- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിൻസൻ എം പോളിനു കൊടുത്ത വാക്കു പാലിക്കേണ്ടി വന്നതിനാൽ മുഖ്യ വിവരാവകാശ കമ്മീഷണർ ആക്കാൻ സാധിച്ചില്ല; റിട്ടയർ ചെയ്യും മുമ്പു മന്ത്രിക്കു തുല്യമായി ഉപദേഷ്ടാവാക്കി തിരുകിക്കയറ്റി; ജിജി തോംസണെ കാക്കാൻ ഖജനാവു മുടിക്കുന്നത് ഇങ്ങനെ
തിരുവനന്തപുരം: ചീഫ് സെക്രട്ടറിയായിരുന്ന പാലാട്ട് മോഹൻദാസ് കേരളത്തിൽ മുഖ്യവിവരാവകാശ കമ്മീഷണറായിരുന്നു. ഇതേ മാതൃകയിൽ ഈ പദവിയിലെത്താനായിരുന്നു ജിജി തോംസണിന്റെ ആഗ്രഹം. അത്തരമൊരു നീക്കം ജിജി തോംസൺ നടത്തുകയും ചെയ്തു. എന്നാൽ ബാർ കോഴയിൽ ഏറെ പേരുദോഷമുണ്ടാക്കിയ വിൻസൺ എം പോളിന് നൽകിയ ഉറപ്പ് പിൻവലിക്കാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കഴി
തിരുവനന്തപുരം: ചീഫ് സെക്രട്ടറിയായിരുന്ന പാലാട്ട് മോഹൻദാസ് കേരളത്തിൽ മുഖ്യവിവരാവകാശ കമ്മീഷണറായിരുന്നു. ഇതേ മാതൃകയിൽ ഈ പദവിയിലെത്താനായിരുന്നു ജിജി തോംസണിന്റെ ആഗ്രഹം. അത്തരമൊരു നീക്കം ജിജി തോംസൺ നടത്തുകയും ചെയ്തു. എന്നാൽ ബാർ കോഴയിൽ ഏറെ പേരുദോഷമുണ്ടാക്കിയ വിൻസൺ എം പോളിന് നൽകിയ ഉറപ്പ് പിൻവലിക്കാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കഴിയുമായിരുന്നില്ല. സത്യസന്ധതയ്ക്ക് പേരു കേട്ട വിൻസൺ എം പോൾ ഈ സ്ഥാനം വേണ്ടെന്ന് വയ്ക്കുമെന്ന് പറയുമെന്ന പ്രതീക്ഷ ജിജി തോംസണ് ഉണ്ടായിരുന്നു. എന്നാൽ ഹൈക്കോടതി ജസ്റ്റീസിന്റെ അധികാര പരിധിയുള്ള മുഖ്യ വിവരാവകാശ കമ്മീഷണർ സ്ഥാനം ഏറ്റെടുക്കാനായിരുന്നു വിൻസൺ എം പോളിന്റെ ഉറച്ച തീരുമാനം. ഇതോടെ മുഖ്യമന്ത്രിക്ക് ഈ പദവി ബാർ കോഴയിൽ രക്ഷകനായി മാറിയ വിൻസൺ എം പോളെന്ന മുൻ വിജിലൻസ് ഡയറക്ടർക്ക് നൽകേണ്ടിയും വന്നു.
അപ്പോഴും എന്നും തന്റെ വിശ്വസ്തനായ ജിജി തോംസണെ കൈയൊഴിയാൻ മുഖ്യമന്ത്രി തയ്യാറായിരുന്നില്ല. മറ്റ് വഴികൾ ഇല്ലാത്തതിനാൽ ചീഫ് സെക്രട്ടറിയുടെ പദവി നിലനിർത്തി. മെയ് പകുതിയോടെ മുഖ്യമന്ത്രി പദത്തിലെ കാലാവധി ഉമ്മൻ ചാണ്ടിക്ക ഒഴിയേണ്ടി വരും. അതിന് ശേഷം തെരഞ്ഞെടുപ്പ് ഫലവും കോൺഗ്രസ് രാഷ്ട്രീയത്തിലെ ശാക്തിക ചേരികളുമെല്ലാമാകും കാര്യങ്ങൾ നിശ്ചിയിക്കുക. അധികാരത്തിൽ വീണ്ടും ഉമ്മൻ ചാണ്ടിയെത്തിയാൽ സർക്കാരിനെ നയിക്കാൻ ജിജി തോംസൺ ഉണ്ടാകും. ഏതായാലും താൻ സ്ഥാനം ഒഴിയും വരെ ചീഫ് സെക്രട്ടറിയുടെ സൗകര്യവും ആനുകൂല്യവും ജിജി തോംസണ് ഉറപ്പാകും. റിട്ടയർ ചെയ്തതിന്റെ പേരിൽ ജൂനിയറായ ഒരു ഉദ്യോഗസ്ഥനും ജിജി തോംസണെ ഭരിക്കാനാവില്ല. ഇതിന് വേണ്ടിയാണ് ക്യാബിനറ്റ് പദവി നൽകി ജിജി തോംസണെ മുഖ്യമന്ത്രി തന്റെ പ്രത്യേക ഉപദേഷ്ടാവാക്കുന്നത്.
സോളാർ കേസ് ഉണ്ടാകും വരെ ഷാഫി മേത്തർ മുഖ്യമന്ത്രിയുടെ പ്രത്യേക സാമ്പത്തിക ഉപദേഷ്ടാവായിരുന്നു. പൊളിട്ടിക്കൽ സെക്രട്ടറിയായി വാസുദേവ ശർമ്മയും നിലവിലുണ്ട്. മുഖ്യമന്ത്രിക്ക് പ്രത്യേക അധികാരത്തോടെ എത്ര വേണമെങ്കിലും ഉപദേഷ്ടാക്കളെ നിയമിക്കാം. എന്നാൽ വിരമിച്ച ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി എത്തുന്നത് ഇത് ആദ്യമാണ്. ഇതിലൂടെ ലക്ഷങ്ങളുടെ ഖജനാവ് നഷ്ടമാണ് സർക്കാരിനുണ്ടാവുക. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടേയും സ്വന്തം ഗ്രൂപ്പുകാരനായ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റേയും എതിർപ്പൊന്നും ജിജി തോംസണെ നിലനിർത്താൻ മുഖ്യമന്ത്രിക്ക് തടസ്സമായില്ല. തനിക്ക് അത്രത്തോളം വേണ്ടപ്പെട്ട ഉദ്യോഗസ്ഥനാണ് ജിജി തോംസണെന്ന് വ്യക്തമാക്കുകയാണ് ഉമ്മൻ ചാണ്ടി.
കേന്ദ്ര ഡെപ്യൂട്ടേഷനിൽ ജോലി നോക്കവേയാണ് ജിജി തോംസണെ ചീഫ് സെക്രട്ടറിയാക്കി കേരളത്തിലേക്ക് കൊണ്ടു വരുന്നത്. നാഷണൽ ഗെയിംസുമായി ബന്ധപ്പെട്ട എല്ലാ ചുമതലയും നൽകി. കായിക മന്ത്രിയെ വിമർശിച്ച് ചീഫ് സെക്രട്ടറി പത്രസമ്മേളനം നടത്തിയതും വിവാദമായി. ഇതിനൊപ്പം ഉദ്ഘാടന വേദിയിൽ തിരുവഞ്ചൂരിന്റെ നിർദ്ദേശങ്ങൾ ചീഫ് സെക്രട്ടറി കേൾക്കാത്തതും ചർച്ചയായി. മന്ത്രിസഭിയിൽ എല്ലാവരും ഒരുമിച്ച് എതിർത്തതോടെ ചീഫ് സെക്രട്ടറി മാപ്പും പറഞ്ഞു. എന്നിട്ടും പൊതുവേദിയിൽ മുഖ്യമന്ത്രി ജിജി തോംസണെ തള്ളിപ്പറഞ്ഞില്ല. പല വിഷയത്തിലും ആഭ്യന്തര മന്ത്രിയുമായി ജിജി തോംസൺ കൊമ്പുകോർത്തു. അതെല്ലാം മുഖ്യമന്ത്രിക്ക് വേണ്ടിയായിരുന്നുവെന്ന അഭിപ്രായം ഐ ഗ്രൂപ്പിനുമുണ്ടായിരുന്നു. അവസാന മന്ത്രിസഭാ യോഗത്തിലും സമാനമായ സാഹചര്യം ഉണ്ടായി. എന്നിട്ടും ജിജി തോംസണിനെ പ്രത്യേക ഉപദേഷ്ടാവാക്കി ഉമ്മൻ ചാണ്ടി.
നേരത്തെ ചീഫ് സെക്രട്ടറി പദവിയിൽ ജിജി തോംസണിന് കലാവധി നീട്ടികൊടുക്കാൻ മുഖ്യമന്ത്രി ശ്രമിച്ചിരുന്നു. തെരഞ്ഞെടുപ്പ് അടുത്തതിനാൽ ചീഫ് സെക്രട്ടറിയെ മാറ്റാനാകില്ലെന്ന ന്യായം പറഞ്ഞായിരുന്നു അത്. പക്ഷേ അത് ആഭ്യന്തര മന്ത്രിയും മറ്റും അംഗീകരിച്ചില്ല. പ്രതിപക്ഷത്തിന്റെ എതിർപ്പും മുൻകൂട്ടി കണ്ടു. ഇതോടെയാണ് വിൻസൺ എം പോൾ വിസമ്മതം പ്രകടിപ്പിച്ചാൽ വിവരാവകാശ കമ്മീഷണറെന്ന സ്ഥാനം ജിജി തോംസൺ മനസ്സിൽ കണ്ടത്. അപേക്ഷ സമർപ്പിച്ചതായും സൂചനയുണ്ട്. എന്നാൽ വിൻസൺ എം പോൾ സ്ഥാനത്തിനായി ഉറച്ചു നിന്നതോടെ അപേക്ഷ ജിജി തോംസൺ തന്നെ പിൻവലിക്കുകയായിരുന്നു. ചീഫ് സെക്രട്ടറിക്കായി കോടികൾ മുടക്കിയുണ്ടാക്കിയ ഔദ്യോഗിക വസതി ജിജി തോംസൺ ഒഴിയുമോ എന്നതാണ് ഈ ഘട്ടത്തിൽ ഉയരുന്ന ചോദ്യം.
പുതിയ തസ്തികയും ക്യാബിനറ്റ് പദവിയാണ്. അതുകൊണ്ട് തന്നെ ചീഫ് സെക്രട്ടറിക്ക് അർഹതപ്പെട്ട എല്ലാത്തിനും യോഗ്യതയുണ്ട്. അതുകൊണ്ട് തന്നെ ചീഫ് സെക്രട്ടറിയുടെ ഔദ്യോഗിക വസതിയിലും ചട്ടപ്രകാരം ജിജി തോംസണ് തുടരാം. എന്നാൽ ഇതിനെ പൊളിക്കാൻ കോൺഗ്രസിലെ ഐ വിഭാഗം തന്നെ കരുനീക്കം തുടങ്ങിയിട്ടുണ്ട്.