- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വപ്നങ്ങൾ ബാക്കിയാക്കി ആരോടും ഒന്നും പറയാതെ ജീവിതത്തിൽ നിന്ന് വിടവാങ്ങി; ഇന്നലെ വൈകുന്നേരം വരെ സന്തോഷവാനായി കണ്ടയാളെ കാണാതായത് രാത്രി പന്ത്രണ്ടോടെ; നാടിന്റെ കണ്ണീരോർമ്മയായി ജിബിൻ; ദുരന്തത്തിൽ നടുങ്ങി തളിപ്പറമ്പിലെ കൂനംഗ്രാമം
തളിപ്പറമ്പ്: നാടിനും നാട്ടാർക്കും പ്രിയപ്പെട്ടവനായ വിദ്യാർത്ഥിയുടെ ആകസ്മികവിയോഗം തളിപ്പറമ്പ് കുറുമാത്തൂരിലെ കൂനം ഗ്രാമത്തെ കണ്ണീരിലാഴ്‌ത്തി. പഠനത്തിലും മറ്റുപൊതുകാര്യങ്ങളിലും ഊർജ്ജസ്വലതയോടെ ചിരിച്ചും കളിച്ചും ഇടപെട്ടിരുന്ന പതിനെട്ടു വയസുകാരനാണ് വീടിനടുത്ത പറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ചത്.കൂറുമാത്തൂർ കൂനത്തെ ബാബു-ശ്രീജ ദമ്പതികളുടെ മകൻ പുളുക്കൂൽ വീട്ടിൽ ജിബിനാണ് മരണമടഞ്ഞത്.
ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് ജിബിനെ കാണാതായതിനെ തുടർന്ന് നാട്ടുകാരും വീട്ടുകാരും നടത്തിയ തെരച്ചിലിനൊടുവിൽ വീടിനടുത്ത പറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ഉടൻ തന്നെ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല .കുറുമാത്തൂർ ഗവ.ഹയർസെക്കണ്ടറി സ്‌കൂളിൽ നിന്നും ഈ വർഷം പ്ലസ്ടു പാസായ ജിബിൻ ബിരുദപഠനത്തിന് ചേരാനുള്ള ശ്രമത്തിലായിരുന്നു. ഉന്നത പഠനം നേടുക വഴി കുടുംബത്തിന് അത്താണിയാകാനും അവൻ ആഗ്രഹിച്ചിരുന്നതായി അടുപ്പമുള്ളവർ പറയുന്നു. ഒരു പാട് സ്വപ്നങ്ങളുണ്ടായിരുന്ന കുട്ടിയായിരുന്നു അവൻ. എന്തുപറ്റിയെന്ന് അറിയില്ലെന്നാണ് പലരും ജിബിന്റെ വിയോഗത്തിന്റെ ദുഃഖം മറച്ചുവയ്ക്കാനാവാതെ പറയുന്നത്.
ജിബിന്റെ ആത്മഹത്യ കൂനം ഗ്രാമത്തേയും കുറുമാത്തൂർ ഹയർസെക്കണ്ടറി സ്‌കൂളിലെ അദ്ധ്യാപകരേയും വിദ്യാർത്ഥികളേയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. ഇന്നലെ വൈകുന്നേരവും വരെ വളരെ സന്തോഷവാനായി പന്നിയൂരിലെ സിപിഎം ഓഫീസ് ഉദ്ഘാടനത്തിന് പങ്കെടുത്ത ജിബിനെ രാത്രി പന്ത്രണ്ടോടെയാണ് കാണാതായത്. തിരച്ചിലിലാണ് മരത്തിൽ തുങ്ങിയ നിലയിൽ കണ്ടത്.
വളരെ സൗമ്യമായി പെരുമാറുന്ന ജിബിന് ആത്മഹത്യ ചെയ്യേണ്ടതായി കാരണങ്ങളൊന്നുമില്ലെന്നാണ് സ്‌കൂളിലെ കൂട്ടുകാരും പറയുന്നത്.
കൂറുമാത്തൂർ കൂനം വായനശാലക്ക് സമീപത്തെ ബാബു-ശ്രീജ ദമ്പതികളുടെ മകനാണ് ജിബിൻ.ഏക സഹോദരി ജിസ്‌ന. മൃതദേഹം പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിൽ. പോസ്റ്റ്‌മോർട്ടത്തിന് ശേഷം വൈകിട്ടോടെ സംസ്‌കരിച്ചു.
അദ്ധ്യാപകരും സഹപാഠികളുമടക്കം വലിയൊരു ജനക്കൂട്ടം തങ്ങളുടെ പ്രിയപ്പെട്ടവനായ ജിതിന്റെ നിശ്ചേതനമായ ഭൗതിക ശരീരം അവസാനമായി ദർശിച്ച് കരഞ്ഞ കണ്ണുകളുമായാണ് മടങ്ങിയത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്