിൽ മൂന്നര കിലോമീറ്റർ അകലെയുള്ള മുക്കൂട്ടുതറയിലെത്തുകയും അവിടെ നിന്ന് മുണ്ടക്കയത്തേക്കുള്ള ബസിൽ കയറിയതുമാണ് പൊലീസിന് ലഭിച്ച ഏക തെളിവ്. ജെസ്ന പോകാൻ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും വെച്ചൂച്ചിറ പൊലീസ് അന്വേഷിച്ചു. മുണ്ടക്കയം പുഞ്ചവയലിലെ സുഹൃത്തിനൊപ്പം പോയതാണെന്നുള്ള പ്രചാരണത്തെ തുടർന്നു സഹപാഠിയെ ചോദ്യം ചെയ്‌തെങ്കിലും സംഭവത്തിൽ കാര്യമില്ലെന്നു ബോധ്യപ്പെട്ടു. ഒരു ലക്ഷത്തിലധികം ഫോൺ കോളുകളാണു പൊലീസ് പരിശോധിച്ചത്.

ആദ്യം ലോക്കൽ പൊലീസും പിന്നീട് ഐ ജിയുടെ നേതൃത്വത്തിലുള്ള സംഘവും അന്വേഷണം നടത്തി. ജെസ്‌നയുടെ വാട്‌സ്ആപ്പും മൊബൈൽ ഫോണുമൊക്കെ പൊലീസ് പരിശോധിച്ചെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.തുടർന്ന് കേസ് ഏറ്റേടുത്ത ക്രെംബ്രാഞ്ച് ബെംഗളൂരു, മംഗലാപുരം, പൂണെ, ഗോവ, ചെന്നൈ എന്നിവിടങ്ങളിലെല്ലാം അന്വേഷണം നടത്തി. നാലായിരത്തിലധികം ഫോൺ കോളുകൾ പരിശോധിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ വിവരശേഖരണപ്പെട്ടി സ്ഥാപിക്കുകയും എന്തെങ്കിലും വിവരങ്ങൾ കൈമാറുന്നവർക്ക് ഡിജിപി 5 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.

ലോക്കൽ പൊലീസും ക്രൈം ബ്രാഞ്ചും അന്വേഷിച്ചിട്ടും കേസിൽ യാതൊരു പുരോഗതിയും ഇല്ലാത്ത സാഹചര്യത്തിൽ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അഭിജിത്, ജെസ്‌നയുടെ സഹോദരൻ ജെയ്‌സ് ജോൺ എന്നിവർ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകി. ഇത് പരിഗണിച്ച ഹൈക്കോടതി കേസ് സിബിഐക്ക് കൈമാറാൻ ഉത്തരവിടുകയായിരുന്നു. അന്വേഷണം ഏറ്റെടുത്ത സിബിഐ തിരുവനന്തപുരം യൂണിറ്റ് സമർപ്പിച്ച എഫ്‌ഐആറിൽ ജെസ്‌നയെ തട്ടിക്കൊണ്ടു പോയതാകാമെന്നാണ് പറയുന്നത്. തിരുവനന്തപുരത്തെ സിബിഐ പ്രത്യേക കോടതി മുമ്പാകെ സിബിഐ തിരുവനന്തപുരം മേധാവി നന്ദകുമാർ നായർ ആണ് എഫ്‌ഐആർ സമർപ്പിച്ചത്. എന്നാൽ, എഫ്ഐആറിൽ പ്രതികളുടെ പേരോ മറ്റു സൂചനകളോ ഇല്ല.

ജെസ്‌നയെ വ്യാജ പാസ്‌പോർട്ടിൽ വിദേശത്തേക്ക് മതതീവ്രവാദികൾ കടത്തിയതായി സംശയമുണ്ടെന്നും ജെസ്‌നയുടെ തിരോധാനത്തിന് പിന്നിൽ ഗൗരവകരമായ ചില വിഷയങ്ങൾ ഉണ്ടെന്നും ഇതിൽ അന്തർ സംസ്ഥാന കണ്ണികൾ ഉണ്ടെന്നും എഫ്‌ഐആറിൽ സിബിഐ.
ദൃക്‌സാക്ഷികളില്ലാത്ത ഈ കേസിൽ സാഹചര്യത്തെളിവുകൾ മാത്രമുള്ളതിനാൽ തെളിവുകൾ കൂടുതൽ കണ്ടെത്തണമെന്നും അതിനു കൂടുതൽ സമയം ആവശ്യമാണെന്നും സിബിഐ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

എഫ്‌ഐആറിൽ സമർപ്പിക്കുന്ന വിവരങ്ങൾ ചോരാൻ സാധ്യതയുള്ളതിനാൽ പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ട നിർണായക വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താൻ സാധിക്കില്ലെന്നും വെളിപ്പെടുത്തിയാൽ അത് കേസിന്റെ സുഗമമായ അന്വേഷണത്തെ ബാധിക്കുമെന്നും സംശയിക്കപ്പെടുന്ന വ്യക്തികൾ ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്നും ചില പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും എല്ലാവിധ തെളിവുകളോട് കൂടി പ്രതികൾ പിടിയിലാകുമെന്നും സിബിഐയുടെ എഫ്‌ഐആറിൽ പറയുന്നുണ്ട്. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും ജസ്‌നയുടെ കുടുംബത്തിന് ഉത്തരം നൽകാനായിട്ടില്ല എന്നത് സിബിഐയുടെ വിശ്വാസ്യതയ്ക്ക് മങ്ങലേപ്പിക്കുന്നു.