അഹമ്മദാബാദ്: ഗുജറാത്തിൽ വിശാല ഐക്യമുണ്ടാക്കി തെരഞ്ഞെുപ്പിനെ നേരിട്ട് അധികാരം പിടിക്കാമെന്നും അതുവഴി നരേന്ദ്ര മോദിക്ക് മറുപടി നൽകാമെന്നും പ്രതീക്ഷിച്ചാണ് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഇപ്പോൾ കഠിനാധ്വാനം ചെയ്യുന്നത്. എന്നാൽ, രാഹുലിന്റെ മോഹം എത്രകണ്ട് ഫലിക്കുമെന്ന കാര്യത്തിൽ അധികമാർക്കും ഉറപ്പില്ല. ഗുജറാത്തിൽ വിശാല സഖ്യമുണ്ടാക്കി മോദിയെ തറപറ്റിക്കാമെന്ന രാഹുലിന്റെ തന്ത്രത്തിന് വിവിധ ഭാഗങ്ങളിൾ നിന്നാണ് തിരിച്ചടിയേൽക്കുന്നത്. ദളിതുകളെയും പട്ടേലിമാരെയും ഒപ്പം നിർത്തി മുന്നേറാണ് കോൺഗ്രസിന്റെ ലക്ഷ്യം. എന്നാൽ, രണ്ടു കൂട്ടരുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ പാർട്ടിക്ക് കഴിയുമോ എന്നതാണ് ആശങ്കക്ക് ഇടയാക്കുന്നത്.

ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുന്നതിനിടെ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നില്ലെന്ന് ദലിത് നേതാവ് ജിഗ്‌നേഷ് മെവാനി വ്യക്തമാക്കിയതാണ് കോൺഗ്രസിന് ഒടുവിൽ തിരിച്ചടിയായത്. ഫേസ്‌ബുക് പോസ്റ്റിലാണ് ജിഗ്‌നേഷ് നിലപാടു വ്യക്തമാക്കിയത്. താൻ രാഹുലുമായി കൂടിക്കാഴ്ച നടത്തിയാൽ തന്നെ അതു ദലിത് വിഭാഗത്തിന്റെ പ്രശ്‌നങ്ങളിലെ കോൺഗ്രസ് നിലപാടറിയാൻ വേണ്ടിയായിരിക്കും. അല്ലാതെ സ്വന്തം താൽപര്യങ്ങൾക്കു വേണ്ടിയല്ലെന്നും ജിഗ്‌നേഷ് കൂട്ടിച്ചേർത്തു.

അതിനിടെ, രാഹുൽ ഗാന്ധി ബുധനാഴ്ച ആരംഭിക്കുന്ന പ്രചാരണത്തിനിടെ ജിഗ്‌നേഷുമായി കൂടിക്കാഴ്ച നടത്താൻ ഉദ്ദേശിച്ചിട്ടില്ലെന്ന് കോൺഗ്രസും വ്യക്തമാക്കി. ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമാകുന്നില്ലെന്ന് മെവാനി മുൻപും പറഞ്ഞിരുന്നു. ബിജെപിയെ താഴെയിറക്കാൻ ആവശ്യമായത് ചെയ്യും. ഇന്നയാളുകൾക്കു വോട്ടു ചെയ്യാൻ താൻ ആരോടും ആഹ്വാനം ചെയ്യില്ല. എന്നാൽ ഭരണഘടനാ വിരുദ്ധമായ, ദലിത്, പട്ടിദാർ, കർഷക വിരുദ്ധരായ ബിജെപിയെ തകർക്കാൻ ആവശ്യമായതെല്ലാം ചെയ്യുമെന്നും മെവാനി വ്യക്തമാക്കിയിരുന്നു.

ഗുജറാത്തിൽ ബിജെപിക്കെതിരെ ചെറുപാർട്ടികളെ അണിനിരത്തി വിശാല സഖ്യം രൂപീകരിക്കുന്നതിനാണ് കോൺഗ്രസ് നീക്കം നടത്തുന്നത്. ഇതിനായി പട്ടേൽ സംവരണ പ്രക്ഷോഭത്തിന്റെ നേതാവ് ഹാർദിക് പട്ടേൽ, ദലിത് അവകാശമുന്നണി നേതാവ് ജിഗ്‌നേഷ് മെവാനി, പിന്നാക്ക ദലിത് ആദിവാസി ഐക്യവേദി നേതാവ് അൽപേഷ് താക്കൂർ എന്നിവരെ പാർട്ടിയിൽ ചേർന്നു പ്രവർത്തിക്കാൻ കോൺഗ്രസ് ക്ഷണിച്ചിരുന്നു. ഹാർദിക് പട്ടേലും കോൺഗ്രസിന്റെ ക്ഷണം നേരത്തെ നിരസിച്ചിരുന്നു. എന്നാൽ ക്ഷണം സ്വീകരിച്ച അൽപേഷ് ഠാക്കൂർ കോൺഗ്രസിൽ ചേർന്നു.

അതേസമയം സംവരണ വിഷയം ചൂണ്ടി കോൺഗ്രസിനെ സമ്മർദ്ദത്തിലാക്കാനാണ് ഹാർദ്ദിക പട്ടേലിന്റെ ശ്രമം. ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസിന് അന്ത്യശാസനമാണ് പട്ടേൽ നൽകിയത്. സമുദായസംവരണം സംബന്ധിച്ച് നവംബർ മൂന്നിനകം കൃത്യമായ നിലപാട് അറിയിക്കണമെന്ന് ഹാർദിക് പട്ടേൽ കോൺഗ്രസിനോട് ട്വിറ്ററിൽ ആവശ്യപ്പെട്ടു. ഹാർദിക് കോൺഗ്രസിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെയാണിത്. നവംബർ ഒന്നുമുതൽ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധി ഗുജറാത്തിൽ സന്ദർശനം നടത്തുന്നുണ്ട്. ഈസമയം നിലപാട് വ്യക്തമാക്കണമെന്നാണ് ഹാർദിക്കിന്റെ ആവശ്യം.

സംവരണവിഷയത്തിൽ കോൺഗ്രസ് വഴങ്ങിയില്ലെങ്കിൽ ബന്ധം വഷളായേക്കുമെന്ന സൂചനയാണ് ട്വീറ്റിലൂടെ വ്യക്തമാകുന്നത്. വിദ്യാഭ്യാസരംഗത്തും സർക്കാർ ജോലിയിലും സംവരണമാവശ്യപ്പെട്ട് രണ്ടുവർഷമായി സമരംനടത്തുകയാണ് ഹാർദിക്കിന്റെ നേതൃത്വത്തിലുള്ള പട്ടേൽവിഭാഗം.