- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുപിയിലെ ഝാൻസിയിൽ മലയാളി അടക്കം കന്യാസ്ത്രീകളെ ആക്രമിച്ചത് എബിവിപിക്കാർ; വെളിപ്പെടുത്തലുമായി റെയിൽവെ പൊലീസ് സൂപ്രണ്ട്; മതപരിവർത്തനശ്രമം എന്ന സംശയം തീർന്നത് മാമോദീസ സർട്ടിഫിക്കറ്റുകൾ കണ്ടതോടെ എന്നും സൂപ്രണ്ട്; മുഖ്യമന്ത്രി കത്തയച്ചതിന് പിന്നാലെ അക്രമികൾക്കെതിരെ കർശന നടപടി പ്രഖ്യാപിച്ച് അമിത് ഷാ; സംഭവം ക്രൈസ്തവ സമുദായത്തെ വേദനിപ്പിച്ചുവെന്ന് കെസിബിസി
ലക്നൗ: യുപിയിലെ ഝാൻസിയിൽ ഉത്കൽ എക്സ്പ്രസ് ട്രെയിനിൽ വച്ച് മലയാളി അടക്കമുള്ള കന്യാസ്ത്രീകളെ ആക്രമിച്ചത് എബിവിപിക്കാരെന്ന് റെയിൽവെ പൊലീസ് സൂപ്രണ്ട്. റിഷികേശിൽ നടന്ന പരിശീലന ക്യാമ്പിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു എവിബിപി സംഘം. ഡൽഹിയിലെ ഹസ്രത് നിസാമുദ്ദീനിൽ നിനന് ഒഡിഷയിലെ റൂർക്കലയിലേക്ക് യാത്ര ചെയ്യുകയായിരുന്നു നാല് ക്രൈസ്തവ വനിതകൾ. അതിൽ രണ്ട് പേർ കന്യാസ്ത്രീകളും, രണ്ടുപേർ കന്യാസ്ത്രീ പരിശീലനം നടത്തുന്നവരുമായിരുന്നു. കന്യാസ്ത്രീകൾ മറ്റുരണ്ടുയുവതികളോട് സംസാരിക്കുന്നത് കണ്ട് മതപരിവർത്തനത്തിനായി കൊണ്ടുപോവുകയാണെന്ന് എബിവിപിക്കാർ സംശയിച്ചു.
ഇതോടെ ഇവർ ആദ്യം റെയിൽവെ സംരക്ഷണ സേനയെ വിവരം അറിയിച്ചു. ആർപിഎഫ് റെയിൽവെ പൊലീസിനെയും അറിയിച്ചു. എവിബിപി അംഗങ്ങൾ മതപരിവർത്തനം സംബന്ധിച്ച് രേഖാമൂലം പരാതിയും നൽകി. താൻ സ്ഥലത്തെത്തി അന്വേഷണം നടത്തിയെന്ന് ഝാൻസി റെയിൽവെ സൂപ്രണ്ട് ഖാൻ മൻസൂരി പ്രസ്താവനയിൽ പറഞ്ഞു. മതപരിവർത്തനത്തിന് ഇരയാക്കപ്പെടുന്നു എന്ന് സംശയിക്കപ്പെട്ട രണ്ടുയുവതികൾ ഒഡിഷയിലെ റൂർക്കല സ്വദേശികളാണെന്നും പരിശീലനം നടത്തിവരികയാണെന്നും മനസ്സിലായി. സർട്ടിഫിക്കറ്റുകളും പരിശോധിച്ചു. 2003 ലെ മാമോദീസയുടെ സർട്ടിഫിക്കറ്റുകൾ കണ്ടെടുത്തതോടെ, ഇരുവരും ജന്മനാ ക്രൈസ്തവ സമുദായത്തിൽ പെട്ടവരെന്നും മനസ്സിലായി. ഇതോടെ മതപരിവർത്തനശ്രമം നടന്നിട്ടില്ലെന്നും ബോധ്യപ്പെട്ടു. ഇതിന് ശേഷം നാല് പേരെയും ഒഡീഷയിലേക്ക് അയച്ചു, നയിം ഖാൻ മൻസൂരി അറിയിച്ചു. നേരത്തെ കന്യാസ്ത്രീകളെ ആക്രമിച്ചത് ബജ്റംഗ് ദൾ പ്രവർത്തകരെന്നാണ് പുറത്തുവന്നത്.
അതേസമയം, വിഷയത്തിൽ കേരള മുഖ്യമന്ത്രി പിണായി വിജയൻ കത്തയച്ചതോടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇടപെട്ടു. കന്യാസ്ത്രീകളെ ആക്രമിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു.
അമിത് ഷായ്ക്ക് മുഖ്യമന്ത്രിയുടെ കത്ത്
ട്രെയിനിൽ യാത്ര ചെയ്യുന്ന കന്യാസ്ത്രീകളെയും പുതുതായി ക്രിസ്തുമതം സ്വീകരിച്ചവരെയും ഉത്തർപ്രദേശിലെ ഝാൻസിയിൽ വച്ച് അക്രമിച്ചവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ പ്രതിഛായയ്ക്കും മത സഹിഷ്ണുതാ പാരമ്പര്യത്തിനും കളങ്കമുണ്ടാക്കുന്ന പ്രവൃത്തിയാണ് ബജ്റംഗ് ദളിന്റെയും പൊലീസിന്റെയും ഭാഗത്തുനിന്നുണ്ടായത്. ഭരണഘടന ഉറപ്പു നൽകുന്ന വ്യക്തിസ്വാതന്ത്ര്യത്തിനെതിരായ ഈ ആക്രമണത്തെ ഗൗരവമായി കാണണമെന്നും സംഭവത്തെ കേന്ദ്രസർക്കാർ അപലപിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കെസിബിസിയുടെ പ്രതികരണം
രാജ്യത്ത് എവിടെയും സഞ്ചരിക്കാനും ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാനും ഭരണഘടന പൗരന്മാർക്ക് അനുവാദം നൽകുന്നുണ്ട്. ഝാൻസിയിലെ സംഭവങ്ങൾ ക്രൈസ്തവ സമുദായത്തെ വേദനിപ്പിച്ചു. മൗലികാവകാശങ്ങളുടെ ലംഘനമാണ് നടന്നത്. അവരെ നിർബന്ധിച്ച് വസ്ത്രം മാറ്റിച്ചു. ഇത് അംഗീകരിക്കാവുന്നതല്ല. യുപി മുഖ്യമന്ത്രി മതപരമായ വസ്ത്രം ധരിക്കുന്നു...അദ്ദേഹത്തിന് എവിടെയും ചുറ്റിക്കറങ്ങാൻ സ്വാതന്ത്ര്യമുണ്ട്. അതുപോലെ തന്നെയാണ് ഞങ്ങളും, കെസിബിസി വക്താവ് ഫാ.ജേക്കബ് എൻഡിടിവിയോട് പറഞ്ഞു.
മാർച്ച് 19 ന് ഡൽഹിയിൽ നിന്ന് ഒഡീഷയിലേക്ക് പോയ ട്രെയിനിൽ ആയിരുന്നു സംഭവം നടന്നത്. ഉത്തർപ്രദേശിലെ ഝാൻസി റെയിൽവേ സ്റ്റേഷനിൽ വച്ചാണ് തിരുഹൃദയ സന്യാസി സമൂഹത്തിന്റെ ഡൽഹി പ്രൊവിൻസിലെ മലയാളി അടക്കമുള്ള നാല് കന്യാസ്ത്രീകൾക്ക് നേരെ കയ്യേറ്റു ശ്രമമുണ്ടായത്. രണ്ട് പേർ സന്യാസ വേഷത്തിലും മറ്റുള്ളവർ സാധാരണ വേഷത്തിലും ആയിരുന്നു. മതം മാറ്റാൻ ഒപ്പമുള്ള രണ്ട് പെൺകുട്ടികളെ കൊണ്ടുപോകുന്നുവെന്നാരോപിച്ചായിരുന്നു ആക്രമണം
സന്ന്യാസ പഠനം നടത്തുന്ന ഒഡീഷ സ്വദേശിനികളെ വീട്ടിലെത്തിക്കാനാണ് മറ്റ് രണ്ടുപേർ കൂടെ പോയത്. ജന്മനാ ക്രൈസ്തവവിശ്വാസികളാണെന്ന് പറഞ്ഞിട്ടും ആക്രമണത്തിന് തയ്യാറായെന്ന് കന്യാസ്ത്രീകൾ പറയുന്നു. ട്രെയിനിൽ നിന്ന് പുറത്തിറക്കി സ്റ്റേഷനിലേക്ക് കൊണ്ടുപോകുമ്പോൾ കൂക്കിവിളിച്ച് ഒരു സംഘം പിന്തുടർന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ടാണ് രാത്രി വൈകി മോചിപ്പിച്ചത്.
മറുനാടന് മലയാളി ബ്യൂറോ