- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസ് മേധാവിയുടെ കാറിൽ ഇടിച്ച യുവാവിനെ പാടശേഖരത്തെ ചാലിൽ കൊണ്ടിട്ടതോ? ബൈക്കിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനേയും കാണാനില്ല; ലക്ഷ്മി റിസോർട്ടിലെ ആ മരണം ദുരൂഹമോ? 'ജയം ഭീം' ചർച്ചകൾ പ്രതിക്കൂട്ടിൽ നിർത്തുന്നത് പൊലീസിനെ തന്നെ
കുമരകം: കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ വാഹനത്തിൽ അടിച്ച ശേഷം ഓടിയ യുവാവ് മരിച്ചത് ശ്വാസനാളത്തിൽ ചെളി കയറിയതു മൂലമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. വെച്ചൂർ അച്ചിനകം വാടപ്പുറത്തുചിറ (കാപ്പിക്കട) ജിജോ ആന്റണിയെയാണ് (27) ഞായറാഴ്ച രാത്രി കവണാറ്റിൻകര ബാങ്ക് പടിക്കു സമീപത്തെ ബാറിനു പിന്നിലെ പാടശേഖരത്തെ ചാലിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ജിജോയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു ബന്ധുക്കൾ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും ഡിജിപിക്കും പരാതി നൽകി.
അതേസമയം, ജിജോയുടെ കൂടെ ബൈക്കിൽ സഞ്ചരിച്ച യുവാവിനെ പൊലീസ് തിരിച്ചറിഞ്ഞു. അച്ചിനകം തെക്കേഈരത്തറ സുജിത് കെ. ഷാജിയാണു ബൈക്കിലുണ്ടായിരുന്നത്. ജിജോയെ ഇറക്കിയ ശേഷം വീട്ടിലേക്കാണ് സുജിത് പോയത്. ജിജോ മരിച്ചതായി അറിഞ്ഞപ്പോൾ വീട്ടിൽ നിന്നു പോയ സുജിത്തിനെ പിന്നീട് കണ്ടിട്ടില്ല. ഇതും ദുരൂഹമാണ്. ജിജോയുടെ സംസ്‌കാരം അച്ചിനകം സെന്റ് ആന്റണീസ് പള്ളിയിൽ നടത്തി. പൊലീസ് കൊലപ്പെടുത്തിയതാണ് ജിജോയെ എന്നാണ് ഉയരുന്ന ആരോപണം. ജയ് ഭീം സിനിമ ചർച്ചയാകുന്നതിനിടെയാണ് കേരളാ പൊലീസിനെ വെട്ടിലാക്കി ഈ വിവാദവും എത്തുന്നത്.
കസ്റ്റഡി മരണത്തിന്റെ ജാതീയ കഥയാണ് തമിഴ് ചിത്രമായ ജയ് ഭീം പറയുന്നത്. പൊലീസ് പകയിൽ കൊല്ലപ്പെട്ട യുവാവിന്റേത് ഒളിച്ചോട്ടമാക്കി മാറ്റാനുള്ള ഗൂഢാലോചനയാണ് ആ സിനിമ. ഇതിന് സമാനമാണ് വെച്ചൂരിലെ ജിജോയ്ക്കും സുഹൃത്തിനും സംഭവിച്ചതെന്ന സംശയം സജീവമാണ്. സുജിത്ത് തിരിച്ചെത്തിയാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂ. അതുവരെ ദുരൂഹത തുടരുമെന്ന് നാട്ടുകാരും പറയുന്നു.
വീഴ്ചയിൽ കഴുത്തിനു ജിജോയുടെ പിന്നിൽ ക്ഷതമേറ്റു. ബാറിനു പിന്നിലെ മതിൽ ചാടിയ ജിജോ ചാലിൽ വീഴുകയായിരുന്നു. മതിലിൽ നിന്ന് 12 അടി താഴ്ചയിലേക്കാണു ജിജോ വീണത്. ഉയരത്തിൽ നിന്നു താഴേക്കു വീഴുമ്പോൾ തലയ്ക്കും കഴുത്തിനു ക്ഷതമേൽക്കാമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. റോഡരികിൽ നിർത്തിയിരുന്ന ഔദ്യോഗിക വാഹനത്തിൽ കൈകൊണ്ട് അടിച്ച ശേഷം പൊലീസിനെ കണ്ട ജിജോ ഓടിപ്പോകുകയായിരുന്നു. വാഹനത്തിൽ ജില്ലാ പൊലീസ് മേധാവി ഉണ്ടായിരുന്നില്ല.
ജില്ലാ പൊലീസ് മേധാവിയുടെ ഇന്നോവ കാർ ഞായറാഴ്ച രാത്രി എട്ടരയോടെ കുമരകം ബാങ്ക് പടിക്കടുത്ത് എ.ടി.എമ്മിനു സമീപം നിർത്തിയിട്ടിരുന്നപ്പോഴായിരുന്നു സംഭവം. വെച്ചൂർ ഭാഗത്തുനിന്നു ബൈക്കിലെത്തിയ ജിജോയും സുഹൃത്തും കാറിൽ അടിച്ചു ശബ്ദമുണ്ടാക്കി. പൊലീസ് ഉദ്യോഗസ്ഥൻ കാറിൽനിന്നു ചാടിയിറങ്ങിയതോടെ ജിജോ സമീപത്തുള്ള ലക്ഷ്മി റിസോർട്ടിലേക്കു കടന്നു. സുഹൃത്ത് ബൈക്കിൽ രക്ഷപ്പെട്ടു.
പൊലീസുകാർ റിസോർട്ടിലേക്കു തിരക്കിച്ചെന്നപ്പോൾ അവിടെയിരുന്നു മദ്യപിക്കുകയായിരുന്ന യുവാവ് ഇരുളിലേക്ക് ഓടിമറഞ്ഞു. പൊലീസും ഹോട്ടൽ ജീവനക്കാരും ചേർന്നു തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്ന് പൊലീസ് പറയുന്നു. ഇത് നാട്ടുകാർ വിശ്വസിക്കുന്നില്ല. ജിജോയെ പൊലീസുകാർ വകവരുത്തിയതാണോ എന്നും സംശയമുണ്ട്. കൂട്ടുകാരന്റെ അപ്രത്യക്ഷമാകലും പൊലീസ് ഇടപെടലാണെന്ന് സംശയിക്കുന്നവരുമുണ്ട്.
ജിജോയുടെ മൃതദേഹം കിട്ടിയത് ഹോട്ടൽ ജീവനക്കാർക്കാണ്. പൊലീസുകാർ മടങ്ങിയതിനു ശേഷവും ഹോട്ടൽ ജീവനക്കാർ തെരച്ചിൽ തുടർന്നു. അർധരാത്രിയോടെ ഹോട്ടലിന്റെ മതിലിനു പുറത്തുള്ള പാടത്തെ ചാലിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ കണ്ടെത്തി. പൊലീസുകാരിൽ നിന്നുണ്ടായ പിഴവാണോ ജിജോയുടെ മരണ കാരണമെന്ന് ഇനിയും വ്യക്തത വന്നിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ