ജിദ്ദ: പരീക്ഷ കഴിഞ്ഞ് മടങ്ങവേ റോഡപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിൽ ചികിത്സയിൽക്കഴിയുന്ന അഞ്ച് പ്ലസ് ടൂ വിദ്യാർത്ഥികളുടെ നിലയിൽ നേരിയ പുരോഗതി. വെന്റിലേറ്ററിൽ കഴിയുന്ന മലയാളി വിദ്യാർത്ഥി ലോയ്ഡ് സാംസണിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടായിട്ടുണെ്ടങ്കിലും അപകടനില തരണംചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലാണ് അഞ്ചു കുട്ടികളെയും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ഇവരിൽ ലക്‌നോ സ്വദേശി പർവേസ് അഹമ്മദിന്റെ മകൻ മുസമ്മിൽ അഹമ്മദിനെ ശനിയാഴ്ച വെന്റിലേറ്ററിൽ നിന്ന് മാറ്റിയിരുന്നു. എഴുന്നേറ്റ് ഇരിക്കാനും സംസാരിക്കാനും സാധിച്ച മുസമ്മിലിനെ വാർഡിലേക്ക് മാറ്റിയേക്കും.

ഗുജറാത്ത് സ്വദേശി മുഹമ്മദ് ഹനീഫിന്റെ മകൻ ഉസാമ മുഹമ്മദും ഹൈദരാബാദ് സ്വദേശി മുഹമ്മദ് ആബിദിന്റെ മകൻ ഇജാസ് മുഹമ്മദും അബോധാവസ്ഥയിലാണ്. തലയ്ക്ക് സാരമായി പരിക്കേറ്റ ഉസാമയുടെ രക്തസമ്മർദത്തിൽ ഏറ്റക്കുറച്ചിലുണ്ടാവുന്നതിനാൽ ആരോഗ്യനിലയിയിൽ കാര്യമായ പുരോഗതിയുണെ്ടന്ന് പറയാറായിട്ടില്ല. ലഖ്‌നോ സ്വദേശി മഹ്മൂദ് അഹമ്മദിന്റെ മകൻ ഹുസയ്ഫ മഹ്മൂദ് മരുന്നുകളോട് പ്രതികരിക്കുകയും ആരോഗ്യസ്ഥിതി മെച്ചപ്പെടുകയും ചെയ്തിട്ടുണ്ട്.

ലോയ്ഡ് സാംസൺ, മുസമ്മിൽ അഹ്മദ്, ഇജാസ് മുഹമ്മദ് എന്നിവർ സുലൈമാൻ ഫഖീഹ് ആശുപത്രിയിലും ഉസാമ, ഹുസയ്ഫ എന്നിവർ അൽ ജിദാനി ആശുപത്രിയിലുമാണുള്ളത്. ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂളിൽ നിന്ന് +2 പരീക്ഷ കഴിഞ്ഞ് മടങ്ങവെയാണ് അപകടമുണ്ടായത്. ലോയ്ഡ് സാംസൺ ഡൽഹി പബ്ലിക് സ്‌കൂൾ ജിദ്ദയിലും മറ്റുള്ളവർ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂൾ ജിദ്ദയിലുമാണ് പഠിക്കുന്നത്.