'മൂന്നാർ ടൗൺ... സമയം രാത്രി 1 മണി, അങ്ങോട്ടോ ഇങ്ങോട്ടോ പോകുവാൻ കഴിയാതെ നരകിച്ചു ഒരു ദിവസം.. ഭക്ഷണമില്ല, പമ്പുകളിൽ ഇന്ധനമില്ല, താമസിക്കുവാൻ മുറികളില്ല,കാറിൽ നിന്നും പുറത്തിറങ്ങാനാകതെ ട്രാഫിക്കിൽ പെട്ടു അനങ്ങാൻ വയ്യാതെ മൂന്നാർ. മൂന്നാർ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാഫിക് ബ്ലോക്ക്'- കഴിഞ്ഞ സെപ്റ്റംബറിലെ പൂജാഅവധിക്കാലത്തെ ഒരു അനുഭവസാക്ഷ്യമാണ്. (ചിത്രം കാണുക) ശാന്തമായി വാഹനങ്ങൾ വിട്ട് മലയും കാടും കയറുന്നവർക്ക് മാത്രമാണ് ഇടുക്കിയിൽ എന്തെങ്കിലും കാണാനുള്ളത്. അല്ലാത്തവർക്ക് അവിടുത്തെ കാഴ്ചയും അനുഭവവും (തേയിലത്തോട്ടങ്ങൾ, തണുപ്പ്, മലകൾ) ആതിരപ്പിള്ളി-മലക്കപ്പാറ റൂട്ടിലോ, വയനാടൻ റൂട്ടിലോ, നിലമ്പൂർ-ഗൂടല്ലൂർ റൂട്ടിലോ, നെല്ലിയാമ്പതി റൂട്ടിലോ, വാഗമൺ വഴിയിലോ, ഗവിയിലോ ഒക്കെ കിട്ടും. ഒരു സ്ഥലത്ത് 100 വണ്ടികൾക്കേ കയറാൻ പറ്റുകയുള്ളു എന്നു കരുതുക, അവിടെ ഒരുലക്ഷം വണ്ടികൾ വന്നാൽ എന്താകും അവസ്ഥ? അവർക്കു വേണ്ട ഭക്ഷണം, ഇന്ധനം, താമസം, പ്രാഥമികസൗകര്യങ്ങൾ ഇന്നവ എവിടെനിന്ന് കണ്ടെത്തും? ഇതൊക്കെയാണ് ഇപ്പോൾ ഇടുക്കിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഓരോ പ്രദേശത്തിനും അതിന്റെ ഭൂമിശാസ്ത്രവും പാരിസ്ഥിതിക പ്രാധാന്യവുമുണ്ട്. അതൊന്നും പരിഗണിക്കാത നമുക്ക് ഇവിടേയും സുഗമമായി വണ്ടിയുമായി കയറിചെല്ലാനുള്ള സൗകര്യം വേണം, താമസിക്കാനുള്ള സൗകര്യം വേണം- അത് മാത്രമാണ് മലയാളിയുടെ വിനോദസഞ്ചാര ചിന്ത.

വെറുതെ മലകളെ ഓഫ് റോഡ് ഡ്രൈവിങ് നടത്തി നശിപ്പിക്കാൻ, മാലിന്യക്കൂമ്പാരമാക്കാൻ, മലകളിടിച്ചുപൊളിച്ചുണ്ടാക്കിയ റിസോർട്ടുകളിൽ വേനലിൽ ഏ.സി.യിൽ ഇരുന്ന് മദ്യം കുടിക്കാൻ സഞ്ചാരികളെ നിങ്ങളെന്തിന് ഇടുക്കിയുടെ മലമുകളിൽ വരുന്നു? അത് താഴെ എറണാകുളത്തോ തിരുവനന്തപുരത്തോ ഹോട്ടലുകളുടെ ഏ.സി. മുറിയിൽ ഇരുന്ന് ആകാമല്ലോ. ഇപ്പോൾ തന്നെ മൂന്നാറിന്റെ താഴ്‌വാരം അടിമാലി ലോറേഞ്ച് പോലെ വേനലിൽ ചൂടുപിടിക്കുന്നു. പള്ളിവാസൽ-ചിന്നക്കനാൽ പ്രദേശം മുഴുവൻ വൻ ഫ്‌ലാറ്റുകളാണ്. ചരിത്രത്തിൽ ആദ്യമായി പോയ മാസത്തിൽ മൂന്നാറിലെ ചൂട് 35ഡിഗ്രിയിൽ എത്തി. ഇനിയൊരു കുറിഞ്ഞിപ്പൂക്കാലത്തിനപ്പുറം മൂന്നാർ നിലനിൽക്കുമോ എന്നുപോലും ഭയക്കുന്നു.

ടൂറിസവുമായി ബന്ധപ്പെട്ട് നടന്ന ഇടുക്കിയിലെ ഏറ്റവും വലിയ പ്രകൃതിനാശം മലകളുടേതാണ്. മലകൾ ഒട്ടുംശാസ്ത്രീയമല്ലാതെ ഭീകരമായ രീതിയിൽ വെട്ടിപ്പൊളിച്ചാണ് റോഡുകൾ നൂറുകണക്കിന് നിർമ്മിച്ചത്. 50%ത്തിൽ കൂടുതൽ ചരിവുള്ള മലകൾ കുത്തനെ ഇടിച്ച് വഴിവെട്ടിയപ്പോൾ മണ്ണിടിച്ചിലും മലയുടെ തകർച്ചയും നിത്യക്കാഴ്‌ച്ചയായി. റിസോർട്ടുകൾ നിർമ്മിച്ചപ്പോഴും ഈ രീതിയിലുള്ള മലയിടിക്കലാണ് നടന്നത്. പശ്ചിമഘട്ടത്തിൽ ഒരു വഴി എങ്ങനെ നിർമ്മിക്കരുത് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇടുക്കിയുടെ അതിർത്തിയിലെ ഇല്ലിക്കക്കല്ലിലേയ്ക്ക് വെട്ടിക്കേറ്റിയ വഴി. ഓടിക്കയറുമ്പോൾ വാഹനങ്ങൾ തന്നെ കിതച്ചുനിന്നുപോകുന്നു. മഴക്കാലത്ത് വന്മലയിടിച്ചിലും. ഏതാനും വർഷങ്ങൾക്ക് അപ്പുറം ഇല്ലിക്കക്കല്ലിന്റെ മുകളിൽ കയറിയെത്താൻ ചുരുങ്ങിയത് 2 മണിക്കൂറെങ്കിലും കാട്ടുവഴികളിൽ കൂടി ചെങ്കുത്തായി കയറണമായിരുന്നു. കാര്യങ്ങൾ മാറാൻ തുടങ്ങിയത് 2000 ത്തിന് ഇപ്പുറത്തേയ്ക്കാണ്. പ്രകൃത്യാ ദുർബലമായ ഇല്ലിക്കന്റെ ചുവട്ടിൽ മൂന്നിലവ് ഭാഗത്ത് വലിയ പറമടകൾ വന്നു. ലോക്കൽ ആളുകളൊന്നുമല്ല, ടോമിൻ ജെ. തച്ചങ്കിരി അടക്കമുള്ള വൻടീമുകളുടെതാണ്. അവിടെ സ്‌ഫോടകവസ്തുക്കൾ ഉപയോഗിക്കാൻ തുടങ്ങി. അത് ഇല്ലിക്കനെ മുഴവനായി പിടിച്ചുകുലുക്കി. ഏതാണ് 10 വർഷങ്ങൾക്കു മുൻപ് കുടക്കല്ലിന്റെ ഒരു പാളി അടർന്നുവീണു. ഭാഗ്യത്തിന് ദുരന്തം ഒഴിവായി. പിന്നെ രണ്ട് വർഷം മുൻപാണ് മൂന്നിലവ്-അടുക്കം എന്നീ രണ്ട് വശത്തുനിന്നും രണ്ട് ടാറിട്ട വഴികൾ ഇല്ലിക്കന്റെ മുകളിലേക്ക് വെട്ടിക്കേറ്റുന്നത്. വഴിവന്നതോടെ സഞ്ചാരികളുടെ ഒഴുക്കായി. വാഹനങ്ങൾ ഒന്നിന് പുറകെ ഒന്നായി ആ ചെങ്കുത്തായ മലമുകളിലേക്ക്. വന്നവർ മലമുകളിലും പുൽമേടുകളിലും പ്ലാസ്റ്റിക്ക് കുപ്പിയും പേപ്പർ പ്ലേറ്റുകളും മറ്റു മാലിന്യങ്ങളും വലിച്ചെറിഞ്ഞു പോയി. അതിനേക്കാൾ വലിയ ദുരന്തം ഇതിനോടകം 3 ചെറുപ്പക്കാർ മലയിൽ നിന്ന് വീണ് മരിച്ചുവെന്നതാണ്. അന്യനാട്ടിൽ നിന്നും മലകയറ്റം പരിചയമില്ലാത്ത ചെറുപ്പക്കാർ വന്ന് അപകടകരമായ ആ മലയുടെ മുകളിൽ യാതൊരു സുരക്ഷാസംവിധാനങ്ങളുമില്ലാതെ വലിഞ്ഞുകയറുന്നു. എല്ലാത്തിനും വഴിയൊരുക്കി കൊടുത്ത പ്രാദേശികഭരണകൂടവും ടൂറിസം വകുപ്പും. (മൂന്നാർ വഴി വികസിപ്പിക്കുന്ന ചിത്രം കാണാം: ഒരു മലയിടിച്ച് ഒരു ഇടതൂർന്ന വനമുള്ള താഴ്‌വരയിലേക്കിടുന്നു. മുതിരപ്പുഴയാറിന്റെ ഉത്ഭവമാണ് ആ താഴ്‌വരയിൽ നിന്നാണ്. ഇങ്ങേസൈഡിൽ താഴ്‌വരയിലേക്ക് വൻഹോട്ടൽ മാലിന്യം തള്ളിയിരിക്കുന്നു).

വാഗമൺ മൊട്ടക്കുന്നുകൾക്ക് രണ്ടു വർഷം മുൻപുള്ള ഗതിയല്ല ഇപ്പോൾ ഈ വർഷകാലത്തിൽ പോലും. രണ്ടു വർഷം മുൻപ് അവിടം സന്ദർശിക്കുമ്പോൾ ഈ നാശത്തിന് ആരംഭം കുറിച്ചതായി കണ്ടിരുന്നു. ഈ സ്ഥിതിയാവില്ല ഇനി രണ്ടു വർഷം കൂടി കഴിയുമ്പോൾ. ആളുകൾ യഥേഷ്ടം കൂട്ടമായി മൊട്ടക്കുന്നുകളിൽ ഉത്സവപ്പറമ്പ് പോലെ കയറി മേയുന്നു. യാതൊരു പ്ലാനിംഗും ഇല്ലാതെ DTPC തന്നെ മൊട്ടക്കുന്നുകൾ വെട്ടിപ്പൊളിച്ച് റോഡും മിന്നൽരക്ഷാ ചാലകവും ബോർഡും സ്ഥാപിക്കുന്നു, കുന്നുകളുടെ പ്രകൃതിദത്തമായ ഭംഗി നശിപ്പിച്ചു കൊണ്ടുതന്നെ. ആളുകൾ ചവിട്ടിനടന്ന് പുൽമേടുകൾ നടവഴിപോലെ ചരൽക്കുന്നാവുന്നു (ചിത്രം കാണുക). ആ വഴിയിൽ മഴവെള്ളം ഒഴുകി മണ്ണൊലിച്ച് കുന്നുകളിൽ ചെളിവെള്ളച്ചാലുകൾ രൂപപ്പെട്ട് കുന്ന് തന്നെ സാവകാശം ഇല്ലാതാവുന്നു. വേനൽ ആയാൽ പുല്ലുകൾ ഉണങ്ങി ചരൽ തെളിഞ്ഞ തരിശുനിലങ്ങളാണ് ഇപ്പോൾ വാഗമൺ. പശ്ചിമഘട്ടത്തിലെ സവിശേഷമായ ഒരു ഭൂവിഭാഗമാണ് പുൽമേടുകൾ. വാഗമൺ മൊട്ടക്കുന്നുകൾ അവയുടെ പ്രകൃതിദത്തമായ രൂപപ്പെടലിൽ തന്നെ വളരെ ലോലവും പാരിസ്ഥിതിക പ്രാധാന്യം ഉള്ളവയുമാണ്. അവിടെ നിന്നാണ് മീനച്ചിൽ നദിയുടെ പ്രധാന നീരൊഴുക്കുകൾ രൂപപ്പെടുന്നത്. മൊട്ടക്കുന്നുകൾ നശിക്കുമ്പോൾ മീനച്ചിലിൽ കാലവർഷത്തിൽ ചെളിവെള്ളം കുത്തിയൊഴുകി മലവെള്ളപാച്ചിൽ രൂപപ്പെടുകയും, വേനലിൽ അത് വറ്റിവരളുകളും ചെയ്യും. പശ്ചിമഘട്ടത്തിലെ പുൽമേടുകൾ നീർച്ചാലുകൾ രൂപപ്പെടുന്നതിൽ പ്രകൃതിദത്തമായി ഒരു സ്പഞ്ജിന്റെ ധർമ്മം നിർവ്വഹിക്കുന്നു. മഴക്കാലത്ത് ഭൂമിയിൽ നേരിട്ട് പതിക്കുന്ന വെള്ളം ശക്തിയായി മണ്ണിൽ വീഴാതെ അവ സ്വീകരിച്ച് വളരെ സാവകാശം കുന്നുകൾക്ക് ഇടയിൽ രൂപപ്പെട്ടിരിക്കുന്ന ഷോലവനങ്ങൾക്ക് വിട്ടുകൊടുക്കുന്നു. ഷോലവനങ്ങൾക്കുള്ളിലാണ് തെളിനീരുനിറയുന്ന നീരുറവകൾ രൂപപ്പെടുന്നത്. കാടിന്റെ ഇലച്ചാർത്ത് അതിനെ വെയിൽ നിന്ന് മറച്ച് സൂക്ഷിക്കും, കുളിരാർന്ന ഒരു ഫ്രിഡ്ജ് പോലെ. ഇങ്ങനെയുള്ള പല നീർച്ചാലുകൾ ഒഴുകിച്ചേർന്നാണ് നദി രൂപപ്പെടുന്നത്. സാധാരണയായി പുൽമേടുകൾ അവയുടെ ഒരടി പുറംമണ്ണിന് താഴേക്ക് പശിമയില്ലാത്ത ചരൽക്കുന്നാണ് (വിശേഷിച്ച് വാഗമൺ കുന്നുകൾ). പുല്ലുകളുടെ വേരുകൾ സൃഷ്ടിക്കുന്ന ജൈവീക വലയും അവയുടെ ഇലകൾ വീണ് രൂപപ്പെട്ട പശിമയുള്ള മേൽമണ്ണുമാണ് പുൽമേടുകളെ ആ രൂപത്തിൽ മൊട്ടക്കുന്നുകളായി പിടിച്ചുനിർത്തുന്നത്. പുല്ലുകൾ നശിച്ചാൽ, മൊട്ടക്കുന്നുകൾ വെട്ടിത്തുറന്ന് നിർമ്മാണം നടത്തിയാൽ, നിരന്തരം വെള്ളമൊഴുകി ആ ചരൽക്കുന്നുകൾ നിസ്സാര കാലയളവിൽ തന്നെ ഇല്ലാതാകും. ഈ ദുരന്തമാണ് ഇപ്പോൾ പരുന്തുംപറയിലും രാമക്കൽമേട്ടിലും വാഗമണ്ണിലുമൊക്കെ ഇപ്പോൾ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. ഈ പോക്ക് പോയാൽ സർവ്വനാശമാണ് ഈ കുന്നുകളുടെ ഗതി.

സഞ്ചാരികൾ മലമുകളിൽ എത്തിക്കുന്ന മാലിന്യമാണ് മറ്റൊരു വലിയ പ്രശ്‌നം. അത് പ്ലാസ്റ്റിക് കുപ്പികളും കാരീബാഗുകളുമായി എല്ലാ മലയിലും മേടുകളിലും വഴിവക്കിലും കാട്ടിലും ചിതറിക്കിടക്കുന്നു. മൂന്ന് വർഷം മുൻപ് വാഗമൺ മൊട്ടക്കുന്നുകളിൽ നിന്ന് ഞങ്ങൾ 30 പേരുടെ ഒരു സംഘം ഒരു ദിവസം കൊണ്ട് പെറുക്കിക്കൂട്ടിയത് 45ചാക്ക് (ഇടിച്ചൊതുക്കി) പ്ലാസ്റ്റിക് മാലിന്യങ്ങൾ ആണ്. സീസൻ കാലത്ത് മൂന്നാറിന്റെ റിസോർട്ടുകളിൽ താങ്ങാൻ വരുന്നവർ കക്കൂസുകളിൽ നിക്ഷേപിച്ച് പോകുന്ന മലമൊക്കെ എവിടെയാണ് ഒഴുകിയെത്തുന്നത് എന്ന് അറിയാൻ മുതിരപ്പുഴയാറിനോടും എ.റ്റി.പി. സ്‌കൂളിലെ പാവപ്പെട്ടവന്റെ കുട്ടികളോടും ഇടുക്കിക്കാടുകളോടും താഴ്‌വാരങ്ങളോടും ചോദിക്കണം. സംസാരിക്കാൻ കഴിവുള്ള കുട്ടികൾ മാത്രം അവരുടെ സ്‌കൂളിന് മുറ്റത്തേയ്ക്ക് ചൂണ്ടിക്കാട്ടി റിസോർട്ടുകൾ ഒഴുക്കിവിട്ട മലം കാട്ടിത്തരും. മുതിരപ്പുഴയറിന്റെ തീരത്തെ 59സ്ഥാപനങ്ങൾക്ക് ദേവികുളം റവന്യൂ ഡിവിഷൻ ഓഫീസർ നോട്ടീസ് കൊടുത്തത് എന്തായി ആവോ! പെരിയാറിന്റെ കൈവഴികളാണ് മുതിരപ്പുഴയാറും കാല്ലാർകുട്ടിയുമൊക്കെ. കല്ലാർകുട്ടിയുടെ ഉത്ഭവസ്ഥാനമായ 'നല്ലതണ്ണി' ഒരുനാൾ ശുദ്ധജലത്തിന്റെ മഹിമ കൊണ്ട് ആ പേര് തമിഴനിൽ നിന്ന് സ്വീകരിച്ചതാണ്. ഇന്ന് 'നല്ലതണ്ണി' മൂന്നാറിന്റെ ഡംപിങ് യാർഡ് ആണ് (ചിത്രം കാണുക). തേയിലത്തോട്ടത്തിന് വേണ്ടി ഗവന്മേന്റ്റ് കൊടുത്ത പാട്ടഭൂമി KDHPC എന്ത് അധികാരത്തിൽ പ്രാദേശിക ഭാരണകൂടത്തിന് മാലിന്യപ്പറമ്പായി കൊടുത്തു എന്ന് ചോദിക്കരുത്. അതൊക്കെ ഓരോ ഒത്തുകളികൾ. കാട്ടുമൃഗങ്ങൾ തിന്നും ദുർഗന്ധം വമിച്ചും പുഴയിൽ ഒഴുകിയും താങ്ങാവുന്നതിൽ അപ്പുറത്തായ മാലിന്യത്തിന് എതിരെ ചില പ്രതിഷേധങ്ങൾ ഉണ്ടായപ്പോൾ നല്ലതണ്ണിയിലെ മാലിന്യത്തിന് മേൽ JCB കൊണ്ട് കുറെ മണ്ണ് വെട്ടിയിട്ടു. ഇനി കാലങ്ങൾ അത് മണ്ണിനടിയിൽ കിടന്ന് അഴുക്കായി ഊറിയൂറി വരും.

ഇതൊക്കെ കൂടാതെയാണ് ഓഫ്-റോഡ് ഡ്രൈവിങ് എന്നും പറഞ്ഞ് ചില കൂട്ടർ സ്വസ്ഥമായ ഈ മലമുകളിൽ എത്തുന്നത്. അതൊക്കെ വമ്പന്മാരുടെ കുട്ടിക്കളിയാണ്. ഫോർവീലർ ഓഫ് -റോഡ് ഡ്രൈവിങ് ഒക്കെ നടത്തി ഉള്ള പുൽമേട്ടിലും മലയായ മലകളുടെ പുറത്തും കയറി, കുറച്ച് ഫോട്ടോകൾ എടുത്തും, അല്പം മദ്യം കുടിച്ചും മലയിറങ്ങി പാഞ്ഞുപോകുന്നു. എന്നിട്ട് വന്നു ഫേസ്‌ബുക്കിൽ കുറെ ചിത്രങ്ങൾ അപ്ലോഡ് ചെയ്ത് ലൈക്കും കമന്റും വാങ്ങി ആത്മനിർവൃതി അടയുന്നു. പത്തു വർഷങ്ങൾക്ക് മുൻപ് വാഗമൺ മൊട്ടക്കുന്നിൽ വണ്ടിയോടിച്ചുകേറ്റി നശിപ്പിച്ച ഭാഗത്തെ പുല്ല് നട്ടുവളർത്താൻ പ്രകൃതിസ്‌നേഹികൾ ശ്രമിച്ച് പരാജയപ്പെട്ട് ആ മൊട്ടക്കുന്ന് ഇന്നും ഓഫ് -റോഡ് ഡ്രൈവിംഗിന്റെ മുറിവുമായി കിടക്കുന്നു. (ചിത്രങ്ങൾ കാണുക). ഇതൊക്കെ കൂടാതെ മലകയറി റാലിപോലെ എത്തുന്ന വലിയ ബുള്ളറ്റ് സഞ്ചാരിക്കൂട്ടങ്ങൾ ഉണ്ട്. അവർ സൃഷ്ടിക്കുന്ന ശബ്ദമലിനീകരണം ചില്ലറയല്ല. വാഹനങ്ങൾ ഉപയോഗിക്കുന്ന കാര്യത്തിൽ പോലും പശ്ചിമഘട്ടം പോലെയുള്ള പ്രദേശങ്ങളിൽ നിയന്ത്രണം ആവശ്യംമുണ്ട്.

ഇനിയുമുണ്ട് മലിനീകരണം- അത് നഗരങ്ങളുടെ വിഴിപ്പുകളാണ്. തൊടുപുഴ-കട്ടപ്പന റോഡ്. കോതമംഗലം-അടിമാലി റോഡ്, നേര്യമംഗലം-ഇടുക്കി റോഡ്, മുണ്ടക്കയം-കുമളി റോഡ് എന്നിവയുടെ ഇരുവശങ്ങളിലുള്ള ഇടുക്കിക്കാടുകൾ നഗരത്തിന്റെ മാലിന്യം രാത്രികാലങ്ങളിൽ തള്ളാനുള്ള ഇടങ്ങൾ കൂടിയാണ്. അതിലൂടെ വണ്ടികളിൽ യാത്രചെയ്യുമ്പോൾ ചിലയിടങ്ങളിൽ എത്തുമ്പോൾ നാം അറിയാതെ മൂക്കുപൊത്തിപ്പോകും. തൊടുപുഴ, കോതമംഗലം, കഞ്ഞിരപ്പിള്ളി-മുണ്ടക്കയം എന്നിവടങ്ങളിലെ കോഴിക്കടകളുടെ വേസ്റ്റ്, അറവുശാലകളുടെ വേസ്റ്റ് എന്നിവ പതിവായി തള്ളുന്നത് ഈ കാടുകളിലാണ്. മൂന്നാർ പോലുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ രാത്രിയിൽ പോതമേട്ടിലേക്കും കാടിന്റെ ഉള്ളിലേക്കും പോകുന്ന ഓട്ടോകളും ജീപ്പുകളും ഇരുളിന്റെ മറവിൽ തള്ളുന്നത് സഞ്ചാരികളുടെയും നഗരത്തിന്റേയും മാലിന്യങ്ങൾ തന്നെയാണ്. പകലിന്റെ വെളിച്ചത്തിൽ അത് തിന്നുന്നത് കാട്ടാനകൾ അടക്കമുള്ള വന്യമൃഗങ്ങളും. അവിടെ നിന്നാണ് നദികൾ ഉത്ഭവിച്ച് ഈ മാലിന്യങ്ങളും പേറി ഒഴുകിയെത്തുന്നത്.

ഈ മണ്ണിൽ മനുഷ്യൻ പവിത്രമായി ചവിട്ടേണ്ട ചില പുണ്യയിടങ്ങളുണ്ടെന്ന് നമ്മൾ അറിയണം. എല്ലാ മലകളും കീഴടക്കാനുള്ളതല്ല, എല്ലാ നദികളും മുറിച്ചുകടക്കാനുള്ളതല്ല, എല്ലാ വനങ്ങളിലും മനുഷ്യന്റെ പാദസ്പർശം ഏൽക്കേണ്ടതില്ല.