- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'എതിർ ശബ്ദങ്ങളെ ഭയക്കുന്ന മോദി ഗുജറാത്ത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് രാഷ്ട്രീയ പകപോക്കൽ നടത്തുന്നു; മോദീജീ താങ്കൾ മനസ്സിലാക്കിക്കോളു, പൂവല്ല, തീയാണ്, തലകുനിക്കില്ല': വെല്ലുവിളിയുമായി ജിഗ്നേഷ് മേവാനി
ന്യൂഡൽഹി: എതിർ ശബ്ദങ്ങളെ ഭയക്കുന്ന മോദി ഗുജറാത്ത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് രാഷ്ട്രീയ പകപോക്കൽ നടത്തുകയാണെന്ന് ജിഗ്നേഷ് മേവാനി പറഞ്ഞു. വനിതാ പൊലീസിനെ ഉപദ്രവിച്ചുവെന്ന കേസിലെ എഫ്ഐആർ കെട്ടിച്ചമച്ചതാണെന്ന് കോടതിക്ക് പോലും ബോധ്യപ്പെട്ടു. കേസ് കൊടുത്ത വനിത പൊലീസിനെതിരെ കേസ് കൊടുക്കാൻ തന്റെ സംസ്കാരം അനുവദിക്കുന്നില്ലെന്നും ജിഗ്നേഷ് മേവാനി പറഞ്ഞു.
തന്റെ കേസ് പിൻവലിക്കണം എന്ന് പറയുന്നില്ല എന്നാൽ താൻ ഉന്നയിക്കുന്ന മൂന്ന് വിഷയങ്ങളിൽ ഉടൻ തീരുമാനം എടുക്കണം. അല്ലായെങ്കിൽ ജൂൺ ഒന്നിന് ഗുജറാത്തിൽ കോൺഗ്രസ് ബന്ദ് നടത്തുമെന്നും ജിഗ്നേഷ് മേവാനി പറഞ്ഞു. പാട്ടീദാർ സമുദായത്തിനെതിരായ കേസുകൾ പിൻവലിച്ചപോലെ തന്റെ നിയമസഭാ മണ്ഡലമായ വട്ഗാമിലെ ന്യൂനപക്ഷത്തിന് എതിരെ എടുത്ത കേസുകൾ പിൻവലിക്കണം. 22 ചോദ്യപ്പേപ്പറുകൾ ചോർന്നു. അതിൽ അന്വേഷണം പ്രഖ്യാപിക്കണം. മുന്ദ്ര തുറമുഖത്തെ 1.75 ലക്ഷം കോടിരൂപയുടെ മയക്കു മരുന്ന് കടത്തിൽ ഗൗതം അദാനിയുടെ പങ്ക് അന്വേഷിക്കണം എന്നിവയാണ് ജിഗ്നേഷ് മേവാനി ഉന്നയിച്ച മൂന്ന് ആവശ്യങ്ങൾ.
ഗുജറാത്ത് തിരഞ്ഞെടുപ്പ് മാത്രം മുന്നിൽക്കണ്ടല്ല തന്റെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടി. എതിർപ്പിന്റെ ശബ്ദം ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്നും മേവാനി പറഞ്ഞു. മോദീജീ താങ്കൾ മനസ്സിലാക്കിക്കോളു, പൂവല്ല തീയാണ്. തലകുനിക്കില്ല എന്ന് വെല്ലുവിളിയോടെ പറഞ്ഞാണ് കോൺഗ്രസ് ആസ്ഥാനത്ത് വിളിച്ചു ചേർത്ത വാർത്താ സമ്മേളനം ജിഗ്നേഷ് മേവാനി അവസാനിപ്പിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ട്വീറ്റിട്ടതിനാണ് അസം പൊലീസ് ഗുജറാത്തിലെത്തി മേവാനിയെ അറസ്റ്റ് ചെയ്തത്. ഈ കേസിൽ ജാമ്യം ലഭിച്ചതിന് തൊട്ടുപിന്നാലെ അസം പൊലീസ് രണ്ടാമതും മേവാനിയെ അറസ്റ്റ് ചെയ്തു. വനിതാ പൊലീസ് ഉദ്യോസ്ഥയെ അപമാനിച്ചെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. ഈ കേസിലും ജിഗ്നേഷ് മേവാനിക്ക് ജാമ്യം ലഭിച്ചു.
തന്നെ അറസ്റ്റ് ചെയ്തത് മോദിയുടെ പ്രതികാര രാഷ്ട്രീയത്തിന്റെ തെളിവാണെന്ന് നേരത്തേ മേവാനി പ്രതികരിച്ചിരുന്നു. അസമിലെ കൊക്രഝാറിൽ നിന്നുള്ള പ്രാദേശിക ബിജെപി നേതാവ് അരൂപ് കുമാർ ഡേ നൽകിയ പരാതിയിലാണ് നേരത്തേ മേവാനിയെ അറസ്റ്റ് ചെയ്തത്. ക്രിമിനൽ ഗൂഢാലോചന, ആരാധനാലയത്തെച്ചൊല്ലി പ്രകോപനപരമായ പ്രസ്താവനകൾ നടത്തി, മതവികാരം വ്രണപ്പെടുത്തി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് നേരത്തേ അറസ്റ്റ് രേഖപ്പെടുത്തിയത്.
2021 സെപ്റ്റംബറിൽ ജിഗ്നേഷ് മേവാനി കോൺഗ്രസിന് തന്റെ തുറന്ന പിന്തുണ പ്രഖ്യാപിച്ചിരുന്നു. മോദി ഭരണകൂടത്തെ ശക്തമായി വിമർശിച്ചിരുന്ന മേവാനി, ദളിത് അധികാർ മഞ്ച് എന്ന പേരിലുള്ള രാഷ്ട്രീയ പാർട്ടിയുടെ കൺവീനർ കൂടിയാണ്. മേവാനിയുടെ ചില ട്വീറ്റുകൾ ഈയിടെ, കൂട്ടത്തോടെ റിപ്പോർട്ട് ചെയ്യപ്പെട്ടതിനാൽ ബ്ലോക്ക് ചെയ്യപ്പെട്ടിരുന്നു. ഗുജറാത്തിലെ വദ്ഗാം മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് മേവാനി. മാധ്യമപ്രവർത്തകനായിരുന്ന മേവാനി, പിന്നീട് അഭിഭാഷകവൃത്തിയിലേക്കും അവിടെ നിന്ന് രാഷ്ട്രീയത്തിലേക്കും തിരിഞ്ഞു. സ്വതന്ത്ര എംഎൽഎയാണെങ്കിലും പിന്നീട് മേവാനി കോൺഗ്രസിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ