മുംബൈ: സുന്ദരിമാർക്കൊപ്പം കറങ്ങിയും കലണ്ടർ ഗേൾസിനെ സമ്മാനിച്ചുമൊക്കെ കറങ്ങി നടന്നിരുന്ന കാലത്ത് കിങ് ഫിഷറിന്റെ പഴയ മുതലാളി വിജയ് മല്യ അടിതെറ്റിയിരിക്കുകയാണെന്ന് അധികം ആരുമറിഞ്ഞില്ല. ഒടുവിൽ ബാങ്കുകളെയും പറ്റിച്ച് മല്യ കടന്നുകളഞ്ഞതിന്റെ ക്ഷീണം മാറ്റാൻ ഇപ്പോൾ ലണ്ടനിൽ കേന്ദ്രസർക്കാർ കേസുനടത്തുകയാണ്. മല്യയുടെ കിങ് ഫിഷർ തകർന്നടിഞ്ഞതുപോലെ വലിയൊരു പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ് ജെറ്റ് എയർവേയ്‌സ്.

ശമ്പളം പലവട്ടം മുടങ്ങിയതോടെ ഉന്നതതലത്തിലെ ഉദ്യോഗസ്ഥരോടുപോലും രാജി ചോദിച്ചുവാങ്ങുന്ന ദുരവസ്ഥ. ഓഗസ്റ്റ് മാസത്തെ ശമ്പളത്തിന്റെ ഒരു ഭാഗം ഒക്ടോബറിലാണ് നൽകിയത്. സെപ്റ്റംബറിലേതും വൈകി. ശമ്പളം വൈകിയതിൽ ക്ഷമാപണം നടത്തിയ കമ്പനി ജീവനക്കാരുടെ ക്ഷമയെ പ്രകീർത്തിക്കുകയും ചെയ്തു. മാസ ശമ്പളം രണ്ടു തവണകളായാണ് നവംബർ മാസം വരെ വിതരണം ചെയ്യുകയെന്ന് നേരത്തെ കമ്പനി പൈലറ്റുമാരേയും എൻജിനീയർമാരേയും ഉന്നത മാനേജ്മെന്റ് ഉദ്യോഗസ്ഥരേയും അറിയിച്ചിരുന്നു. സെപ്റ്റംബറിലേ ശമ്പളം വൈകുമെന്നും അറിയിച്ചിരുന്നു.

പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും

സാമ്പത്തിക പ്രതിസന്ധിയിലായതോടെ കടം കൊടുക്കാൻ ധനകാര്യ സ്ഥാപനങ്ങൾക്കും മടിയായി. പലരെയും സമീപിച്ചെങ്കിലും അനുകൂല മറുപടി കിട്ടിയില്ല. എങ്ങനെയെങ്കിലും കരകയറാൻ പലവഴി നോക്കുകയാണ് ബജറ്റ് എയർലൈനായ ജെറ്റ്. ജോലിക്കാരെ കുറച്ചതുകൂടാതെ ഫ്‌ളൈറ്റുകൾ വെട്ടിക്കുറച്ചു. എഞ്ചിനീയറിങ്, സെക്യൂരിറ്റി, സെയിൽസ്, തുടങ്ങി വിവിധ വിഭാഗങ്ങളിലെ മാനേജർ, ജനറൽ മാനേജർ തസ്തികകളിലുള്ള 15 ഓളം പേരോട് ഈ മാസം ജോലി ഒഴിയാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. കൂടുതൽ പേരുടെ തല ഉരുളുമെന്ന് ഉറപ്പാണ്. പണി പോയവരിൽ ചിലരെല്ലാം യുവാക്കളുമാണ്.

ചെന്നൈ വിമാനത്താവളത്തിലെ ഒരുഎയർബസ് 330, ബോയിങ് 777, രണ്ടു ബോയിങ് 737, മൂന്ന് എടിആറുകൾ എന്നിവയ്ക്ക് തൽക്കാലം വിശ്രമം അനുവദിച്ചിരിക്കുകയാണ്. മുംബൈയിലെ ഒരു എയർബസ് എ330 ഉം തൽക്കാലം പറത്തുന്നില്ല. വിശ്രമം അനുവദിച്ച വിമാനങ്ങളുടെയെല്ലാം എഞ്ചിനുകൾ അഴിച്ചിമാറ്റിയിരിക്കുകയാണ്. അതിനർഥം ഈ വിമാനങ്ങൾ ആറുമാസമോ അതിലധികമോ ഇനി പറക്കാൻ ഇടയില്ല.

അടിതെറ്റിക്കുന്ന തുരപ്പന്മാർ ആര്?

ജീവനക്കാരെ കുറയ്ക്കുന്നതിനെ കുറിച്ച് ജെറ്റ് എയർലൈൻസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ ഫ്‌ളൈറ്റുകൾ വെട്ടിക്കുറയ്ക്കുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങാൻ കാരണമായി ജെറ്റ് നിരത്തുന്ന കാരണങ്ങൾ ഇതൊക്കെയാണ്: ഉയരുന്ന എണ്ണവില, രൂപയുടെ മൂല്യശോഷണം, വിപണിയിലെ കടുത്ത മത്സരം തുടങ്ങിയവ. ഇതിന് പുറമേ, എട്ടുമുതൽ 10 വരെ വിമാനങ്ങൾ ഓരോ ദിവസവും അറ്റകുറ്റപ്പണിക്കായി കയറ്റും. അതായത് ഓരോ സമയത്തും 16 വിമാനങ്ങളെങ്കിലും കട്ടപ്പുറത്തായിരിക്കും. ഇത് 20 ലേക്ക് ഉയരുമെന്നും കേൾക്കുന്നു. പണി നിർത്തിയവയ്ക്ക് പകരം പുതിയ ബോയിങ് 737 മാക്‌സ് വിമാനങ്ങൾ കൊണ്ടുവരുന്നുണ്ട്. 225 എണ്ണം ഓഡർ ചെയ്തപ്പോൾ അഞ്ചെണ്ണം കിട്ടി. ഈ വർഷാവസാനത്തോടെ ആണ്ണെം കൂടി കിട്ടും. ഇന്ധക്ഷമതയുണ്ട് എന്നതാണ് 737 മാക്‌സിന്റെ സവിശേഷത. രൂപയുടെ മൂല്യശോഷണവും ഇന്ധനവിലവർദ്ധനയും മൂലം പ്രതിസന്ധി നേരിടുന്ന ജെറ്റിന് താൽകാലിക പിടിവള്ളിയാണ് മാക്‌സ്. സിംഗപ്പൂർ പോലെയുള്ള ഇന്റർനാഷണൽ ഫ്‌ളൈററുകൾക്കാണ് ഇവ പറപ്പിക്കുന്നത്.

കഴിഞ്ഞ അഞ്ചുവർഷത്തിനിടെ, ശമ്പളച്ചെലവ് 53 ശതമാനമണ് ഉയർന്നത്. ഒരുവർഷം മുമ്പ് സിഇഒ വിനോദ് ദുബെ ജെറ്റിൽ ചേർന്നപ്പോൾ, 100 സീനിയർ മിഡിൽ ലെവൽ എക്‌സിക്യൂട്ടീവുകളുടെ, മാനേജർതലത്തിലും അതിന് മുകളിലും ഉള്ളവരുടെ പട്ടിക നൽകിയിരുന്നു. ഓഗസ്റ്റ് വരെ ഇവരിൽ 40 പേരെ കൈകൊടുത്തുപുറത്താക്കി. വിമാനശേഷി കുറയുന്നത് എതിരാളിയായ ഇൻഡിഗോയ്ക്ക് നേട്ടമാണ്. പോരാത്തതിന് ഇനി ആൾക്ഷാമവും വേട്ടയാടിത്തുടങ്ങും. ശമ്പളം വൈകുന്നത് മൂലമുള്ള അതൃപ്തി ജീവനക്കാരെ ബാധിക്കും. ഓഗസ്‌ററിൽ എയർലൈന്റെ സീനിയർ മാനേജ്‌മെന്റിന്റെ 25 ശതമാനം ശമ്പളം കുറച്ചു. പൈലറ്റുമാരോടും, സാങ്കേതിക വിദഗ്ധരോടും ഈ വെട്ടിക്കുറയ്ക്കൽ പാത പിന്തുടരണമെന്ന് ആവശ്യപ്പെട്ടെങ്കിലും അവർ വഴങ്ങിയില്ല. ഈ മാസമാദ്യം ക്രഡിറ്റ് റേറ്റിങ് ഏജൻസിയായ ഐസിആർഎ, ജെറ്റിന്റെ ദീർഘകാല കടമെടുപ്പ് പദ്ധതിയെ തരംതാഴ്‌ത്തി. അനധികൃത ഇടപാടുകളെ ചൊല്ലിയുള്ള പരാതികളുടെ പേരിൽ കോർപറേറേറ് കാര്യമന്ത്രാലയത്തിന്റെ അന്വേഷണവും നേരിടുന്നുണ്ട് ജെറ്റ് എയർവേയ്‌സ്. ഇതിന് പുറമേ ഈ വർഷം ജനുവരിയിൽ വായ്പാകുടിശികയുള്ളവരുടെ പട്ടികയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജെറ്റിനെ പെടുത്തി. എന്നാൽ, ജെറ്റ് ഇത് നിഷേധിക്കുകയായിരുന്നു.

നരേഷ് ഗോയൽ ടാറ്റയ്ക്ക് വഴങ്ങുമോ?

കടക്കെണിയിലായ ജെറ്റ് എയർവെയ്സിന്റെ ഓഹരികൾ വാങ്ങാനൊരുങ്ങുകയാണ് ടാറ്റാ ഗ്രൂപ്പ്. ഇതുമായി ബന്ധപ്പെട്ട് ടാറ്റാ ഗ്രൂപ്പ്, ജെറ്റ് എയർവെയ്സുമായി ചർച്ചകൾ നടത്തിയെന്നാണ് വിവരം. ജെറ്റ് എയർവെയ്സിന്റെ 26 ശതമാനം ഓഹരികൾ വാങ്ങാമെന്നും കമ്പനിയുടെ മാനേജ്മെന്റ് തലത്തിലുള്ള നിയന്ത്രണം വേണമെന്നുമാണ് ടാറ്റാ ഗ്രൂപ്പ് ആവശ്യപ്പെടുന്നത്. കൂടാതെ ഓപ്പൺ ഓഫർ ലെറ്റർ മുഖാന്തരം മറ്റൊരു 26 ശതമാനം ഓഹരികൾ കൂടി വാങ്ങാനും ടാറ്റാ ഗ്രൂപ്പ് താത്പര്യപ്പെടുന്നുണ്ട്. ഇന്ധനവില വർധന, രൂപയുടെ മൂല്യശോഷണം എന്നിവയെ തുടർന്ന് വൻപ്രതിസന്ധിയാണ് ജെറ്റ് എയർവേയ്സ് നേരിടുന്നത്. നിലവിൽ നരേഷ് ഗോയലിന്റെ ഉടമസ്ഥതയിലാണ് ജെറ്റ് എയർവേയ്സിന്റെ 51 ശതമാനം ഓഹരിയുള്ളത്. എത്തിഹാദ് എയർവേയ്സും മറ്റുള്ളവരുടെയും കൈവശമാണ് ബാക്കി ഓഹരി.

വാർത്തയെ കുറിച്ച് പ്രതികരിക്കാൻ ടാറ്റ വക്താവ് തയ്യാറായില്ല. ഊഹാപോഹങ്ങൾ നിറഞ്ഞതാണെന്നായിരുന്നു ജെറ്റ് എയർവേയ്സിന്റെ പ്രതികരണം. ഏതായാലും ടാറ്റയ്ക്ക് വഴങ്ങിയില്ലെങ്കിൽ കിങ് ഫിഷറിന്റെ ദുരവസ്ഥയായിരിക്കും ജെറ്റിനും നേരിടേണ്ടി വരിക. അതല്ലാതെ എന്തെങ്കിലും വഴികൾ നരേഷ് ഗോയലിന്റെ ബുദ്ധിയിൽ തെളിയുന്നുണ്ടോ