ചങ്ങനാശ്ശേരി: മൊബൈൽ നമ്പർ ലൈംഗികത്തൊഴിലാളിയുടേതെന്ന പേരിൽ പ്രചരിപ്പിച്ചതോടെ ജീവിതം വഴിമുട്ടി വീട്ടമ്മ സ്വന്തം കഥ പറയുകയാണ്. ഈ കണ്ണീരിന് സമാധാനം ഉണ്ടാക്കാൻ പൊലീസിനും കഴിയുന്നില്ല. കുടുംബം പോറ്റാൻ തയ്യൽജോലി ചെയ്യുന്ന വാകത്താനം സ്വദേശിനിക്കാണ് ഈ ദുരവസ്ഥ.

പലരും വിളിക്കുന്നു. മെസേജുകൾ അയക്കുന്നു. എല്ലാം അശ്ലീലം.. എന്നിട്ടും പൊലീസിന് പരാതി കൊടുത്തിട്ട് നടപടികൾ എടുക്കുന്നില്ല. 'എന്നെ ജീവിക്കാനനുവദിക്കൂ. ഞാൻ മോശക്കാരിയായ സ്ത്രീയല്ല. എന്നെ അങ്ങനെയാക്കാൻ ഞാൻ അനുവദിക്കില്ല. എന്റെ മക്കളെ ഞാൻ കഷ്ടപ്പെട്ടാണ് പഠിപ്പിക്കുന്നത്. അതിനും സമ്മതിക്കില്ലെന്നുവച്ചാൽ പിന്നെ ഞാനെന്ത് ചെയ്യും.'-ഇതാണ് അവർക്ക് പറയാനുള്ളത്. മാതൃഭൂമിയോട് ക്യാമറയ്ക്ക് മുന്നിലെത്തി തന്നെ ജെസി സ്വന്തം കഥ പറഞ്ഞു. ഒരു നിവർത്തിയില്ലാതെയാണ് ഈ അമ്മ വേദന പറയുന്നത്.

ഇവരുടെ മൊബൈൽ നമ്പർ ചില സാമൂഹികവിരുദ്ധരാണ് തെറ്റായ രീതിയിൽ പ്രചരിപ്പിച്ചത്. ഇത് ശൗചാലയങ്ങളിലും മറ്റും എഴുതിവെയ്ക്കുകയും ചെയ്തു. പൊലീസിൽ പലവട്ടം പരാതി നൽകിയെങ്കിലും ചെറിയ നടപടിപോലുമില്ലാതെ വന്നതോടെ ഇനിയെന്ത് എന്നാണ് ഇവരുെട ചോദ്യം. ഫോണിലേക്ക് വിളിക്കുന്നവർക്കെതിരെ കേസെടുക്കാൻ പൊലീസിന് കഴിയും. സ്ത്രീത്വത്തെ അപമാനിക്കുന്നതുകൊണ്ട് തന്നെ ജാമ്യമില്ലാ കേസും എടുക്കാം. പക്ഷേ ഇതൊന്നും പൊലീസിന് താൽപ്പര്യമില്ല.

കുടുംബം പോറ്റാൻ തയ്യൽജോലി ചെയ്യുകയാണ് അവർ. പല സ്റ്റേഷനുകളിൽ മാറിമാറി പരാതി നൽകിയെങ്കിലും അവർ നിർദേശിക്കുന്നത് ഒന്നുമാത്രമാണ്. നമ്പർ മാറ്റുകയെന്ന്. വസ്ത്രം തുന്നിനൽകുന്ന ജോലി വർഷങ്ങളായി ചെയ്യുന്നതിനാൽ നമ്പർ മാറ്റുന്നത് തന്റെ ജോലിയെ ബാധിക്കില്ലേയെന്ന് ഇവർ ചോദിക്കുന്നു. അതാണ് ഫോൺ നമ്പർ മാറ്റാൻ കഴിയാത്തതിന് കാരണവും.

ഓരോ നിമിഷവും ശല്യപ്പെടുത്തി വരുന്ന വിളികളാണ് ഇവരെ വലയ്ക്കുന്നത്. ഇത്തിത്താനം കുരിട്ടിമലയിലാണ് തയ്യൽസ്ഥാപനം നടത്തുന്നത്. ഒൻപതുമാസമായി ഫോൺ ശല്യം തുടങ്ങിയിട്ട്. സഹികെട്ട് വീട്ടമ്മ സാമൂഹിക മാധ്യമത്തിൽകൂടി സാമൂഹികവിരുദ്ധരുടെ അതിക്രമത്തെക്കുറിച്ച് തുറന്നുപറഞ്ഞ് വീഡിയോ ഇട്ടു. തന്നെ വിളിക്കുന്ന ഫോൺ നമ്പരുകളും അവർ പുറത്തു വിട്ടിട്ടുണ്ട്.

ഭർത്താവുപേക്ഷിച്ചതിനെ തുടർന്ന് നാലുമക്കളുമായി തെങ്ങണയ്ക്കടുത്ത് വാടകയ്ക്ക് താമസിക്കുകയാണ് ജെസിമോൾ. ഒരുദിവസം 50 കോളുകൾവരെയാണ് ഫോണിൽ വരുന്നത്. ഒരു നമ്പരിൽ നിന്നു തന്നെ 30-ഉം അതിലധികവും കോളുകൾ. മക്കളാണ് ഫോണെടുക്കുന്നതെങ്കിൽ അവരോടും ഇതേ രീതിയിലാണ് സംസാരം.

പൊലീസിന്റെ ഭാഗത്തുനിന്ന് സംരക്ഷണം ലഭിക്കുമെന്ന പ്രതീക്ഷ നശിച്ചതോടെയാണ് സാമൂഹികമാധ്യമത്തിൽ പ്രശ്‌നങ്ങൾ അവതരിപ്പിക്കാൻ തീരുമാനിച്ചതെന്ന് ജെസി പറയുന്നു. ജില്ലാ പൊലീസ് മേധാവിക്ക് ഇതുസംബന്ധിച്ച് പരാതി നൽകി. കാര്യങ്ങൾ പഠിച്ചുവരുകയാണെന്ന് അവർ പറഞ്ഞു.