പത്തനംതിട്ട: റാന്നി പൊലീസ് സ്റ്റേഷൻ ഇന്നലെ അത്യപൂർവമായ ഒരു കേസിന് സാക്ഷ്യം വഹിച്ചു. ഇട്ടിയപ്പാറ ടൗണിലെ ഒരു ജ്യൂവലറി ഉടമ തന്റെ കടയിൽ നിന്ന് 50 പവനും ഒന്നേകാൽ ലക്ഷം രൂപയും മോഷണം പോയെന്ന് കാട്ടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. നിമിഷങ്ങൾക്കകം കടയിൽ അടുത്ത സമയം വരെ ജോലി നോക്കിയിരുന്ന രണ്ടു ജീവനക്കാരികളെ പൊലീസ് പൊക്കി.

ഇവരാകാം മോഷ്ടിച്ചതെന്ന ഉടമയുടെ ഊഹം കണക്കിലെടുത്തായിരുന്നു ജീവനക്കാരികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ജ്യൂവലറിയിൽ നടത്തിയിരുന്ന സ്വർണ ചിട്ടിയിലേക്ക് വരിക്കാർ നൽകിയ പണം അടയ്ക്കാതെ അടിച്ചു മാറ്റി തിരിമറി നടത്തിയെന്നായിരുന്നു പരാതി. പൊലീസിന്റെ വിരട്ടും ഉടമയുടെ പരാതിയുമൊന്നും ജീവനക്കാരികൾ കൂസലില്ലാതെ നേരിട്ടു.

50 പവൻ പലപ്പോഴായിട്ടാണ് നഷ്ടപ്പെട്ടത് എന്ന ഉടമയുടെ പരാമർശം പൊലീസ് ഗൗരവമായി എടുത്തതുമില്ല. ജീവനക്കാരികളെ അറസ്റ്റ് ചെയ്യുമെന്നും തെളിവുണ്ടെന്നുമൊക്കെ ഇന്നലെ ഉച്ച വരെ പൊലീസ് വിവരം നൽകിയിരുന്നു. വൈകുന്നേരമായപ്പോഴേക്കും കളം മാറി. അങ്ങനെ ഒരു കേസ് തന്നെ ഇല്ലെന്നായി പൊലീസ്. കൂടുതൽ അന്വേഷിച്ചപ്പോഴാണ് കേസ് ഒത്തു തീർന്നുവെന്നും പരാതി പിൻവലിച്ച ഉടമ പമ്പ കടന്നുവെന്നും അറിയുന്നത്.

ജീവനക്കാരികളിൽ ഒരാൾ ഉടമയും മകനുംമാറി മാറി തന്നെ ലൈംഗികചൂഷണം നടത്തിയെന്ന് പൊലീസിനോട് പറഞ്ഞു. ഇതിനെതിരേ പരാതി നൽകണമെന്നും ദൃശ്യതെളിവുകൾ തന്റെ കൈവശം ഉണ്ടെന്നും അറിയിച്ചു. ഇതു കടയിലെ മറ്റു ജീവനക്കാർ ശരിവച്ചുവെന്നും പറയുന്നു. ഇതോടെ ഉടമ പരാതിയും പിൻവലിച്ച് മുങ്ങൂകയായിരുന്നു.