കൊച്ചി: ജിഷയെ കൊലപ്പെടുത്തിയത് തനിച്ചല്ലെന്ന് പൊലീസ് ചോദ്യംചെയ്യലിൽ പ്രതി അമീറുൽ ഇസ്ലാമിന്റെ വെളിപ്പെടുത്തൽ. താനും സുഹൃത്ത് അനറുൽ ഇസ്ലാമും ചേർന്നാണ് ജിഷയെ കൊലപ്പെടുത്തിയതെന്നും ജിഷയെ കൂടുതൽ ആക്രമിച്ചത് അനറുൽ ആണെന്നുമാണ് പ്രതിയുടെ പുതിയ മൊഴി. ഇതോടെ ജിഷയെ കൊലപ്പെടുത്താൻ ഗൂഢാലോചന നടന്നുവെന്ന സംശയവും ബലപ്പെടുകയാണ്. അമീറുലിന്റെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ കൂട്ടുപ്രതിക്കായി പൊലീസ് സംഘം ആസാമിൽ തിരച്ചിൽ തുടങ്ങി. താനല്ല മറിച്ച് സുഹൃത്ത് അനാറുൽ ഇസ്ലാമാണ് ജിഷയെ ക്രൂരമായി ആക്രമിച്ചതെന്നാണ് പ്രതി ഇപ്പോൾ മൊഴി നൽകിയിരിക്കുന്നത്.

കേസിന്റെ ഗതി തിരിച്ചുവിടുന്ന നിർണായക വെളിപ്പെടുത്തലാണ് ഇപ്പോൾ ഉണ്ടായത്. കൊലപ്പെടുത്തിയ കത്തിയെക്കുറിച്ച ആവർത്തിച്ച് ചോദ്യംചെയ്യുന്നതിനിടെയാണ് പുതിയ മൊഴി അമീറുൽ ഇസ്‌ളാം നടത്തിയത്. ജിഷയുടെ കഴുത്തിലും മറ്റുമുള്ള ഏഴിടത്ത് മുറിവുകളാണ് താൻ ആക്രമിച്ചപ്പോൾ ഉണ്ടായതെന്നും ശരീരത്തിൽ വീണ്ടുംവീണ്ടും കുത്തിയത് സുഹൃത്ത് അനാറുൽ ആണെന്നുമാണ് പുതിയ മൊഴി. ഈ സാഹചര്യത്തിൽ അനാറുലിനെ പിടികൂടിയാലേ കേസിൽ കൂടുതൽ വ്യക്തത വരൂ എന്നതിനാൽ ഇയാൾക്കായി തിരിച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.

ഇയാൾ ഇടയ്ക്കിടെ മൊഴി മാറ്റിയിരുന്നതിനാൽത്തന്നെ ഒരാളല്ല കൊലയ്ക്കുപിന്നിലെന്ന സംശയം അന്വേഷണ സംഘത്തിന് ഉണ്ടായിരുന്നു. സാഹചര്യത്തെളിവുകളും അത്തരത്തിലൊരു സാധ്യതയിലേക്കാണ് വിരൽചൂണ്ടിയിരുന്നത്. അതിനാൽത്തന്നെ ജിഷയുടെ വീട്ടിൽ കൂടുതൽ തെളിവുകൾക്കായി തിരച്ചിൽ നടത്തുകയും ചെയ്തു. ഒരാളുടെ കൂടെ വിരലടയാളം പൊലീസിന് ലഭിച്ചിരുന്നു. ജിഷയുടെ വീട്ടിൽ മീൻവളർത്തിയിരുന്ന ജാറിലെ വിരലടയാളം ആരുടേതാണെന്ന് പൊലീസ് അന്വേഷിച്ചുവരുന്നതിനിടെയാണ് അമീറുൽ തനിച്ചല്ല കൊലപാതകം നടത്തിയതെന്ന പുതിയ മൊഴി നൽകിയത്. ഏതായാലും പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജിഷയുടെ കൊലപാതകത്തിനു പിന്നിൽ ഗൂഢാലോചന നടന്നോ എന്നും ഇവർ ആർക്കെങ്കിലും വേണ്ടി കൊല നടത്തിയതാണോ എന്നുമെല്ലാം അന്വേഷിക്കുമെന്നാണ് സൂചനകൾ.

കേസുമായി ബന്ധപ്പെട്ട എല്ലാ വിവരവും അന്വേഷിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റതന്നെ അമീറുലിനെ ചോദ്യംചെയ്തതിനു പിന്നാലെ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ദിവസങ്ങളോളം തുടർച്ചയായി ചോദ്യം ചെയ്തിട്ടും കൊലപാതകത്തിന് ഉപയോഗിച്ച ആയുധത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നതും പൊലീസിനെ കുഴക്കുന്നുണ്ട്. നാലു ദിവസത്തിലേറെ തുടർച്ചയായി ചോദ്യം ചെയ്തിട്ടും കൊല നടത്താൻ ഉപയോഗിച്ച കത്തി, പ്രതി ധരിച്ച രക്തം പുരണ്ട ഷർട്ട് എന്നിവ സംബന്ധിച്ച വിവരങ്ങളൊന്നും ലഭിച്ചില്ല. അതിനാൽ അമീറിന് മറ്റാരുടെയോ സഹായം ലഭിച്ചെന്ന് പൊലീസിന്റെ സംശയം ബലപ്പെട്ടിട്ടുണ്ട്.

അതേസമയം, ജിഷ വധക്കേസിൽ ഉന്നത കോൺഗ്രസ് നേതാവിനെതിരേ താൻ മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ ഉറച്ചുനിൽക്കുമെന്ന് ജോമോൻ പുത്തൻപുരയ്ക്കൽ വ്യക്തമാക്കി. ഒരുകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് പി പി തങ്കച്ചൻ അയച്ച വക്കീൽ നോട്ടീസിന് ഹൈക്കോടതിയിലെ സീനിയർ അഡ്വ. കെ രാംകുമാർ മുഖേനയാണ് അദ്ദേഹം മറുപടി നൽകിയത്. താൻ ആരോപണം ഉന്നയിക്കുന്നതിനു മുമ്പുതന്നെ ജിഷയുടെ കൊലപാതകം ഒതുക്കാൻ പ്രേരിപ്പിച്ചത് കോൺഗ്രസ് ഉന്നതൻ എന്ന തലക്കെട്ടിൽ പത്രവാർത്ത വന്നിരുന്നു. ജിഷയുടെ കേസ് പൊലീസിനെ സ്വാധീനിച്ച് അട്ടിമറിച്ചത് തങ്കച്ചനാണെന്ന് രാജേശ്വരി ഒരു സ്വകാര്യ ചാനലിലൂടെ വെളിപ്പെടുത്തിയിരുന്നതായി ജോമോൻ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ഒരിടത്തും പി പി തങ്കച്ചന്റെ പേര് പറഞ്ഞിട്ടില്ല. എന്നാൽ ആ ഉന്നത നേതാവ് താൻതന്നെയാണെന്നു പറഞ്ഞ് പത്രസമ്മേളനം നടത്തിയത് പി പി തങ്കച്ചനാണെന്നു മറുപടി നോട്ടീസിൽ ജോമോൻ പറയുന്നു.

തന്റെ ഭാര്യ രാജേശ്വരി പി പി തങ്കച്ചന്റെ വീട്ടിൽ വർഷങ്ങളോളം ജോലിചെയ്തിട്ടുണ്ടെന്നും രാജേശ്വരിയെ അറിയില്ലെന്ന് തങ്കച്ചൻ പറഞ്ഞത് പച്ചക്കള്ളമാണെന്നും ജിഷയുടെ പിതാവ് പാപ്പു പറയുന്ന വീഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. കൂടാതെ രാജേശ്വരിയെ താൻ വിവാഹം കഴിക്കുന്നതിന് മുമ്പും പി പി തങ്കച്ചന്റെ വീട്ടിൽ രാജേശ്വരി ജോലിക്കുപോയെന്ന് പാപ്പു പറഞ്ഞ വീഡിയോയിൽ വ്യക്തമാണ്. - മറുപടി നോട്ടീസിൽ ജോമോൻ ചൂണ്ടിക്കാട്ടുന്നു.