ഡൽഹി: യോഗി ആദിത്യനാഥ് രൂപം കൊടുത്ത ആന്റി റോമിയോ സ്‌ക്വാഡിന്റെ യഥാർത്ഥ ഉദ്ദേശം സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കുകയാണോ അതോ കമിതാക്കളെ ശല്യപ്പെടുത്തുകയാണോ എന്ന് ജിഗ്‌നേഷ് മേവാനി. ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലത്തിൽ ദളിത് പെൺകുട്ടി തീകൊളുത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു ജിഗ്‌നേഷ് മേവാനി.

മൂന്ന് യുവാക്കൾ സംഘം ചേർന്ന് പീഡിപ്പിക്കുകയും മർദ്ദിക്കുകയും ചെയ്തതിനെത്തുടർന്നാണ് പതിനേഴ് വയസുകാരിയായ ദളിത് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ് ബിആർഡി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടി ഇതുവരെ അത്യാസന്നനില തരണം ചെയ്തിട്ടില്ല.

'റോമിയോമാരുടെ ശല്യത്തെത്തുടർന്ന് ഉത്തർപ്രദേശിൽ ഒരു പെൺകുട്ടി ജീവനൊടുക്കാൻ ശ്രമിച്ചിരിക്കുന്നു. ബലാത്സംഗ അതിക്രമങ്ങൾ ചെറുക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രൂപീകരിച്ച ആന്റി റോമിയോ സ്‌ക്വാഡ് പെൺകുട്ടികളഉടെ രക്ഷയ്ക്കുള്ളതോ അതോ മറ്റൊരു ജൂംല ആണോ'യെന്നും ജിഗ്‌നേഷ് മേവാനി ചോദിച്ചു.

പ്രധാനമന്ത്രിയെ ടാഗ് ചെയ്ത ട്വീറ്റിലാണ് ഗുജറാത്തിലെ വഡ്ഗാമിൽ നിന്നുള്ള എംഎൽഎയായ ജിഗ്‌നേഷ് മേവാനി ഇക്കാര്യങ്ങൾ ചോദിച്ചത്. നിങ്ങളുടെ പ്രിയപ്പെട്ട മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥിന്റെ റിപ്പോർട്ട് കാർഡ് നോക്കുക എന്ന് കുറിച്ചുകൊണ്ടാണ് പ്രധാനമന്ത്രിയെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തിരിക്കുന്നത്.