ന്യൂഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ആഭ്യന്തര സർവീസ് നടത്തുന്ന രണ്ട് ജെറ്റ് എയർവെയ്‌സ് വിമാനങ്ങൾ പറന്നുയരാൻ തുടങ്ങുന്നതിനിടെ കൂട്ടിയിടിക്കുകയായിരുന്നു.

ഞായറാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം. റൺവേ 29 ലൂടെ പട്‌നയിലേക്ക് പറന്നുയരാൻ തുടങ്ങിയ വിമാനത്തിന്റെ വാൽ ഭാഗം സമീപത്തുണ്ടായിരുന്ന ശ്രീനഗർ വിമാനത്തിന്റെ ചിറകിൽ തട്ടുകയായിരുന്നു.

വിമാനത്താവള അധികൃതരും വിമാന കമ്പനി അധികൃതരും ആർക്കും പരിക്കേറ്റിട്ടുണ്ടോ എന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാൽ ആർക്കും പരിക്കില്ലെന്ന് പൊലീസ് അറിയിച്ചു. ശ്രീനഗർ വിമാനത്തിന് ചെറിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് എയർപോർട്ട് അഥോറിറ്റി അന്വേഷണം ആരംഭിച്ചു.
അപകടം വിമാനത്താവളത്തിന്റെ പ്രവർത്തനത്തെ ബാധിക്കുകയോ മറ്റ് വിമാന സർവീസുകളെ തടസപ്പെടുത്തുകയോ ചെയ്തിട്ടില്ല. അപകടത്തിനിടയാക്കിയ രണ്ടു വിമാനങ്ങളും ടാക്‌സി ബേയിലേക്ക് മാറ്റി.