- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആകെ ഉണ്ടായിരുന്ന തെറ്റ് ധനവകുപ്പുമായി ആലോചിക്കാതെ കരാർ ഒപ്പിടാൻ മന്ത്രിസഭ തീരുമാനമെടുത്തുവെന്ന സാങ്കേതിക കാരണം മാത്രം; കരുണാകരനും മുസ്തഫയും നിരപരാധികൾ; പാമോയിൽ കേസിൽ തൊട്ടാൽ പൊള്ളുമെന്ന് പറഞ്ഞിട്ടും പിൻവലിക്കാൻ തീരുമാനിച്ചത് സത്യം അറിയാവുന്നതു കൊണ്ട്; വീണ്ടും തുറന്നു പറച്ചിലുമായി ഉമ്മൻ ചാണ്ടി എത്തുമ്പോൾ
തിരുവനന്തപുരം : കേരള രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ച പാമോയിൽ കേസിന്റെ അണിയറ സാഹചര്യം പൊതുവേദിയിൽ വിശദീകരിച്ച് അന്നത്തെ ധനമന്ത്രി ഉമ്മൻ ചാണ്ടി. പാമോയിൽ കേസിൽ വഴിവിട്ട് ഒന്നും നടന്നിട്ടില്ല. ഞാൻ കൂടി പ്രതിയായിരുന്നെങ്കിൽ ജിജി തോംസൺ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ രക്ഷപ്പെടുമായിരുന്നു. എന്നാൽ തന്നെ ഇരുപത്തിമൂന്നാം സാക്ഷിയാക്കുകയായിരുന്നു. ഇതിനെല്ലാം പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് ഉമ്മൻ ചാണ്ടി സംശയിക്കുന്നത്.
കെ.കരുണാകരനും സി.എച്ച്.മുസ്തഫയും ഉൾപ്പെടെയുള്ളവർ നിരപരാധികളാണ്. ഇക്കാര്യം മനസിലാക്കിയാണ് മുഖ്യമന്ത്രിയായപ്പോൾ കേസ് പിൻവലിച്ചത്. രണ്ട് തവണ മുഖ്യമന്ത്രിയായപ്പോഴും പലരും കേസിൽ തൊടരുതെന്നും കൈപ്പൊളുമെന്നും ഉപദേശിച്ചിരുന്നതായും ഉമ്മൻ ചാണ്ടി തുറന്നു പറഞ്ഞു. ഇന്നലെ തിരുവനന്തപുരത്ത് നടന്ന ജിജി തോംസൺ രചിച്ച നഥിംങ്ങ്് പേഴ്‌സണൽ എന്ന പുസ്തകം പ്രകാശനം ചെയ്തുകൊണ്ടായിരുന്നു പാമോയിൽ കേസിലെ എല്ലാവർക്കും ഉമ്മൻ ചാണ്ടി ക്ലീൻ ചിറ്റ് നൽകിയത്.
ധനവകുപ്പുമായി ആലോചിക്കാതെ കരാർ ഒപ്പിടാൻ മന്ത്രിസഭ തീരുമാനമെടുത്തുവെന്ന സാങ്കേതിക കാരണം മാത്രമാണ് കേസിന് ആധാരം. പാമോയിൽ അത്യാവശ്യമായതുകൊണ്ടാണ് തിടുക്കത്തിൽ ഫയൽ മന്ത്രിസഭ പരിഗണിച്ചതെന്നും ഉമ്മൻ ചാണ്ടി വിശദീകരിച്ചു. 1991-92-കാലഘട്ടത്തിൽ കെ. കരുണാകരൻ കേരള മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.
പവർ ആൻഡ് എനർജി ലിമിറ്റഡ് എന്ന മലേഷ്യൻ കമ്പനിയിൽ നിന്ന് ഒരു സിംഗപ്പൂർ കമ്പനിയെ ഇടനിലക്കാരനാക്കി പാമോയിൽ ഇറക്കുമതി ചെയ്തതിൽ അഴിമതികൾ ഉണ്ടെന്ന് ആരോപിച്ചായിരുന്നു കേസ്. മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരൻ, മുൻ ഭക്ഷ്യമന്ത്രി ടി.എച്ച്. മുസ്തഫ, അന്നത്തെ ചീഫ് സെക്രട്ടറി എസ്. പത്മകുമാർ, ഭക്ഷ്യസെക്രട്ടറി പി.ജെ. തോമസ്, സിവിൽ സപ്ലൈസ് ഡയറക്ടർ ജിജി തോംസൺ, അഡീഷണൽ ചീഫ് സെക്രട്ടറി സക്കറിയ മാത്യു, പാമോയിൽ കമ്പനി ഉദ്യോഗസ്ഥരായ സദാശിവൻ, ശിവരാമകൃഷ്ണൻ എന്നിവരായിരുന്നു പ്രതികൾ.
പി.ജെ തോമസ് പിന്നീട് ചീഫ് വിജിലൻസ് കമ്മിഷണറായെങ്കിലും അദ്ദേഹം ചീഫ് വിജിലൻസ് കമ്മിഷണറായി തുടരുന്നത് അനുചിതമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയതിനെത്തുടർന്ന് 2011 മാർച്ചിൽ തത്സ്ഥാനം രാജിവച്ചു. അന്താരാഷ്ട്ര മാർക്കറ്റിൽ പാമോയിലിന്റെ വില ടണ്ണിനു 392.25 ഡോളറായിരുന്ന അക്കാലത്ത് ടണ്ണിനു 405 ഡോളർ എന്ന നിരക്കിൽ 15,000 ടൺ പാമോയിൽ ഇറക്കുമതി ചെയ്യാനുള്ള ഓർഡർ പുറപ്പെടുവിക്കുകയായിരുന്നു. ഈ ഓർഡർ അന്നത്തെ ക്യാബിനറ്റിന്റെ അംഗീകാരത്തോടുകൂടി കൂടി പുറപ്പെടിവിച്ചതാണെന്നതാണ് കേസിലെ പ്രധാന ആരോപണം.
ഈ കേസിൽ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ കരുണാകരനും മറ്റ് ഏഴുപേർക്കും കുറ്റപത്രം നൽകി. ജസ്റ്റിസ് പി. കെ. ബാലചന്ദ്രനു മുൻപിൽ നൽകിയ ചാർജ്ജ് ഷീറ്റിൽ പാമോയിൽ കൂടിയ വിലയ്ക്ക് ഇറക്കുമതി ചെയ്ത വകയിൽ സംസ്ഥാനത്തിന് 2.32 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായും ഇതിൽ കുറ്റകരമായ ഗൂഢാലോചന ഉള്ളതായും സംസ്ഥാന വിജിലൻസ് ആരോപിച്ചു. കെ .കരുണാകരന്റെ മരണശേഷം സുപ്രീം കോടതി അദ്ദേഹത്തിനെതിരായുള്ള നടപടിക്രമങ്ങൾ കേസിൽ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു.
മാറി വരുന്ന സർക്കാരുകൾ ഈ കേസിനു നേരെ സ്വീകരിച്ച നയങ്ങൾ വ്യത്യസ്തമായിരുന്നു. കേസ് ഇന്ന് സുപ്രീം കോടതിയിലാണ്. എ.കെ. ആന്റണി മന്ത്രിസഭ കേസ് പിൻവലിക്കുവാൻ താല്പര്യപ്പെട്ടു എങ്കിലും വി എസ്. അച്യുതാനന്ദൻ മന്ത്രിസഭ കേസ് തുടരുവാൻ താല്പര്യപ്പെട്ടു. തുടർന്ന് കേസ് 2011 മാർച്ചിൽ വീണ്ടും പരിഗണിക്കുകയും 2011 ഓഗസ്റ്റിൽ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിയെ കേസിലെ പുനരന്വേഷണത്തിൽ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.
കോൺഗ്രസ് രാഷ്ട്രീയത്തിനുള്ളിലും വിഷയം ഏറെ ഒച്ചപ്പാടുണ്ടാക്കി. കെ.കരുണാകരനെ വീഴ്്ത്താൻ കോൺഗ്രസിലെ പല നേതാക്കളും ഈ വിഷയം ആയുധമാക്കിയതായും പലവട്ടം ആരോപണം ഉയർന്നിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ