അഹമ്മദാബാദ്: ഒരു സാധാരണ പൗരനെന്ന നിലയിലും ഒരു എംഎ‍ൽഎ എന്ന നിലയിലുമാണ് ഞാൻ ഇത് ചെയ്യുന്നത്. ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് 24 മണിക്കൂറിനുള്ളിൽ തന്നെ കർത്തവ്യം ഏറ്റെടുത്ത് വഡ്ഗാമിലെ നിയുക്ത എംഎ‍ൽഎ ജിഗ്‌നേഷ് മെവാനി പറഞ്ഞു. തെരഞ്ഞെടുപ്പു പ്രചരണ വേളയിൽ ശ്രദ്ധയിൽപ്പെട്ട വഡ്ഗാമിലെ റോഡുകളുടെ ദുരിതാവസ്ഥ പരിഹരിക്കുകയെന്ന ഉത്തരവാദിത്തമാണ് ജിഗ്‌നേഷ് ആദ്യമായി ഏറ്റെടുത്തത്.

'വഡ്ഗാം സന്ദർശന സമയത്ത് അനുഭവിച്ച പ്രശ്നങ്ങളാണ് ഞാൻ മെമ്മാറാണ്ടമായി സമർപ്പിച്ചത്. ഒരു സാധാരണ പൗരനെന്ന നിലയിലും ഒരു എംഎ‍ൽഎ എന്ന നിലയിലുമാണ് ഞാൻ ഇത് ചെയ്യുന്നത്.' അദ്ദേഹം പറഞ്ഞു. റോഡു നന്നാക്കണമെന്നാവശ്യപ്പെട്ട് കലക്ടറടക്കമുള്ള ഉദ്യോഗസ്ഥർക്ക് മെമ്മാറാണ്ടം നൽകിയിരിക്കുകയാണ് അദ്ദേഹം.

15 ദിവസത്തെ സമയമാണ് റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ ഉദ്യോഗസ്ഥർക്ക് ജിഗ്‌നേഷ് 15 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഇതിനുള്ളിൽ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ തെരുവിലിറങ്ങുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകിയിട്ടുണ്ട്. വഡ്ഗാമിൽ നിന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കുന്ന ആദ്യ സ്വതന്ത്ര സ്ഥാനാർത്ഥിയാണ് മെവാനി.

ഗുജറാത്തിലെ ദളിത് പ്രക്ഷോഭത്തിന്റെ മുഖമായ ജിഗ്നേഷ് മേവാനിക്കു തെരഞ്ഞെടുപ്പിൽ മിന്നുന്ന വിജയമാണ് ഉണ്ടായത്. കോൺഗ്രസ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച മേവാനി ബിജെപിയുടെ വിജയ് ചക്രവർത്തിയെ 19,696 വോട്ടിനാണു തോൽപ്പിച്ചത്.
അഭിഭാഷകനും പത്രപ്രവർത്തകനുമായ മേവാനി ഉന പ്രക്ഷോഭത്തിലൂടെയാണു ദേശീയ ശ്രദ്ധയിലേക്കുയർന്നത്. കഴിഞ്ഞ വർഷം ഗുജറാത്തിലെ ഉനയിൽ ദളിതരെ 'ഗോസംരക്ഷകർ' കെട്ടിയിട്ടു മർദിച്ചതിനെത്തുടർന്നു രൂപപ്പെട്ട വലിയ പ്രക്ഷോഭത്തിനു നേതൃത്വം നൽകിയതു മേവാനി ആയിരുന്നു. അന്നു രൂപീകരിച്ച ദളിത് സംഘടനകളുടെ കൂട്ടായ്മയായ 'ഉന ദളിത് അത്യാചാർ ലടത് സമിതി'യുടെ കൺവീനറാണ്. ചലോ ഉന, ദളിത് അസ്മിത എന്നീ യാത്രകളാണ് മേവാനിയെ ദേശീയ ശ്രദ്ധയിലേക്കു കൊണ്ടുവന്നത്.