- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാടുമുഴുവൻ തേടി അലയുമ്പോഴും ജസ്നേ നീ എവിടെയാണ്? നിന്നസ്സാന്നിധ്യം പകരുന്ന വേദനയിൽ ആ മൃദുശബ്ദം ഒന്നുകേൾക്കാൻ വീട്ടുകാർ കൊതിക്കുന്നുണ്ടെന്ന് നീ അറിയുന്നില്ലയോ? തിരോധാനം 55 നാൾ പിന്നിടുമ്പോഴും കിംവദന്തികൾ പടരുമ്പോഴും പ്രാർത്ഥനയോടെ ഒരുകുടുംബം; മുക്കൂട്ടുതറക്കാർ മാത്രമല്ല കേരളം മുഴുവനും ജസ്ന എവിടെയെന്ന് ചോദിക്കവേ അവൾ അവസാനം കണ്ട വഴികളിലൂടെ മറുനാടൻ നടത്തിയ യാത്ര
കോട്ടയം: അൻപത് ദിവസം മുമ്പ്... കൃത്യമായി പറഞ്ഞാൽ മാർച്ച് 22 ന് രാവിലെ 9.30 ന് മുക്കൂട്ടുതറ ജംഗ്ഷനിൽ ഓട്ടോറിക്ഷയിൽ വന്നിറങ്ങിയ ജസ്ന എങ്ങോട്ടാണ് പോയത് ? സന്തോഷ് കവലയിലെ സ്വന്തം വീട്ടിൽനിന്നും അവൾ രാവിലെയിറങ്ങിയത് സന്തോഷത്തോടെ തന്നെയായിരുന്നു. അമ്മയുടെ മരണം ഏൽപ്പിച്ച മുറിവ് മനസിൽനിന്നും മായാതിരുന്നിട്ടും അവളെ കരയിപ്പിക്കാതിരുന്നത് സഹോദരങ്ങളോടും കൂട്ടുകാരോടും ബന്ധുക്കളോടും ഒക്കെയുള്ള ഇഷ്ടംകൊണ്ടു തന്നെയായിരുന്നു. പുഞ്ചവയലിലെ പിതൃസഹോദരന്റെ വീട്ടിലേക്ക് പോകാൻ മുക്കൂട്ടുതറയിൽ നിന്ന് ബസിൽ കയറുമ്പോൾ ആരുമറിഞ്ഞിരുന്നില്ല അവളെ തേടി ഈ നാടുമുഴുവൻ ഇങ്ങനെ അലയുമെന്ന്. എവിടെപ്പോയതാണ് ജസ്ന? കൂട്ടുകാരും വീട്ടുകാരും മുക്കൂട്ടുതറക്കാരും മാത്രമല്ല കേരളം മുഴുവൻ ഇപ്പോൾ ചോദിക്കുകയാണ്. അവളുടെ കണ്ണടയ്ക്കുള്ളിൽ ഒളിപ്പിച്ച നിഷ്‌കളങ്കമായ പുഞ്ചിരിയും വേണ്ടതുമാത്രം അളന്നുതൂക്കി സംസാരിക്കുന്ന പ്രകൃതവും ഈ കാണാതാകൽ സങ്കടത്തിന്റെ പെരുമഴയായും പെയ്യുന്നു. ചിലർ പറയുന്നു, അവളെ ആരോ തട്ടിക്കൊണ്ടുപോയതാണെന്ന്. മറ്റുചിലർ പറയുന്നു ആര
കോട്ടയം: അൻപത് ദിവസം മുമ്പ്... കൃത്യമായി പറഞ്ഞാൽ മാർച്ച് 22 ന് രാവിലെ 9.30 ന് മുക്കൂട്ടുതറ ജംഗ്ഷനിൽ ഓട്ടോറിക്ഷയിൽ വന്നിറങ്ങിയ ജസ്ന എങ്ങോട്ടാണ് പോയത് ? സന്തോഷ് കവലയിലെ സ്വന്തം വീട്ടിൽനിന്നും അവൾ രാവിലെയിറങ്ങിയത് സന്തോഷത്തോടെ തന്നെയായിരുന്നു. അമ്മയുടെ മരണം ഏൽപ്പിച്ച മുറിവ് മനസിൽനിന്നും മായാതിരുന്നിട്ടും അവളെ കരയിപ്പിക്കാതിരുന്നത് സഹോദരങ്ങളോടും കൂട്ടുകാരോടും ബന്ധുക്കളോടും ഒക്കെയുള്ള ഇഷ്ടംകൊണ്ടു തന്നെയായിരുന്നു. പുഞ്ചവയലിലെ പിതൃസഹോദരന്റെ വീട്ടിലേക്ക് പോകാൻ മുക്കൂട്ടുതറയിൽ നിന്ന് ബസിൽ കയറുമ്പോൾ ആരുമറിഞ്ഞിരുന്നില്ല അവളെ തേടി ഈ നാടുമുഴുവൻ ഇങ്ങനെ അലയുമെന്ന്.
എവിടെപ്പോയതാണ് ജസ്ന? കൂട്ടുകാരും വീട്ടുകാരും മുക്കൂട്ടുതറക്കാരും മാത്രമല്ല കേരളം മുഴുവൻ ഇപ്പോൾ ചോദിക്കുകയാണ്. അവളുടെ കണ്ണടയ്ക്കുള്ളിൽ ഒളിപ്പിച്ച നിഷ്‌കളങ്കമായ പുഞ്ചിരിയും വേണ്ടതുമാത്രം അളന്നുതൂക്കി സംസാരിക്കുന്ന പ്രകൃതവും ഈ കാണാതാകൽ സങ്കടത്തിന്റെ പെരുമഴയായും പെയ്യുന്നു. ചിലർ പറയുന്നു, അവളെ ആരോ തട്ടിക്കൊണ്ടുപോയതാണെന്ന്. മറ്റുചിലർ പറയുന്നു ആരോടും പരാതി പറയാതെ അവൾ സ്വയം ഒടുങ്ങിയെന്ന്... വേറെ ചിലർ പറയുന്നു അവൾ കാമുകനൊപ്പം എവിടെയോ സുഖമായി ജീവിക്കുന്നെന്ന്.
എന്നാൽ ജസ്നയെ അറിയുന്ന ആരും ഇതൊന്നും വിശ്വസിക്കുന്നില്ല. കാരണം, ഈ ബ്രായ്ക്കറ്റിലൊന്നും ഉൾപ്പെടുത്താൻ കഴിയുന്ന സ്വഭാവ സവിശേഷതകളൊന്നും അവൾക്കില്ലായിരുന്നു. അതുകൊണ്ടുതന്നെ തെളിവുകൾ കണ്ടേ നിഗമനത്തിലെത്തൂ എന്ന വാശിയിലാണ് ജസ്നയുടെ കൂട്ടുകാരും നാട്ടുകാരും. ജസ്നയെ അവസാനം കണ്ട വഴികളിലൂടെ മറുനാടൻ മലയാളി ഒരു യാത്ര നടത്തി. അവളുടെ ഓർമ്മകളാണ് എങ്ങും. ഇന്നല്ലെങ്കിൽ നാളെ തനിക്കെന്ത് സംഭവിച്ചു എന്ന് അവൾ തന്നെ തുറന്നുപറയുമെന്ന് എല്ലാവരും കരുതുന്നു.
കോട്ടയം, പത്തനംതിട്ട ജില്ലകളുടെ അതിർത്തി സംഗമിക്കുന്ന ചെറുപട്ടണമായ മുക്കൂട്ടുതറയിൽ നിന്നായിരുന്നു ഞങ്ങളുടെ യാത്രയുടെ തുടക്കം. അവിടെ നിന്നായിരുന്നുവല്ലോ ജസ്ന കാണാമറയത്തേക്ക് പടിചവിട്ടി കയറിപ്പോയത്. മുക്കൂട്ടുതറ ടൗണിൽ നിന്നും ചാത്തൻതറയ്ക്കുള്ള വഴിയേ ഇരുനൂറു മീറ്റർ മുൻപോട്ടു പോയപ്പോൾ സന്തോഷ്‌കവലയ്ക്കുള്ള ചെറു റോഡ് കയറ്റം കയറി പോവുകയാണ്. സന്തോഷ് കവലയിലെ കുന്നത്തുവീട്ടിൽ ചെല്ലുമ്പോൾ നിശബ്ദത തളം കെട്ടി നിന്നിരുന്നു.
വിങ്ങിയ ഹൃദയത്തോടെ ജെയിംസും മകൾ ജസിയും
ജസ്നയുടെ അസാന്നിധ്യം ആ വീടിന് സമ്മാനിച്ചത് വിഷാദം മാത്രമാണ്. മകളുടെ തിരോധാനത്തെക്കുറിച്ച് പറയുമ്പോൾ പിതാവ് ജെയിംസ് ജോസഫ് വിതുമ്പുന്നുണ്ടായിരുന്നു. എവിടെയോ അവൾ ജീവിച്ചിരിക്കുന്നുണ്ടെന്ന വിശ്വാസം ശരിയായിരിക്കണേ എന്നു മാത്രമാണ് ജെയിംസിന്റെ പ്രാർത്ഥന.
കൂടെപ്പിറപ്പിനെ കാണാത്ത വേദനയിൽ സഹോദരി ജസിയുടെ ഹൃദയവും വിങ്ങുകയാണ്. ആ വീട്ടിൽ നിന്നിറങ്ങുമ്പോൾ ജസ്നക്ക് എന്തു സംഭവിച്ചിരിക്കും എന്നതുമാത്രമായിരുന്നു ഞങ്ങളുടെയും ചിന്ത. അയൽക്കാരോടും നാട്ടുകാരോടും അന്വേഷിച്ചു, പക്ഷെ ക്യാമറയ്ക്കുമുന്നിൽ ഒന്നും പറയാൻ അവരാരും തയ്യാറായിരുന്നില്ല. പൊലീസ് കേസ് ഭയക്കുന്നവർ മുതൽ ജസ്നയെക്കുറിച്ച് പറയുമ്പോൾ വിതുമ്പിക്കരയുന്നവർ വരെ അക്കൂട്ടത്തിലുണ്ടായിരുന്നു.
ജസ്‌ന കണ്ട വഴികളിലൂടെ..
അവിടെ നിന്നും ഞങ്ങൾ നടന്നു.... മുണ്ടക്കയത്തുള്ള അമ്മായിയുടെ വീട്ടിലേക്കെന്നുപറഞ്ഞ് ജസ്ന ഇറങ്ങി നടന്ന അതേ വഴിയിലൂടെ... ജംഗ്ഷനിലെത്തി ഓട്ടോയിൽ കയറി ജസ്ന എത്തിയത് മുക്കൂട്ടുതറയെന്ന ഈ ചെറു പട്ടണത്തിലാണ്. ഇവിടെ നിന്ന് തോംസൺ ബസിൽ കയറി അവൾ എരുമേലിയിലെത്തി.. ബസ് സ്റ്റാൻഡിൽ അൽപ്പനേരം നിന്നശേഷം ശിവഗംഗയെന്ന ഈ ബസിൽ കയറിയതിനപ്പുറം ജസ്നയെക്കുറിച്ച് ആർക്കും ഒന്നുമറിയില്ല...
ജസ്ന ബന്ധുവീട്ടിൽ എത്തിയില്ലെന്ന് വീട്ടുകാരറിയുന്നത് വൈകിട്ടാണ്... പിന്നെ അന്വേഷണങ്ങളായിരുന്നു, ഫോണിലും നേരിട്ടും.. ജസ്ന പോകാൻ സാധ്യതയുള്ളിടങ്ങളിലെല്ലാം വീട്ടുകാർ ബന്ധപ്പെട്ടു. രാത്രി പത്തുമണിയോടെ എരുമേലി പൊലീസിനെയും രാവിലെ വെച്ചൂച്ചിറ പൊലീസിനെയും അറിയിച്ചു... പരാതി നൽകി..
ജസ്‌നയുടെ തിരോധാനം അന്വേഷിക്കുന്നതിന് പ്രധാന തടസം ആധുനിക ഇലക്ട്രോണിക് മാധ്യമങ്ങളുമായി ബന്ധമില്ലാത്ത ഒരാളുടെ തിരോധാനമെന്നതായിരുന്നു.... പഴയ നോക്കിയ 1100 മോഡൽ മൊബൈൽ ഫോൺ ആയിരുന്നു ജസ്നയുടേത്. അമ്മയുടെ മരണത്തിലൂടെ ഏകാന്തതയും അതിലൂടെ പകർന്ന വിഷാദ ചിന്തയും ഒഴിച്ചാൽ ജസ്‌നയെ മറ്റു പ്രശ്നങ്ങൾ അലട്ടിയിരുന്നില്ലെന്ന് അന്വേഷണത്തിൽ മനസിലായി....
പൊലീസ് അന്വേഷണം
ഇതിനിടെ പീരുമേട്ടിലെ വിനോദസഞ്ചാര കേന്ദ്രമായ പരുന്തുംപാറയിലെ കൊക്കയിലും പരിസരത്തും മുപ്പതു പൊലീസുകാർ വനംവകുപ്പിന്റെ സഹായത്തോടെ തെരച്ചിൽ നടത്തി. എഡിജിപി സന്ധ്യ നേരിട്ട് അന്വേഷിച്ചിട്ടും പക്ഷെ തുമ്പൊന്നും ലഭിച്ചില്ല. വീട്ടുകാരും നാട്ടുകാരും തങ്ങളാലാവുംവിധം കഴിയുന്നിടത്തെല്ലാം അന്വേഷിച്ചു. പക്ഷെ നിരാശയായിരുന്നു ഫലം. ഒരു മാസം പിന്നിട്ടതോടെ നാടും നാട്ടുകാരും സഹപാഠികളും പ്രക്ഷോഭത്തിന്റെ പാതയിറങ്ങി. കേരള ജനപക്ഷത്തിന്റെ നേതൃത്വത്തിൽ നൂറുകണക്കിന് നാട്ടുകാർ തെരുവിലിറങ്ങി. മുണ്ടക്കയം-ഭരണിക്കാവ് ദേശീയപാത ഉപരോധിച്ചു. അന്വേഷണം ഉടൻ ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കണമെന്ന ആവശ്യം എങ്ങും മുഴങ്ങി. എസ് ഡി കോളേജിലെ സഹപാഠികളും വെറുതേയിരുന്നില്ല, അവരും പ്രതിഷേധിച്ചു. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മനുഷ്യച്ചങ്ങലയും ഒപ്പുശേഖരണവും നടത്തി, മുഖ്യമന്ത്രിക്ക് നിവേദനവും നൽകി.
പക്ഷെ പ്രത്യേകിച്ച് ഫലമൊന്നുമുണ്ടായില്ല. അന്വേഷണം പിന്നെയും നീണ്ടു. കുടുംബാംഗങ്ങൾ പൊലീസിന് നൽകിയ നിർണായക വിവരങ്ങൾ അവഗണിച്ചുവെന്നും ജസ്നയുടെ സഹോദരിക്ക് ലഭിച്ച രണ്ട് അജ്ഞാത ഫോൺ വിളികളെക്കുറിച്ച് അന്വേഷിച്ചില്ലെന്നും ഇതിനിടെ പരാതിയുമുയർന്നു.
സഹായം തേടി ഫേസ്‌ബുക്കിൽ
അങ്ങനെ പ്രതീക്ഷകൾ നഷ്ടപ്പെട്ടുതുടങ്ങിയ കുടുംബം ഫേസ്‌ബുക്ക് ലൈവിലൂടെ അഭ്യർത്ഥനയുമായി നാൽപ്പത്തിനാലാം ദിവസം രംഗത്തെത്തി. സഹോദരൻ ജെയ്സ് ജോണും സഹോദരിയുമാണ് ജസ്നയെ കണ്ടെത്താൻ സഹായിക്കണമെന്നഭ്യർത്ഥിച്ച് ഫേസ്‌ബുക്ക് ലൈവിലെത്തിയത്. ജസ്നയെയും കുടുംബത്തെയുംകുറിച്ച് മോശമായി പറയുന്നവർ സത്യാവസ്ഥ മനസിലാക്കണമെന്ന അപേക്ഷയും അവർക്കുണ്ടായിരുന്നു. തൊട്ടുപിന്നാലെകേസന്വേഷണത്തിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി ഉത്തരവിട്ടു.
മുഖ്യമന്ത്രിയുടെ ഇടപെടൽ
കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ മാത്യു അറയ്ക്കൽ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനവും തീരുമാനത്തിന് കാരണമായി. ഇതിനിടെയാണ് ജസ്നയെ ബംഗലുരുവിൽ കണ്ടെത്തി എന്ന വിവരമെത്തിയത്. വാഹനാപകടത്തിൽ പരുക്കേറ്റ് നിംഹാൻസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു എന്നായിരുന്നു സന്ദേശം. ബംഗളുരുവിലെ ആശ്രയഭവനിലെത്തിയിരുന്നു ജസ്നയെന്നും അഭ്യൂഹങ്ങൾ പരന്നു. തൃശൂർ സ്വദേശിയായ സമ്പന്ന യുവാവിനൊപ്പം ജസ്ന ബംഗളുരുവിലേക്ക് പോയെന്നും അവിടെ വച്ച് ഇവർ സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടെന്നും അഭ്യൂഹങ്ങളുണ്ടായി. പൊലീസ് സംഘം ഉടൻ തന്നെ മടിവാളയിലെ ആശ്വാസഭവനിലും നിംഹാൻസിലും എത്തിയെങ്കിലും അവിടങ്ങളിലൊന്നും ജസ്ന എത്തിയതിന് തെളിവുകളൊന്നും ലഭ്യമായില്ല. ആന്റോ ആന്റണി എംപിയും വിഷയത്തിൽ ഇടപെട്ടിരുന്നു. ഇതോടൊപ്പം തിരുവല്ലയിലെ കല്യാണപാർട്ടിയിൽ ജസ്നയെയും യുവാവിനെയും കണ്ടുവെന്ന ചിത്രങ്ങളും കഥകളും പ്രചരിച്ചെങ്കിലും അതും വ്യാജമായിരുന്നു എന്ന് തെളിഞ്ഞു.
മഴ കനക്കുമ്പോഴും അവൾ കാണാമറയത്ത്
ഈ ബസ് സ്റ്റാൻഡിൽ നിന്ന് അവൾ എവിടേക്കായിരിക്കും പോയത്.... ചോദ്യത്തിനുത്തരം തേടി ഞങ്ങൾ ജസ്ന പഠിച്ചിരുന്ന കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജിലേക്ക് വണ്ടികയറി. മഴ കനക്കുന്നുണ്ടായിരുന്നു.. അധികമാരോടും സംസാരിക്കാത്ത പ്രക്യതമായിരുന്നു ജസ്നയ്ക്ക്. അതുകൊണ്ടുതന്നെ സുഹൃത്തുക്കളും കുറവായിരുന്നു. പക്ഷെ ജസ്നയെവിടെയെന്ന് ഇന്ന് സഹപാഠികൾ ഒറ്റക്കെട്ടായി ചോദിക്കുന്നു.. സങ്കടപ്പെടുന്നു... അവധിക്കാലമാണെങ്കിലും വിദ്യാർത്ഥികൾ ഇപ്പോഴും ജസ്നയ്ക്കുവേണ്ടി സംസാരിച്ചുകൊണ്ടേയിരിക്കുകയാണ്..
സ്നേഹത്തെക്കുറിച്ചും നന്മയെക്കുറിച്ചും മാത്രമാണ് നീ പോയ വഴികളിലെല്ലാം ഞങ്ങൾക്ക് നിന്നെക്കുറിച്ച് കാണാനും കേൾക്കാനുമായത്... ഒരു നാടുമുഴുവൻ നിന്നെക്കുറിച്ചോർത്ത് സങ്കടപ്പെടുന്നു, വേദനിക്കുന്നു.. ഏവർക്കും ഇത്രയും പ്രിയങ്കരിയായ നീയെന്തിനാണ് ആരോടും പറയാതെ എവിടേക്കോ പോയത്... ?