കോട്ടയം: കഞ്ചാവ് വിൽപനയെപ്പറ്റി പൊലീസിൽ പരാതി പറഞ്ഞതായി ആരോപിച്ചു നിരവധികേസുകളിൽ പ്രതിയായ യുവാവ് വീട് അടിച്ചു തകർത്തു. ആക്രമണം തടയാനെത്തിയ വീട്ടുടമസ്ഥനെയും മകനെയും യുവാവ് ആക്രമിച്ചു പരുക്കേൽപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആർപ്പൂക്കര വില്ലൂന്നി പേരോത്ത് വീട്ടിൽ ജിബിൻ ബിനോയി(20)യെ ഗാന്ധിനഗർ എസ്ഐ എം.എസ് ഷിബു അറസ്റ്റ് ചെയ്തു. വില്ലൂന്നി തൈപ്പറമ്പിൽ മാത്യുവിന്റെ വീടും കാറുമാണ് ജിബിൻ അടിച്ചു തകർത്തത്. ജിബിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വീട്ടിൽ അതിക്രമിച്ചു കയറി, വീട് അടിച്ചു തകർത്തു തുടങ്ങിയ വകുപ്പുകളാണ് ജിബിനെതിരെ ചുമത്തിയിരിക്കുന്നത്. മുൻപ് കഞ്ചാവ് കേസിൽ അറസ്റ്റിലായിട്ടുള്ള ജീബിനെതിരെ കോട്ടയം വെസ്റ്റ്, ഏറ്റുമാനൂർ, കോട്ടയം ഈസ്റ്റ് എന്നിവിടങ്ങളിൽ പൊലീസ് കേസ് നിലവിലുണ്ട്.

കഴിഞ്ഞ ദിവസം അർധരാത്രിയായിരുന്നു സംഭവം. കഞ്ചാവ് മാഫിയയുമായി ബന്ധമുണ്ടായിരുന്ന ജിബിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇത് മാത്യു പരാതിപ്പെട്ടതിനെ തുടർന്നാണെന്നു തെറ്റിധരിച്ച ജിബിൻ തിങ്കളാഴ്ച രാത്രി മാത്യുവിന്റെ വീട് ആക്രമിക്കുകയായിരുന്നു. വീട് കല്ലിന് എറിഞ്ഞു തകർക്കകയും പോർച്ചിൽ കിടന്ന കാർ അടിച്ചു തകർക്കുകയും ചെയ്തു. കാറിന്റെ ചില്ലും വീടിന്റെ ജനൽചില്ലുകളും ആക്രമണത്തിൽ തകർന്നു. ശബ്ദം കേട്ട് പുറത്തിറങ്ങിയെത്തി ആക്രമണം തടയാൻ ശ്രമിച്ച മാത്യുവിനെയും മകനെയും ജിബിൻ ആക്രമിച്ചു. കല്ലും കുപ്പിച്ചില്ലുകളും ഉപയോഗിച്ചുള്ള ആക്രമണത്തിൽ മാത്യുവിനും മകനും പരുക്കേറ്റതായി പൊലീസ് പറഞ്ഞു.

ആക്രമണം രൂക്ഷമായതോടെ മാത്യു പൊലീസിൽ വിവരം അറിയിച്ചു. തുടർന്നു സ്ഥലത്തെത്തിയപ്പോഴേയ്ക്കും ജിബിൻ സംഭവ സ്ഥലത്തു നിന്നും രക്ഷപെട്ടിരുന്നു. തുടർന്നു പൊലീസ് സംഘം നടത്തിയ അന്വേഷണത്തിൽ വില്ലൂന്നിയിലെ ഒളിസങ്കേതത്തിൽ നിന്നും പൊലീസ് സംഘം ജിബിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്നു നടത്തിയ ചോദ്യം ചെയ്യലിൽ ജിബിൻ കുറ്റം സമ്മതിച്ചു. വില്ലൂന്നി പ്രദേശത്ത് കഞ്ചാവ് മാഫിയ ശക്തമാണെന്നു നാട്ടുകാർക്കു പരാതിയുണ്ടായിരുന്നു. ജിബിൻ അടക്കമുള്ള യുവാക്കളാണ് ഇവിടെ കഞ്ചാവ് മാഫിയാ സംഘങ്ങൾക്കു പിൻതുണ നൽകുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു.