- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമസ്തയെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുത്; നിലപാട് പറയാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; പ്രസിഡന്റോ സെക്രട്ടറിയോ അറിയിക്കുന്നതാണ് സമസ്തയുടെ നിലപാട്; വ്യക്തികളുടെ അഭിപ്രായങ്ങൾ സമയസ്തയുടെ നിലപാടായി വ്യാഖ്യാനിക്കരുത്; ഉമർ ഫൈസിയുടെ നിലപാട് തള്ളി സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങൾ
കോഴിക്കോട്; സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നിലപാട് പറയാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് ജിഫ്രിമുത്തുകോയ തങ്ങൾ പ്രസ്താവനയിലൂടെ അറിയിച്ചു. കഴിഞ്ഞ ദിവസം സമസ്ത മുഷാവറ അംഗം മുക്കം ഉമ്മർ ഫൈസി മുഖ്യമന്ത്രിയുടെ പരിപാടിയിൽ പങ്കെടുത്തുകൊണ്ട് പറഞ്ഞ അഭിപ്രായം സമസ്തയുടേതായി വ്യഖ്യാനിച്ച് വാർത്തകൾ പുറത്തുവന്ന സാഹചര്യത്തിലാണ് സമസ്ത പ്രസിഡണ്ട് ഇപ്പോൾ പ്രസ്താവന ഇറക്കിയിരിക്കുന്നത്.
സമസ്തയുടെ നിലപാട് പറയാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സമസ്തയുടെ പേര് രാഷ്ട്രീയ വിവാദങ്ങളിലേക്ക് കൊണ്ടുപോകാൻ ആരെയും അനുവദിക്കില്ലെന്നുമാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രസ്താവനയിൽ പറഞ്ഞിരിക്കുന്നത്. സമസ്തയുടെ പരമാധികാര ബോഡി സമസ്ത മുഷാവറയാണ്. സമസ്തയുടെ അഭിപ്രായങ്ങളും നിലപാടുകളും പ്രസിഡന്റോ ജനറൽ സെക്രട്ടറിയോ അറിയിക്കും.
മാധ്യമങ്ങൾ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കരുത്.വ്യക്തികൾ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങൾ സമസ്തയുടെ പേരിൽ റിപ്പോർട്ട് ചെയ്യെപ്പെടരുതെന്ന് മാധ്യമ സ്ഥാപനങ്ങളോട് അഭ്യർത്ഥിക്കുന്നു. സമസ്ത ഒരു മത സംഘടനയാണ്. രാഷ്ട്രീയ കാര്യങ്ങളിൽ സമസ്ത ഇടപെടാറില്ല. വ്യത്യസ്ത രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവർ സമസ്തയിലുണ്ട്. ഏതെങ്കിലും ഒരു വ്യക്തി നടത്തുന്ന അഭിപ്രായം സമസ്തയുടേതാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാദങ്ങൾ ഉണ്ടാക്കരുതെന്നും അദ്ദേഹം പ്രസ്താവനയിലൂടെ പറഞ്ഞു.
കഴിഞ്ഞ ദിവസം കോഴിക്കോട്് നടന്ന മുഖ്യമന്ത്രിയുടെ പരിപാടിയിൽ പങ്കെടുത്തുകൊണ്ട് ഉമ്മർ ഫൈസി നടത്തിയ അഭിപ്രായ പ്രകടനം സമസ്തയുടെ നിലാപാടായി വ്യഖ്യാനിച്ച് കൊണ്ട് മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. ജമാഅത്തെ ഇസ്ലാമിയെ പരിപാടിയിലേക്ക് ക്ഷണിക്കാത്തത് നന്നായെന്നും വെൽഫയർപാർട്ടിയുമായി നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സഖ്യമുണ്ടാക്കുന്നതിനെതിരെയും ഉമ്മർ ഫൈസി പ്രതികരിച്ചിരുന്നു. ഇതെല്ലാം സമസ്തയുടെ നിലപാടായി പുറത്തു വന്നതിന്റെ പശ്ചാതലത്തിലാണ് ഇപ്പോൾ സമസ്ത പ്രസിഡണ്ട് പ്രസ്താവന ഇറക്കിയിരിക്കുന്നത്.