തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിതനായ ജിജി തോംസന്റെ ഇടപെടൽ ദേശീയ ഗെയിംസിനെ രക്ഷിക്കുമോ? മുന്നൊരുക്കങ്ങളെല്ലാം താറുമാരായ ദേശീയ ഗെയിംസിന്റെ രക്ഷകനാകാൻ ജിജി തോംസന്റെ ഇടപെടൽ കൊണ്ട് സാധിക്കുമെന്നാണ് മന്ത്രിമാർ അടക്കമുള്ളവരുടെ പ്രതീക്ഷ. ഈ പ്രതീക്ഷയ്ക്ക് മതിയായ കാരണങ്ങളുമുണ്ട്. എന്നും സംഘാടന മികവുകൊണ്ട് ശ്രദ്ധ നേടിയ വ്യക്തിത്വമായിരുന്നു ജിജി തോംസൺ. കായിക മേഖലയുമായി ഇടപെട്ട് പരിയമുള്ള ഇദ്ദേഹം വിദ്യാർത്ഥി നേതാവെന്ന നിലയിലും ഏറെ ശ്രദ്ധേയനായിരുന്നു.

1987ൽ കേരളത്തിൽ ദേശീയ ഗെയിംസ് നടക്കുമ്പോൾ ജനറൽ കൺവീനറായിരുന്ന ജിജി ആ കായികമേള ഗംഭീരവിജയമാക്കിയതോടെ ശ്രദ്ധേയനായി. കേന്ദ്ര സർക്കാരിൽ ഡെപ്യൂട്ടേഷനിൽ പോയപ്പോഴും കായികമേഖലയിൽ നിരവധി ചുമതലകൾ കേന്ദ്രസർക്കാർ അദ്ദേഹത്തെ ഏൽപ്പിച്ചിരുന്നു. സ്പോർട്സ് അഥോറിറ്റി ഒഫ് ഇന്ത്യ ഡയറക്ടർ ജനറൽ സ്ഥാനത്തുനിന്ന് കേരളത്തിൽ തിരിച്ചെത്തിയ ജിജി ചീഫ് സെക്രട്ടറിയാകുന്നത് വീണ്ടും കേരളത്തിൽ ദേശീയ ഗെയിംസ് നടക്കുമ്പോഴാണ്. അതുകൊണ്ട് തന്നെ ഗെയിംസിന്റെ വിജയ-പരാജയങ്ങൾ നിർണ്ണയിക്കുന്നതിൽ ജിജി തോംസന്റെ റോൾ നിർണ്ണായകമാകുമെന്ന കാര്യം ഉറപ്പാണ്.

തിരുവനന്തപുരം മാർ ഈവാനിയോസ് കോളജിലും ഗവ.ആർട്‌സ് കോളജിലും പഠിക്കുമ്പോൾ ജിജി യൂണിയൻ ഭാരവാഹിയായിരുന്നു.
ഇപ്പോൾ പൊതുഭരണവകുപ്പ് അഡിഷണൽ ചീഫ്‌സെക്രട്ടറിയാണ് ജിജി. 1980 ഐ.എ.എസ് ബാച്ചിൽ പെട്ട അദ്ദേഹത്തിന് 2016 ഫെബ്രുവരി വരെ കാലാവധിയുണ്ട്. അസി.കലക്ടറായി 1983 ജനുവരി ഒന്നിന് ഔദ്യോഗിക ജീവിതത്തിന് തുടക്കമിട്ട ജിജി തോംസൺ സംസ്ഥാന സർവീസിൽ വിവിധ തസ്തികകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സംസ്ഥാന സ്പോർട്സ് ഡയറക്ടറായിരിക്കെയാണ് 1987 ദേശീയ ഗെയിംസ് ജനറൽ കൺവീനറാകുന്നത്. ഗെയിംസ് നടത്തിപ്പിലൂടെ സർക്കാരിന് അദ്ദേഹം വരുമാനമുണ്ടാക്കിക്കൊടുത്തു. പക്ഷേ സിവിൽ സപ്ലൈസ് മാനേജിങ് ഡയറക്ടർ ആയിരിക്കെ വിവാദമായ പാമോയിൽ ഇറക്കുമതി ഇടപാടിൽ ജിജി തോംസണും പ്രതി ചേർക്കപ്പെട്ടു. തുടർന്നങ്ങോട്ട് വിവാദങ്ങളുടെ തോഴനായാണ് ഇദ്ദേഹം അറിയപ്പെട്ടത്.

കെ.എസ്.ഐ.ഡി.സി മാനേജിങ് ഡയറക്ടർ , വ്യവസായം, ജലവിഭവം, ആസൂത്രണം, ഗതാഗതം, കൃഷി, സ്‌പോട്‌സ്, യുവജനക്ഷേമം, സാമൂഹിക നീതി തുടങ്ങി വിവിധ വകുപ്പുകളുടെ സെക്രട്ടറിയായും ജിജി പ്രവർത്തിച്ചിട്ടുണ്ട്. സ്‌പോട്‌സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ ഡയറക്ടർ ജനറലായി 2013 മാർച്ച് മുതൽ പ്രവർത്തിച്ച ജിജി കേന്ദ്രസർവ്വീസിൽ സ്ഥാനക്കയറ്റം തടഞ്ഞുവച്ചതിനെതിരെ പ്രതിഷേധമുയർത്തിയിരുന്നു. കുത്തഴിഞ്ഞ സായി ഭരണം നേരേയാക്കാനുള്ള ശ്രമം അദ്ദേഹം നടത്തി. സായിയുടെ നേതൃത്വത്തിൽ സബ് ജൂനിയർ തലത്തിലെ പ്രതിഭകളെ കണ്ടെത്തി പരിശീലിപ്പിക്കുന്നതിന് നടപടി തുടങ്ങി. ഇതിനായി നിരവധി അക്കാഡമികളും സ്ഥാപിച്ചു.

തിരുവനന്തപുരം ശാസ്തമംഗലത്ത് ആർമി ഉദ്യോഗസ്ഥനായിരുന്ന ഈശോ തോമസിന്റെയും കോട്ടൺഹിൽ സ്‌കൂൾ അദ്ധ്യാപികയായിരുന്ന പരേതയായ അന്നാമ്മ തോമസിന്റെയും മകനായ ജിജി തോംസൺ നാലാം ക്ലാസു വരെ കോട്ടൺഹിൽ സ്‌കൂളിലാണ് പഠിച്ചത്. അഞ്ച്, ആറ് ക്ലാസുകളിൽ എസ്.എം.വി സ്‌കൂളിലും തുടർന്ന് പത്താം ക്ലാസ് വരെ തിരുവനന്തപുരം ഗവ.മോഡൽ സ്‌കൂളിലും പഠിച്ചു. പ്രീഡിഗ്രി മാർ ഇവാനിയോസ് കോളജിൽ നിന്ന് പൂർത്തിയാക്കിയ അദ്ദേഹം ആർട്‌സ് കോളജിൽ നിന്നും ബിരുദവും കേരള സർവകലാശാലയുടെ കാര്യവട്ടം കാമ്പസിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി.

മാർ ഇവാനിയോസ് കോളജിൽ വിദ്യാർത്ഥിയായിരിക്കെ മാഗസിൻ എഡിറ്ററായിരുന്ന അദ്ദേഹം ആർട്‌സ് കോളജിൽ സ്വതന്ത്രനായി മത്സരിച്ച് യൂണിയൻ ചെയർമാനായി. മോഡൽ സ്‌കൂളിൽ പഠിക്കുന്ന കാലത്ത് സാമൂഹ്യപാഠം അദ്ധ്യാപകനാണ് ജിജി തോംസണിന്റെ മനസിൽ സിവിൽ സർവീസ് മോഹം വളർത്തിയത്. ഭാര്യ ഷീലു. മക്കൾ മിറിയ, അന്ന