തിരുവനന്തപുരം: വക്കത്ത് ട്രെയിൻ തട്ടി മരിച്ച നിലയിൽ കാണപ്പെട്ട എൽഐസി ഏജന്റ് ജെസിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ സുഹൃത്ത് മോഹനനെ പൊലീസ് അറസ്റ്റ് ചെയ്തു.

ആവശ്യപ്പെട്ട പണം നൽകാത്തതിലെ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. ഈ മാസം 18നാണ് ജെസിയെ റെയിൽവേ ട്രാക്കിന് സമീപം മരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന് വിശദമായി നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണ് എന്ന് തെളിഞ്ഞതെന്ന് പൊലീസ് പറയുന്നു.

ഡിസംബർ 18നാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ ജെസിയുടെ മൃതദേഹം റെയിൽ പാളത്തിനരികിൽ കണ്ടെത്തിയത്. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ജെസി ശ്വാസംമുട്ടിയാണു മരിച്ചതെന്നു സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണു പ്രതി അറസ്റ്റിലായത്.

രണ്ടു വർഷം മുൻപ് ജെസിയുടെ ഭർത്താവ് മരിച്ചിരുന്നു. ജെസിക്ക് രണ്ടു മക്കളുമുണ്ട്. എന്നാൽ സമീപവാസിയായിരുന്ന മോഹനനുമായി ജെസി അടുപ്പം പുലർത്തിയിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. കാണാതായ ദിവസം വീടിനു സമീപത്തുനിന്ന് ഓട്ടോറിക്ഷയിൽ മോഹനനൊപ്പം ജെസി യാത്ര ചെയ്തതായി മൊഴികൾ ലഭിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിയെ കസ്റ്റഡിയിലെടുത്തു നടത്തിയ ചോദ്യം ചെയ്യലിലാണു കുറ്റം സമ്മതിച്ചത്. സ്വർണം പണയം വച്ചു കുറച്ചു പണം വേണമെന്ന് മോഹനൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജെസി ഇതു നൽകിയില്ല. ഇതിലുള്ള വൈരാഗ്യമാണു കൊലപാതകത്തിലേക്കു നയിച്ചത്. ജെസിയുമായുള്ള അടുപ്പം മോഹനന്റെ വീട്ടിലും പ്രശ്‌നങ്ങൾ ഉണ്ടാക്കിയിരുന്നു. ഇതുകൊണ്ടു കൂടി പ്രതി ജെസിയെ ഒഴിവാക്കാൻ ശ്രമിക്കുകയായിരുന്നു. പ്രതിയെ പൊലീസ് സ്ഥലത്തെത്തിച്ചു തെളിവെടുപ്പു നടത്തി.