ന്യൂഡൽഹി: വിമാനയാത്രയ്ക്കിടെ ഭക്ഷണത്തിൽനിന്ന് ബട്ടൻ കണ്ടെത്തിയ സംഭവത്തിൽ വിമാന കമ്പനിക്ക് കോടതി അരലക്ഷം രൂപ പിഴയിട്ടു. ജെറ്റ് എയർവെയ്‌സാണ് യാത്രക്കാരന് പിഴയൊടുക്കിയത്. ഹേമന്ദ് ദേശായി എന്നയാൾ നൽകിയ കേസിലാണ് കോടതി വിമാനക്കമ്പനിക്ക് പിഴയിട്ടത്.

2014 ഓഗസ്റ്റ് ആറിനായിരുന്നു സംഭവം. ഡൽഹിയിൽനിന്ന് അഹമ്മദാബാദിലേക്ക് ബിസിനസ് ക്ലാസിൽ യാത്ര ചെയ്യുകയായിരുന്നു ഹേമന്ദ് ദേശായി. ഇദ്ദേഹത്തിന് ലഭിച്ച ഭക്ഷണത്തിലാണ് ബട്ടൻ കിട്ടിയത്. അപ്പോൾത്തന്നെ ക്രൂവിനെ വിവരമറിയിച്ചു. സംഭവം ഒത്തുതീർക്കാൻ കമ്പനി ശ്രമിച്ചെങ്കിലും ഹേമന്ദ് തയാറായില്ല.

മൂന്നു ലക്ഷം രൂപ നഷ്ടപരിഹാരം തേടി ഉപഭോക്തൃ കോടതിയിൽ കേസ് കൊടുത്തു. വിമാനക്കമ്പനിയുടെ സർവീസിനെ കുറ്റപ്പെടുത്തിയ കോടതി, ഹേമന്ദിന് 50,000 രൂപ നൽകണമെന്ന് ഉത്തരവിട്ടു. കേസ് നടത്തിപ്പ് ഉൾപ്പെടെയുള്ള ചെലവിലേക്ക് 5000 രൂപ കൂടി ജെറ്റ് എയർവെയ്‌സ് കമ്പനി നൽകണമെന്നും കോടതി വിധിച്ചു.