മെഹ്സാന: ഗുജറാത്തിലെ മെഹ്സാനയിൽ പൊലീസ് അനുമതിയില്ലാതെ റാലി നടത്തിയ സംഭവത്തിൽ ജിഗ്‌നേഷ് മേവാനിയടക്കം ഒൻപതുപേർക്ക് മൂന്നുമാസം തടവ് ശിക്ഷ. മെഹ്സാന മജിസ്ട്രേട്ട് കോടതിയാണ് ശിക്ഷ വിധിച്ചത്.

2017 ജൂലായിൽ പൊലീസ് അനുമതിയില്ലാതെ റാലി നടത്തിയതിന്റെ പേരിൽ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസിലാണ് ശിക്ഷ. എൻസിപി നേതാവ് രേഷ്മ പട്ടേലും തടവ് ശിക്ഷ ലഭിച്ചവരിൽ ഉൾപ്പെടുന്നു. റാലി നടത്തുന്നത് തെറ്റല്ല എങ്കിലും അനുമതിയില്ലാതെ റാലി നടത്തുന്നത് തെറ്റ് തന്നെയാണെന്ന് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് ചൂണ്ടിക്കാട്ടി. നിയമലംഘനം പൊറുക്കാനാവില്ലെന്നും കോടതി പറഞ്ഞു.

ഉനയിൽ ദളിത് വിഭാഗത്തിൽപ്പെട്ട ചിലരെ ആൾക്കൂട്ടം മർദ്ദിച്ച സംഭവത്തിന്റെ ഒന്നാം വാർഷിക ദിനത്തിൽ മെഹ്സാനയിൽ മേവാനിയും സംഘവും നടത്തിയ റാലിയാണ് കേസിന് ആധാരം. മേവാനിയുടെ സഹപ്രവർത്തകനായ ഒരാൾ രാഷ്ട്രീയ ദളിത് അധികാർ മഞ്ച് എന്ന സംഘടനയ്ക്കുവേണ്ടി റാലി നടത്താൻ അനുമതി തേടിയിരുന്നു. മേവാനി സ്ഥാപിച്ച സംഘടനയാണിത്.

മെഹ്സാന എക്സിക്യൂട്ടീവ് മജിസ്ട്രേട്ട് ആദ്യം റാലിക്ക് അനുമതി നൽകിയിരുന്നുവെങ്കിലും പിന്നീട് പിൻവലിച്ചു. എന്നാൽ ഇത് വകവയ്ക്കാതെ സംഘാടകർ റാലി നടത്തുകയായിരുന്നു. റാലിക്ക് അനുമതി തേടി ഉന്നത ഉദ്യോഗസ്ഥരെ സമീപിക്കുന്നതിന് പകരം സംഘാടകർ എക്സിക്യൂട്ടീവ് മജിസ്ട്രേട്ടിന്റെ ഉത്തരവ് ലംഘിക്കാനാണ് ശ്രമിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി.

മേവാനി അടക്കമുള്ളവർക്കെതിരെ മെഹ്സാന പൊലീസാണ് അനധികൃതമായി കൂട്ടംകൂടിയതിന് കേസെടുത്തത്. 12 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. ജെഎൻയു വിദ്യാർത്ഥി യൂണിയൻ മുൻ പ്രസിഡന്റ് കനയ്യ കുമാർ അടക്കമുള്ളവർ റാലിയിൽ പങ്കെടുത്തിരുന്നു. എന്നാൽ വിചാരണ വേളയിൽ അദ്ദേഹം ഹാജരാകാതിരുന്നതിനാൽ അദ്ദേഹത്തെ പിന്നീട് പ്രത്യേകം വിചാരണ ചെയ്യുമെന്ന് കോടതി വ്യക്തമാക്കി.