ചൈനയിലെ ബിഷപ്പുമാരെ തെരഞ്ഞെടുക്കുന്നതിനുള്ള അധികാരം ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് നൽകാനുള്ള പോപ്പ് ഫ്രാൻസിസിന്റെ വിവാദപരമായ നീക്കത്തിനെതിരെ വിമതരായി സഭാപ്രവർത്തനം നടത്തുന്നവർ രംഗത്തെത്തിയിരിക്കുകയാണ്. ഇത്തരം നീക്കത്തിലൂടെ പോപ്പ് ജീസസ് ക്രൈസ്റ്റിനെ വഞ്ചിച്ചുവെന്ന് വരെ അവർ ആരോപണം ഉന്നയിക്കുന്നുണ്ട്. ചൈനയും വത്തിക്കാനും തമ്മിൽ ആറ് ദശാബ്ദത്തിന് ശേഷം ബന്ധം ഇപ്പോൾ മെച്ചപ്പെടുന്നതാണ് സഭയിലെ വിമതരെ ചൊടിപ്പിച്ചത്. ഇതിനെ തുടർന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി നിയമിച്ചേക്കാവുന്ന മെത്രാന്മാരെ വത്തിക്കാൻ അംഗീകരിക്കുമോയെന്ന ആശങ്ക വരെ ശക്തമാകുന്നുണ്ട്. ചൈനയും പോപ്പ് ഫ്രാൻസിസും ഒരുമിക്കാൻ ശ്രമിക്കുന്നത് തടയാൻ വിമതർ അരയും തലയും മുറുക്കിയാണ് രംഗത്തിറങ്ങുന്നത്.

വത്തിക്കാനും ബീജിംഗും തമ്മിൽ ബന്ധം മെച്ചപ്പെടുത്തുന്നതിനെ ശക്തമായി ഭാഷയിൽ വിമർശിച്ച് ചൈനയിലെ ഏറ്റവും മുതിർന്ന കത്തോലിക്കായ കർദിനാൾ ജോസഫ് സെൻ രംഗത്തെത്തിയിട്ടുണ്ട്. കത്തോലിക്കാ സഭ ചൈനയുമായി എന്തെങ്കിലും കരാറിൽ എത്തുന്നത് യേശുക്രിസ്തുവിനെ വഞ്ചിക്കുന്നതിന് തുല്യമായിരിക്കുമെന്നാണ് ഹോംഗ് കോംഗിലെ മുൻ ബിഷപ്പായിരുന്ന സെൻ ആരോപിക്കുന്നത്. ആറ് ദശാബ്ദത്തിനിടെ ഇതാദ്യമായിട്ടാണ് ചൈനയും വത്തിക്കാനും ഇടയിലുള്ള വിയോജിപ്പിന്റെ മഞ്ഞുരുകാൻ തുടങ്ങിയിരിക്കുന്നത്. പുരോഹിതന്മാരെ നിയമിക്കാൻ ബീജിംഗിന് അധികാരം നൽകുന്നത് സഭയുടെ കീഴടങ്ങലാണെന്നും 84കാരനായ കർദിനാൾ സെൻ മുന്നറിയിപ്പേകുന്നു. ഇക്കാര്യത്തിൽ ഇപ്പോഴത്തെ പോപ്പ് നിഷ്‌കളങ്കൻ ആയിരിക്കാമെന്നും അദ്ദേഹത്തിന് കമ്മ്യൂണിസ്റ്റ് ചൈനയുടെ പശ്ചാത്തലം അറിയില്ലെന്നും സെൻ ചൂണ്ടിക്കാട്ടുന്നു.

ലാറ്റിനമേരിക്കയിലെ കമ്മ്യൂണിസ്റ്റുകളെ മാത്രമേ പോപ്പിന് പരിചയമുണ്ടാവുകയുള്ളുവെന്നും എന്നാൽ ചൈനയിലെ കമ്മ്യൂണിസ്റ്റുകളെ അദ്ദേഹത്തിന് അറിയില്ലെന്നും അവർ ആയിരക്കണക്കിന് വിശ്വാസികളെ കൊന്നൊടുക്കിയവരാണെന്നും കർദിനാൾ സെൻ മുന്നറിയിപ്പേകുന്നു.പുരോഹിതന്മാരെ നിയമിക്കുന്ന കാര്യത്തിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി കരാറുണ്ടാക്കരുതെന്നും എന്ത് വിലകൊടുത്തും അതിൽ നിന്നും പിന്മാറണമെന്നും കർദിനാൾ സെൻ മുന്നറിയിപ്പേകുന്നു. നല്ലൊരു ഡീൽ ലഭിച്ചില്ലെങ്കിൽ വത്തിക്കാൻ ഇത് സംബന്ധിച്ച ചർച്ചയിൽ നിന്നും പിന്മാറണമെന്നും സെൻ നിർദേശിക്കുന്നു. ചൈനയിൽ കത്തോലിക്കാ വിശ്വാസികൾ കടുത്ത അടിച്ചമർത്തൽ നേരിടുന്നുവെന്നും കർദിനാൾ വെളിപ്പെടുത്തുന്നു. ചർച്ചിൽ പോകാനും പ്രാർത്ഥനകളിൽ ഏർപ്പെടാനും ചൈനീസ് കത്തോലിക്കാ വിശ്വാസികൾക്ക് അനുമതിയുണ്ടെങ്കിലും മതപ്രചാരണം പോലുള്ളവ കർക്കശമായി വിലക്കിയിരിക്കുന്നു. കിഴക്കൻ ചൈനയിൽ അടുത്തിടെ 1200 കുരിശുകൾ നീക്കം ചെയ്യുകയും നിരവധി ചർച്ചുകൾ നശിപ്പിക്കുകയും ചെയ്തിരുന്നു.