- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാശ്ചാത്യലോകത്ത് സന്യാസിനിമഠങ്ങൾക്ക് സംഭവിച്ചത് നമ്മൾ പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ കൊച്ചുകേരളത്തിലെ മഠങ്ങളിൽ സംഭവിച്ചു; ഇരുപതും മുപ്പതും വീതം സന്യാസിനികൾ ഒരുമിച്ച് താമസിച്ചിരുന്ന നമ്മുടെ സന്യാസിനി മഠങ്ങളിൽ ഇന്ന് അഞ്ചും ആറും പേരായി; അവരുതന്നെ അൻപത് വയസ്സൊക്കെ പിന്നിട്ടവരും; ക്ഷയിക്കുന്ന സന്യാസിനി മഠങ്ങൾ സഭക്കുള്ളിൽ സംഭവിക്കുന്ന പലതിന്റെയും സൂചകങ്ങൾ കൂടിയാണ്; ജിജോ കുര്യൻ എഴുതുന്നു
മഠങ്ങൾക്ക് സംഭവിക്കുന്നതെന്ത്? ഒരു സമൂഹത്തിൽ പൊതുവിൽ മതാത്മകത കൂടുതൽ കൊണ്ടുനടക്കുന്ന മനസ്സ് സ്ത്രീമനസ്സാണ്. പുരുഷമനസ്സ് പൊതുവിൽ ബൗദ്ധികവും പ്രായോഗികവുമായിരിക്കെ സ്ത്രീമനസ്സ് വൈകാരികവും ധ്യാനാത്മകവും ആണ്. പൊതുവിൽ ധ്യാനാത്മക മനസ്സുകൾ എങ്ങനെയാണ് ഇത്ര പെട്ടെന്ന് സന്യാസത്തെ മടുത്തത്? പാശ്ചാത്യലോകത്ത് സന്യാസിനിമഠങ്ങൾക്ക് സംഭവിച്ചത് നമ്മൾ പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ നമ്മുടെ കൊച്ചുകേരളത്തിലെ മഠങ്ങളിൽ സംഭവിച്ചു. എഴുപതുകളിലും എൺപതുകളിലും ഇരുപതും മുപ്പതും വീതം സന്യാസിനികൾ ഒരുമിച്ച് താമസിച്ചിരുന്ന നമ്മുടെ സന്യാസിനി മഠങ്ങളിൽ ഇന്ന് അഞ്ചും ആറും പേരായി മാറി. അവരുതന്നെ അൻപത് വയസ്സൊക്കെ പിന്നിട്ടവരും. ക്ഷയിക്കുന്ന സന്യാസിനിമഠങ്ങൾ സഭക്കുള്ളിൽ സംഭവിക്കുന്ന പലതിന്റെയും സൂചകങ്ങൾ കൂടിയാണ്. നമ്മുടെ മഠങ്ങളിൽ എന്താണ് സംഭവിക്കുന്നത്? സന്യാസത്തിന്റെ കൂട്ടക്രമത്തിന്റെ ആരംഭം കഷ്ടി ഒന്നരനൂറ്റാണ്ടിന് അപ്പുറത്ത് മാത്രമാണ് കേരളസഭയിൽ പ്രാദേശിക സന്യാസിനി സമൂഹങ്ങൾ രൂപപ്പെട്ടു തുടങ്ങിയത്. അവയുടെയൊക്കെ തുടക്കം സ്ത്രീമുന്നേ
മഠങ്ങൾക്ക് സംഭവിക്കുന്നതെന്ത്?
ഒരു സമൂഹത്തിൽ പൊതുവിൽ മതാത്മകത കൂടുതൽ കൊണ്ടുനടക്കുന്ന മനസ്സ് സ്ത്രീമനസ്സാണ്. പുരുഷമനസ്സ് പൊതുവിൽ ബൗദ്ധികവും പ്രായോഗികവുമായിരിക്കെ സ്ത്രീമനസ്സ് വൈകാരികവും ധ്യാനാത്മകവും ആണ്. പൊതുവിൽ ധ്യാനാത്മക മനസ്സുകൾ എങ്ങനെയാണ് ഇത്ര പെട്ടെന്ന് സന്യാസത്തെ മടുത്തത്? പാശ്ചാത്യലോകത്ത് സന്യാസിനിമഠങ്ങൾക്ക് സംഭവിച്ചത് നമ്മൾ പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ നമ്മുടെ കൊച്ചുകേരളത്തിലെ മഠങ്ങളിൽ സംഭവിച്ചു. എഴുപതുകളിലും എൺപതുകളിലും ഇരുപതും മുപ്പതും വീതം സന്യാസിനികൾ ഒരുമിച്ച് താമസിച്ചിരുന്ന നമ്മുടെ സന്യാസിനി മഠങ്ങളിൽ ഇന്ന് അഞ്ചും ആറും പേരായി മാറി. അവരുതന്നെ അൻപത് വയസ്സൊക്കെ പിന്നിട്ടവരും. ക്ഷയിക്കുന്ന സന്യാസിനിമഠങ്ങൾ സഭക്കുള്ളിൽ സംഭവിക്കുന്ന പലതിന്റെയും സൂചകങ്ങൾ കൂടിയാണ്. നമ്മുടെ മഠങ്ങളിൽ എന്താണ് സംഭവിക്കുന്നത്?
സന്യാസത്തിന്റെ കൂട്ടക്രമത്തിന്റെ ആരംഭം
കഷ്ടി ഒന്നരനൂറ്റാണ്ടിന് അപ്പുറത്ത് മാത്രമാണ് കേരളസഭയിൽ പ്രാദേശിക സന്യാസിനി സമൂഹങ്ങൾ രൂപപ്പെട്ടു തുടങ്ങിയത്. അവയുടെയൊക്കെ തുടക്കം സ്ത്രീമുന്നേറ്റം എന്ന രീതിയിലായിരുന്നു. കൊച്ചു കൊച്ചു സമൂഹങ്ങളിലായി ഒറ്റയ്ക്കും തെറ്റയ്ക്കും തുടങ്ങിയ ഈ സന്യാസിനി സമൂഹങ്ങൾക്ക് ചില ഘടനാരൂപങ്ങൾ കൊടുക്കാൻ ഏതാണ്ട് ആ കാലഘട്ടത്തിൽ തന്നെ രൂപംകൊണ്ട പുരുഷ സന്യാസികളും അവരുടെ സമൂഹങ്ങളും സഹായകരമായി തീർന്നിട്ടുണ്ട്. അപ്പോഴും അവയുടെയൊക്കെ സന്യാസദർശനങ്ങൾ സ്ത്രീകൾ തന്നെ രൂപം കൊടുത്ത ജീവിതശൈലിയിൽ അധിഷ്ഠിതമായിരുന്നു. ചുരുക്കത്തിൽ പ്രാദേശിക ക്രിസ്ത്യൻ സന്യാസിനി സമൂഹങ്ങൾക്ക് രൂപം കൊടുത്തത് പൗരോഹിത്യമല്ലായിരുന്നു. ഇവിടുത്തെ സ്ത്രീസമൂഹങ്ങളും അവരുടെ സഹായത്തിന് വന്ന പുരുഷ സന്യാസ സമൂഹങ്ങളും ചേർന്നായിരുന്നു. അതായത് സമൂഹ സന്യാസ ജീവിതശൈലി ജീവിക്കുന്ന ഒരാൾക്കേ സന്യാസത്തിന്റെ കൂട്ടു ജീവിതത്തെ നയിക്കാനാവൂ എന്നതായിരുന്നു അടിസ്ഥാന ധാരണ. സ്ത്രീ സന്യാസത്തിന്റെ പൂരകം പുരുഷ സന്യാസം തന്നെയാണ്.
സ്ത്രീസന്യാസത്തിന്റെ പൂരകം
ഭാര്യ - ഭർത്താവ്, സഹോദരൻ - സഹോദരി എന്നതുപോലെയുള്ള ഒരു ദ്വന്ദ്വമായിട്ടാണ്, അച്ചൻ-കന്യാസ്ത്രീ എന്ന പ്രയോഗത്തെ പൊതുസമൂഹവും എന്തിനേറെ, പൗരോഹിത്യ-സന്യസ്ത സമൂഹവും മനസ്സിലാക്കുന്നത്. പൗരോഹിത്യമെന്നത് ഒരു ശുശ്രൂഷാദൗത്യമാണ്. അതിനെ ദാമ്പത്യവും സന്യാസവും ഏകസ്ഥ ജീവിതവും ആയിരിക്കുന്നതുപോലെ ഒരു ജീവിതശൈലിയായി കാണാൻ കഴിയില്ല. ഏത് ജീവിതാന്തസ്സിൽപെട്ടവർക്കും ഒരു പുരോഹിതനാകാൻ ക്രിസ്തീയ വിശ്വാസത്തിൽ കഴിയും. പുരോഹിതൻ കന്യാത്വം പാലിക്കണമെന്നത് എപ്പോൾ വേണമെങ്കിലും മാറ്റപ്പെടാൻ കഴിയുന്ന ഒരു സഭാനിയമം മാത്രമാണ്. പൗരസ്ത്യകത്തോലിക്കാ സഭയിൽ നിലവിൽ ദാമ്പത്യജീവിതം നയിക്കുന്ന പുരോഹിതർ ഉണ്ട്.
സന്യാസം ഒരു വ്യക്തിയെ ചൂഴ്ന്ന് നിൽക്കുന്ന ഒന്നാണല്ലോ. ആത്മീയവും ശാരീരികവും മാനസികവുമായ തലങ്ങളെ സന്യാസം നിർണ്ണായകമായി സ്വാധീനിക്കുന്നു. സ്ത്രീമനസ്സ് അടിസ്ഥാനപരമായി പുരുഷമനസ്സിൽനിന്ന് വ്യത്യസ്തമാണെന്ന് സൂചിപ്പിച്ചല്ലോ. ഒരാളുടെ മനസ്സിന്റെ സന്യാസത്തെ നയിക്കാൻ ഏറ്റവും നന്നായി കഴിയുന്നത് അതേ ജീവിതശൈലി ജീവിക്കുന്ന അതേ ലിംഗത്തിൽപ്പെട്ടവർക്കായിരിക്കും. ഒരു സന്യാസിനിയെ ആത്മീയമായി നയിക്കാൻ മെച്ചമായി കഴിയുന്നത് ഒരു സന്യാസിനിക്ക് തന്നെയാണ്. എന്നാൽ ഒരു പടികൂടി കടന്ന് സന്യാസത്തിന്റെ പുരുഷഭാവം ജീവിക്കുന്ന സന്യസ്തർക്ക് പൂരകങ്ങളാകാൻ കഴിഞ്ഞേക്കാം. നേരേ തിരിച്ചും. സന്യാസിനിയും സന്യാസിയുമാണ് ജീവിതശൈലിയുടെ പരസ്പരപൂരകങ്ങൾ. അല്ലാതെ പൗരോഹിത്യമല്ല സന്യാസമെന്ന ജീവിതശൈലിയെ നയിക്കേണ്ടത്. ഈ തിരിച്ചറിവില്ലാതെയാണ് നിലവിൽ സന്യാസസഭകളിൽ കന്യാസ്ത്രീകൾ പോലും നിലപാടുകൾ സ്വീകരിക്കുന്നത്.
സന്യാസത്തിലേക്ക് അതിക്രമിച്ചു കയറിയ പൗരോഹിത്യം
ഓരോ കുടുംബത്തിനും അതിന്റെ ആന്തരിക സ്വകാര്യതയും ബന്ധത്തിൽ അടിസ്ഥാനപ്പെട്ട ഘടനയും ഉള്ളതുപോലെ, ഓരോ സന്യാസസമൂഹങ്ങൾക്കും അതിന്റേതായ തനിമയും ആന്തരികഭരണത്തിന്റെ സ്വയംനിർണ്ണയാധികാരവും ഉണ്ടെന്ന് കാനോനിക നിയമം തന്നെ സന്യാസസമൂഹങ്ങൾക്ക് കൊടുത്തിരിക്കുന്ന ഉറപ്പാണ്. എന്നാൽ അധികാരശ്രേണിയിൽ (power hierarchy) ഇടംപിടിച്ച പൗരോഹിത്യം പലവിധത്തിൽ സന്യാസസമൂഹങ്ങളുടെ സ്വയം നിർണ്ണയാവകാശത്തെ ഭേദിച്ചുകൊണ്ടിരുന്നു. പുരുഷസന്യാസസമൂഹങ്ങൾക്ക് പൗരോഹിത്യം കൊടുത്ത അധികാരസുരക്ഷിതത്വം ഉണ്ടായിരുന്നതുകൊണ്ട് ഈ കൈകടത്തലുകളെ ഒരു വലിയ പരിധിവരെ ചെറുത്തു നിൽക്കാൻ കഴിഞ്ഞു.
എന്നാൽ സന്യാസിനിസമൂഹങ്ങൾക്ക് പൗരോഹിത്യത്തിന്റെ അധികാരശ്രേണിയുടെ ദാക്ഷിണ്യത്തിൽ തങ്ങളുടെ സ്വത്വം നിശ്ചയിക്കേണ്ടി വന്നു. അതിന്റെ വ്യക്തമായ ചില തെളിവുകളാണ്:
* പലയിടങ്ങളിലും സന്യാസിനിസമൂഹങ്ങളുടെ അധീനതയിലോ നടത്തിപ്പിലോ ഉണ്ടായിരുന്ന സ്ഥാപനങ്ങളെ പിടിച്ചെടുക്കാൻ രൂപതയോ വൈദികരോ നടത്തിയ ശ്രമങ്ങൾ.
* വൈദികർക്ക് അവർ പ്രതീക്ഷിക്കുന്ന അത്രയും സഹകരണമോ താൽപ്പര്യമോ ഇടവക നടത്തിപ്പിൽ സന്യാസിനികൾ കൊടുക്കാതെ വരുമ്പോൾ അവരോട് വിരോധം സൂക്ഷിക്കുന്ന രീതിയും മഠത്തിന്റെ കൗദാശികകാര്യങ്ങളിൽ വേണ്ടത്ര സഹകരണം കൊടുക്കാത്ത രീതിയും.
* വൈദികന് താത്പര്യമില്ലാത്ത സന്യാസിനികളെ ഒരു സന്യാസസമൂഹത്തിൽനിന്ന് സ്ഥലമാറ്റം കൊടുക്കാൻ സന്യാസാധികാരികളെ പരോക്ഷമായി സ്വാധീനിക്കൽ.
* വൈദികൻ പിണങ്ങാതിരിക്കാൻ അയാളെ പ്രീതിപ്പെടുത്തി നിൽക്കേണ്ടി വരുന്ന അവസ്ഥയിൽ ജീവിക്കുന്ന സന്യാസിനികൾ. 'കന്യാസ്ത്രീകൾ പറയുന്നത് മുഖവിലയ്ക്ക് എടുക്കരുത്' എന്ന് സാമാന്യബോധമുള്ള വൈദികരുടെ ഇടയിൽ പൊതുവിൽ ഒരു സംസാരം തന്നെയുണ്ട്. കാരണം അവർക്ക് അവരുടെ നിലപാടുകളെ, വിലയിരുത്തലുകളെ, താത്പര്യങ്ങളെ, വിയോജിപ്പുകളെ നേരിട്ട് പ്രകടിപ്പിക്കാൻ കഴിയാത്ത വിധം പൗരോഹിത്യത്തിന്റെ മേല്ക്കോയ്മയിൽ ഒരു പ്ലാസ്റ്റിക് വ്യക്തിത്വം അവർ സ്വയം രൂപീകരിച്ചെടുത്തിരിക്കുകയാണ്. അവർക്ക് നിലനിൽക്കണമെങ്കിൽ പൗരോഹിത്യത്തിനെ സുഖിപ്പിച്ചേ മതിയാവൂ എന്ന അവസ്ഥ.
* ഏതെങ്കിലും ഒരു പുരോഹിതനും സന്യാസിനിയും തമ്മിൽ ആശയപ്പൊരുത്തമില്ലായ്മയോ സംഘർഷമോ ഉണ്ടായാൽ ന്യായാന്യായങ്ങളുടെ നീതി നോക്കിയല്ല പൊതുവിൽ തീരുമാനങ്ങൾ ഉണ്ടാവുക. പുരോഹിതന് അനുകൂലവും സന്യാസിനിക്ക് പ്രതികൂലവുമായ തീരുമാനങ്ങളാവും അവരുടെ അധികാരികൾ തന്നെ സ്വീകരിക്കുന്നത്. എന്നും 'തെറ്റുകാരിയും പരാജിതയും' അവൾ തന്നെയായിരിക്കും.
* രൂപതാ നടത്തിപ്പിന്റെ, ഇടവക നടത്തിപ്പിന്റെ 'വേലക്കാരികൾ' എന്ന സ്ഥാനമാണ് പല പുരോഹിതരുടെയും മനസ്സിൽ കന്യാസ്ത്രീകൾക്കുള്ളത്. ദേവാലയം അലങ്കരിക്കൽ, വൃത്തിയാക്കൽ, വൈദികർക്കുള്ള ഭക്ഷണം തയ്യാറാക്കി എത്തിച്ചു കൊടുക്കൽ, വൈദികരുടെ ഡ്രസ്സ് അലക്കിത്തേച്ചു കൊടുക്കൽ എന്നിവയൊക്കെ ചെയ്യേണ്ട ഉത്തരവാദിത്വം ഒരിടവകയിലെ സന്യാസിനികളുടേതാണെന്നത് വൈദികരുടെ മനസ്സിൽ രൂഢമൂലമായ ചിന്തയാണ്.
പൗരോഹിത്യത്തിനുള്ളിൽ കൂടിക്കലർന്നുപോയ പുരുഷസന്യാസം
പൗരോഹിത്യം സഭയുടെ അജപാലനദൗത്യത്തിന്റെ ഭാഗമാണ്. ആദിമപാരമ്പര്യമനുസരിച്ച് ഒരു വിവാഹിതനോ സന്യാസിക്കോ ഏകസ്ഥനോ പുരോഹിതനാകാൻ കഴിയുമായിരുന്നു. പൗരോഹിത്യത്തിന് അത് നിർവ്വഹിക്കേണ്ട കൃത്യമായ ജോലികളുണ്ട്. അത് നിർവ്വഹിക്കേണ്ട ക്രിസ്തീയശൈലിയുണ്ട്. ആ ശൈലിയുടെ ക്രിസ്തീയ ആത്മീയതയുണ്ട്. അതിനപ്പുറം അതൊരു ജീവിതശൈലിയല്ല. നിർബന്ധിത കന്യാത്വപാലനം പൗരോഹിത്യത്തിനോട് കൂട്ടിച്ചേർക്കപ്പെട്ടതോടെ സന്യാസത്തിന്റെ ജീവിതശൈലിയും ആത്മീയതയും അവരോടും പ്രസംഗിക്കപ്പെടാൻ തുടങ്ങി. കന്യാത്വജീവിതശൈലി പ്രകൃത്യാ ലഭിക്കുന്ന ഒരു ദാനമാണെന്നും (charism) പൗരോഹിത്യശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന, വിശ്വാസസമൂഹത്തിന് സുസമ്മതനായ വിശ്വാസിയോട് കാനോനികനിയമംവെച്ച് ആവശ്യപ്പെടാൻ കഴിയുന്നതല്ലെന്നുമുള്ള തിരിച്ചറിവ് പാശ്ചാത്യസഭയ്ക്ക് ഇല്ലാതെപോയി. പാശ്ചാത്യസഭയുടെ ആ ശൈലിയെ വേണ്ടത്ര വിവേചനമില്ലാതെ ചില പൗരസ്ത്യസഭകളും സ്വീകരിച്ചു. അന്നുമുതലാണ് പൗരോഹിത്യവും പുരുഷസന്യസ്ത ജീവിതവും തമ്മിലുള്ള അന്തരം വിശ്വാസികൾക്കിടയിലും എന്തിനേറെ സന്യാസപൗരോഹിത്യം സ്വീകരിക്കുന്നവർക്കിടയിൽപോലും ഇല്ലാതെ പോയത്.
പുരുഷസന്യാസവും പൗരോഹിത്യവും തമ്മിലുള്ള അതിർവരമ്പുകൾ സമൂഹത്തിനും സന്യാസികൾക്കും പുരോഹിതർക്കും വ്യക്തമാകുംവിധം തെളിച്ചിടേണ്ട കാലം ഇന്ത്യൻ സഭാപശ്ചാത്തലത്തിൽ അതിക്രമിച്ച് കഴിഞ്ഞിരിക്കുന്നു. ഇത് വെറും ഉത്ബോധനത്തിലൂടെ മാത്രം സാധ്യമാകുന്ന ഒന്നല്ല, പതിനഞ്ചും പതിനേഴും വയസ്സുള്ള ആൺകുട്ടികൾ 'അച്ചനാകാൻ' ആഗ്രഹിച്ച് സെമിനാരിയിൽ ചേരുന്നു. അവർ സത്യത്തിൽ എന്താണ് ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കിക്കൊടുക്കാൻ ഇവിടുത്തെ സഭാസംവിധാനങ്ങൾക്കോ പുരോഹിതർക്കോ സന്യസ്തർക്കോ മാതാപിതാക്കൾക്കോ പലപ്പോഴും കഴിയുന്നില്ല.
ഒരാൾ 'അച്ചനാകാൻ' ആഗ്രഹിക്കുന്നു എന്നു പറയുമ്പോൾതന്നെ അയാൾ ആഗ്രഹിക്കുന്നത് പൗരോഹിത്യമാണെന്ന് ആദ്യം തന്നെ വ്യക്തമാക്കണം. ആ ആഗ്രഹത്തിന് പിന്നിൽ കാര്യമായ സന്യസ്തവാഞ്ഛയൊന്നും ഉണ്ടാവില്ല. അവരിൽ ചിലർ രൂപതാ സെമിനാരിയിൽ ചേരുന്നു. അവിടെ അഡ്‌മിഷൻ കിട്ടാത്ത ചിലർ സന്യാസസഭകളിൽ വരുന്നു. സന്യാസസഭകളിൽനിന്ന് മടക്കി അയയ്ക്കുന്ന ചിലർ ചില രൂപതാസെമിനാരികളിൽ പോയി ചേരുന്നു. എല്ലാവരുടെയും ലക്ഷ്യം പ്രധാനമായി ഒന്നേയുള്ളൂ - ഒരു പുരോഹിതനാവുക. അത് തെളിവുസഹിതം മനസ്സിലാക്കണമെങ്കിൽ നിലവിൽ ഇവിടെ സന്യസ്ത ജീവിതം മാത്രമുള്ള സന്യാസ സഭകൾക്ക് എന്തു സംഭവിച്ചു എന്ന് ശ്രദ്ധിച്ചാൽ മതി. ഇവിടെ കന്യാസ്ത്രിമഠങ്ങളൊക്കെ അടച്ചുപൂട്ടലിന്റെ വക്കിലേയ്ക്ക് എത്തിയെന്ന യാഥാർത്ഥ്യം കേരളസഭ ഞെട്ടലോടെ തിരിച്ചറിഞ്ഞുതുടങ്ങി. പക്ഷെ അതിനൊക്കെ ഒത്തിരിമുൻപേ പുരുഷന്മാരുടെ സന്യാസം മാത്രം ജീവിക്കുന്ന സഭകൾ അന്യം നിൽക്കാൻ തുടങ്ങിയിരുന്നു. 'ബ്രദേഴ്സ് കോൺഗ്രിഗേഷൻസ്' എന്നു വിളിക്കുന്ന സന്യാസ സമൂഹങ്ങൾ പലതും പൗരോഹിത്യത്തിലേക്ക് ചേക്കേറുകയോ അടുത്ത രണ്ടു ദശാബ്ദത്തിനുള്ളിൽ അടച്ചുപൂട്ടുകയോ ചെയ്യണം എന്ന അവസ്ഥയിൽ എത്തിയിട്ടുണ്ട്.
കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി കേരളസഭയിൽ ഉണ്ടായ 'പൗരോഹിത്യ ദൈവവിളികൾ'ക്ക് ഒരു മുഖ്യപങ്കു വഹിച്ചത് ഇവിടുത്തെ വിവിധ സന്യാസ സഭകളാണ്. 'പൗരോഹിത്യമില്ലെങ്കിൽ നിങ്ങൾ നിങ്ങളുടെ സന്യാസം എങ്ങനെ ജീവിക്കും?' എന്ന് ചോദിച്ചാൽ വളരെ വ്യക്തതയോടുകൂടി പറയാൻ കഴിയുന്ന പുരുഷ സന്യസ്തർ വളരെ തുച്ഛമാണ്. സാധാരണ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ളോഹയിട്ട് നടക്കുന്ന എല്ലാവരും അച്ചന്മാർ മാത്രമാണെന്ന പൊതുധാരണയും ഉണ്ട്. അതുകൊണ്ട് ഇതുവരെ പുരുഷ സന്യസ്തർ അവരുടെ സന്യാസ സ്വത്വം കൃത്യമായി അന്വേഷിച്ചിട്ടില്ല.
ഒരാൾ പുരോഹിതനാകുന്നതിന് പിന്നിൽ ആത്മീയകാരണങ്ങൾ മാത്രമാണ് ഇന്നോളം അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. ആത്മീയ കാരണങ്ങൾക്ക് അപ്പുറത്ത് സാമൂഹികവും സാമ്പത്തികവും മനഃശാസ്ത്രപരവുമായ കാരണങ്ങൾ ഉണ്ട് ഒരാൾ പൗരോഹിത്യം ആഗ്രഹിച്ച് പരിശീലനത്തിനുവേണ്ടി വരുമ്പോൾ. ആ കാരണങ്ങളെ വേണ്ടവിധം വിലയിരുത്തിക്കൊണ്ട് ക്രിസ്തീയഗുണമുള്ള (quality vocation) ദൈവവിളികളെ പ്രോത്സാഹിപ്പിക്കാൻ കഴിയാതെ പുരോഹിതരാകുന്നവരുടെ എണ്ണത്തിൽ മതിമറന്ന് (quantity) കേരളസഭ ദൈവവിളിയുടെ ഈറ്റില്ലമാവുകയാണെന്ന് നാം തെറ്റിദ്ധരിച്ചു. എൺപതുകൾക്ക് മുൻപ് അതായത്, ആഗോളസംസ്‌കാരവും ശാസ്ത്രസാങ്കേതികവിദ്യയും അണുകുടുംബങ്ങളും നമ്മുടെ നാട്ടിൽ പ്രചാരമായിരുന്നു പൗരോഹിത്യം. എന്നാൽ അണുകുടുംബകേന്ദ്രീകൃതവും പാശ്ചാത്യസംസ്‌കാരത്തോട് തുറന്നതും സാമ്പത്തിക ഉന്നമനം പ്രാപിച്ചതുമായ ഒരു മദ്ധ്യവർഗ്ഗ സമൂഹം ഇവിടെ രൂപപ്പെടാൻ തുടങ്ങിയ കാലം മുതൽ സമൂഹത്തിലെ സാമ്പത്തികവും സാമൂഹികവുമായി താഴെക്കിടയിലുള്ള കുടുംബങ്ങളിൽ നിന്നുമായി ദൈവവിളിയുടെ കുത്തൊഴുക്ക്. അതിൽ നല്ലൊരു ശതമാനം ആധുനിക മാത്സര്യവിദ്യാഭ്യാസത്തോട് മല്ലടിച്ച് നിൽക്കാൻ കഴിയാതെ പോയവരുമായിരുന്നു. ആ 'ദൈവവിളികൾ'ക്ക് പിന്നിൽ പ്രവർത്തിച്ച മനഃശാസ്ത്രഘടകം വേണ്ടവിധം വിലയിരുത്തപ്പെടാതെ പോയി. വരേണ്യതയിലേയ്ക്ക് എത്തിപ്പെടാനുള്ള എളുപ്പവഴിയായി പൗരോഹിത്യത്തെ ഇവർ നോക്കിക്കണ്ടിരുന്നോ എന്നാണ് അന്വേഷിക്കേണ്ടിയിരുന്നത്. അധികാരം, സാമൂഹ്യ അംഗീകാരം, ജീവിതസുരക്ഷിതത്വം ഇവയൊക്കെയാണ് വരേണ്യതയുടെ ബാഹ്യമുഖങ്ങൾ. ഇവ എളുപ്പത്തിൽ ആർജ്ജിക്കാൻ പൗരോഹിത്യം എന്ന സഭാധർമ്മം ഒരാളെ പ്രാപ്തമാക്കുമെങ്കിൽ അവിവാഹിതമായ ഒരു ജീവിതശൈലിയെ പുണരാൻ അധികം ബുദ്ധിമുട്ടുണ്ടാവില്ല. അതിന്റെ ശേഷഭാഗമെന്നോണം വായിക്കേണ്ടതാണ് ജീവിതപ്രതിസന്ധികൾ നിറഞ്ഞ മിഷന്മേഖലകളിലേക്ക് പോകാൻ സന്നദ്ധത കുറഞ്ഞ, സുഖസമൃദ്ധിയുള്ള പശ്ചാത്യനാടുകളിലേക്ക് പോകാൻ തിരക്കുകൂട്ടുന്ന ഒരു പുരോഹിത-സന്യാസവർഗ്ഗം രൂപപ്പെട്ടത്.
എങ്ങനെയാണ് പൗരോഹിത്യം വിഴുങ്ങിക്കളഞ്ഞ പുരുഷസന്യാസത്തെ വീണ്ടെടുക്കാൻ കഴിയുക? എങ്ങനെയാണ് ഗുണമുള്ള പൗരോഹിത്യദൈവവിളികൾ പ്രോത്സാഹിപ്പിക്കാൻ കഴിയുക? അടിസ്ഥാനപരമായ ചില മാറ്റങ്ങൾകൊണ്ടേ അത് സാധ്യമാകൂ. അതിന് ബോധവത്ക്കരണത്തിന് അപ്പുറം പോകുന്ന സഭാതീരുമാനങ്ങൾ സന്യാസസമൂഹങ്ങളിലും രൂപതാവൈദികർക്കിടയിലും ആവശ്യമുണ്ട്. ചില പ്രായോഗിക നിർദ്ദേശങ്ങൾ ഇവയാണ്.
1. സന്യാസ സമൂഹങ്ങൾ പൊതുവിൽ പൗരോഹിത്യ പരിശീലന കേന്ദ്രങ്ങൾ ആവാതിരിക്കുക. 'സെമിനാരി ഘടന'യിൽനിന്ന് സന്യാസ പരിശീലന കേന്ദ്രങ്ങൾ സത്വരമായ മാറ്റം വരുത്തണം. ജീവിതത്തോട,് ആത്മാന്വേഷണത്തോട,് ജ്ഞാനത്തോട,് മണ്ണിനോട,് മനുഷ്യനോട് തുറന്ന ഒരു ജീവിതശൈലി വളർത്തിയെടുക്കുന്ന ഇടങ്ങളായി അവ മാറണം. സന്യാസസമൂഹങ്ങളിൽ ചേരുന്ന ഒരു അർത്ഥിക്ക് വരുന്ന സമയംമുതൽ 'അച്ചനാകാൻ' ഉള്ള പരിശീലനമല്ല കൊടുക്കേണ്ടത്. ഒരു സന്യാസാർത്ഥി അതത് സന്യാസസമൂഹത്തിൽ വ്രതം ചെയ്ത് അതിന്റെ ഭാഗമാകുവോളം സഭാശുശ്രൂഷയ്ക്ക് ആവശ്യമായ പൗരോഹിത്യതിരുപ്പട്ടം പ്രസ്തുത സന്യാസസഭയിൽ കൊടുക്കും എന്ന ഉറപ്പൊന്നും കൊടുക്കേണ്ട ആവശ്യമില്ല. അങ്ങനെ ചെയ്യുന്ന പക്ഷം സന്യാസത്തിലേയ്ക്ക് ഒരാളെ നയിക്കുന്ന പ്രധാന ഘടകം പൗരോഹിത്യമെന്ന ആകർഷണമാണോ സന്യാസമെന്ന ജീവിതശൈലിയാണോ എന്ന് വേർതിരിച്ചറിയാൻ കഴിയും
2. സഭാ സേവനത്തിന് ആവശ്യമുള്ള അത്രയും പേരെ മാത്രം സന്യാസസമൂഹങ്ങളിൽനിന്ന് തിരുപ്പട്ടം കൊടുത്ത് വൈദികരാക്കുക. കേരളത്തിലെ നിലനിൽക്കുന്ന അവസ്ഥയിൽ രൂപതകൾക്ക് തന്നെ വൈദികരുടെ ആവശ്യമായ എണ്ണത്തെ നികത്താൻ കഴിയുന്നതേയുള്ളൂ. സഭാസേവനത്തിനല്ലെങ്കിൽ പിന്നെ ആരെയും തിരുപ്പട്ടം കൊടുത്ത് വൈദികനാക്കേണ്ടതില്ല. സഭയിൽ കേവലപൗരോഹിത്യം (absolute priesthood ) എന്നൊന്നില്ല, പൗരോഹിത്യം സഭാസേവനത്തിനാണ്. അതുകൊണ്ട് ഒരാൾക്ക് പൗരോഹിത്യം നല്കുമ്പോൾ അദ്ദേഹത്തിന് പ്രവർത്തിക്കാനുള്ള വൈദികകർമ്മം നിർവ്വഹിക്കാനുള്ള സഭാമേഖലകൾ കൂടി കാണിച്ചുകൊടുക്കാൻ സഭാധികാരികൾ ബാധ്യസ്ഥരാണ്. എന്നാൽ നിലവിൽ കേരളത്തിലെ അവസ്ഥയിൽ നല്ലൊരു ശതമാനം വൈദികരും സഭാസ്ഥാപനങ്ങളുടെ നടത്തിപ്പുകാരാണ്. അതിന് വാസ്തവത്തിൽ വൈദിക കർമ്മം അനുഷ്ഠിക്കാൻ പ്രാപ്തമാക്കുന്ന തിരുപ്പട്ടമെന്ന കൂദാശ ആവശ്യമില്ലാത്തതുമാണ്. സന്യാസ സമൂഹങ്ങളിൽപ്പെട്ട വൈദികർക്ക് സേവനമനുഷ്ഠിക്കാൻ ആവശ്യമായ അജപാലന മേഖല കാണിച്ചു കൊടുക്കാൻ ഇവിടുത്തെ സഭാനേതൃത്വത്തിന് കഴിയുന്നില്ല. 'വിളവ് ചുരുക്കം വേലക്കാർ അധികം' എന്ന അവസ്ഥയാണ്. എന്നാൽ കേരളത്തിന് വെളിയിലേയ്ക്കും ലോകത്തിന്റെ നാനാഭാഗങ്ങളിലും മിഷനറിമാരായി പോകാൻ അനേകം വൈദികരുടെ ആവശ്യമുണ്ട്. എന്നാൽ അധികാരികൾ നിർബന്ധിക്കാത്തിടത്തോളം അതിന് സ്വാഭാവികമായ സന്നദ്ധത പ്രകടിപ്പിക്കുന്നവർ നന്നേ കുറവും. ജീവിതത്തിന്റെ 'കംഫർട്ട് സോണു'കളിലാണ് ഇവിടെ പൗരോഹിത്യം. ഇതിലേയ്ക്കാണ് പലപ്പോഴും സന്യാസ പൗരോഹിത്യം ആളെ കൂട്ടിക്കൊണ്ടിരിക്കുന്നത്. ഈ അവസ്ഥ ഇല്ലാതാവണം. സന്യാസസമൂഹങ്ങളുടെ ഉള്ളിലെ കൂദാശകളുടെ പരികർമ്മത്തിനോ മിഷന്മേഖലയിലെ അജപാലന ദൗത്യത്തിനോ അല്ലാതെ ഇവിടെ സന്യാസികൾക്കിടയിൽ പൗരോഹിത്യം നല്കേണ്ട ആവശ്യം നിലവിൽ നിലനിൽക്കുന്നില്ല. അതായത് ഒരു സന്യാസിക്ക് പൗരോഹിത്യം കൊടുക്കുമ്പോൾ അദ്ദേഹം അനുഷ്ഠിക്കാൻ ബാധ്യസ്ഥനായിരിക്കുന്ന പൗരോഹിത്യകർമ്മത്തിന്റെ മേഖലകൂടി വ്യക്തിമായി നിർവ്വചിച്ചിരിക്കണം. അല്ലായെങ്കിൽ തിരുപ്പട്ടമെന്ന കൂദാശ കൊടുത്ത് 'ഒരാളെ അച്ചനാകാൻ വേണ്ടി അച്ചനാക്കേണ്ടതില്ല'.
3. അനർഹമായ ആദരവുകളിൽനിന്ന് സന്യാസി പാലിക്കേണ്ട ആന്തരിക അകലത്തെക്കുറിച്ച് കാര്യമായ വ്യക്തതയില്ലാത്തവരാണ് പല പുരുഷസന്യാസികളും. ഒരാളുടെ മതാത്മകവേഷം കൊണ്ടുതന്നെ അർഹിക്കുന്നതിൽ കൂടുതൽ ആദരവ് കിട്ടുന്ന ഒരു സംസ്‌കാരത്തിലാണ് നമ്മൾ ജീവിക്കുന്നത്. സത്യത്തിൽ ഒരു സന്യാസിയെ സമൂഹം മനസ്സിലാക്കേണ്ടത് അദ്ദേഹത്തിന്റെ ജീവിതശൈലിയിൽനിന്നാണ്. പക്ഷേ ഇന്ന് സന്യാസം കൂടുതലും ഒരു വസ്ത്രത്തിന്റെ പ്രശ്നമായി മാറിയിരിക്കുന്നു. വസ്ത്രം ഒരാളുടെ വ്യക്തിത്വം, സോഷ്യൽ റോൾ, ചിന്താഗതി... എന്നിവ അടയാളപ്പെടുത്തുന്ന സമൂഹത്തിൽ ഒരു ഗുരുവിനെ ഒറ്റിക്കൊടുക്കാൻ ശിഷ്യന് ചുംബനംകൊണ്ട് കാട്ടിക്കൊടുക്കേണ്ടവിധം വസ്ത്രധാരണത്തിൽ അതിസാധാരണത്വം(lay statsu) സൂക്ഷിച്ച ഒരു ഗുരുവാണ് ഇന്ന് പൗരോഹിത്യത്തിന്റെയും സന്യാസത്തിന്റെയും വെല്ലുവിളി. അങ്ങനെ വന്നാൽ ഗുരുത്വം, വാക്ക്, പ്രവൃത്തി, നിലപാടുകൾ, ജീവിതം എന്നിവകൊണ്ട് തെളിയിക്കേണ്ടിവരും. അത്അത്ര എളുപ്പമല്ല. അതുകൊണ്ടുതന്നെ വസ്ത്രം തരുന്ന സുരക്ഷിതത്വം വെള്ളംതൊടാതെ വിഴുങ്ങാൻ പലരും തയ്യാറാകുന്നു.
രണ്ടാം വത്തിക്കാൻ കൗൺസിൽ മുന്നോട്ടുവെച്ച തുറവിയുടെ ഭാഗമായിരുന്നു സന്യാസികൾക്ക് അവരുടെ വസ്ത്രധാരണത്തിൽ കാലോചിതവും സംസ്‌കാരോചിതവുമായ തിരഞ്ഞെടുപ്പു നടത്താനുള്ള സ്വാതന്ത്ര്യം. പൊതുസമൂഹത്തിൽനിന്ന് 'വേർതിരിക്കപ്പെട്ടവർ' (The separated ones) എന്ന നിലയിലുള്ള എടുപ്പിലും നടപ്പിലും തന്നെ ഒരാൾ ക്രിസ്തീയ സന്യാസത്തിന്റെ അന്തസത്തയെ ഭേദിക്കുന്നുണ്ട്. ക്രിസ്തുചൈതന്യം പേറിയ സന്യാസവസ്ത്രങ്ങളുടെയൊക്കെ തുടക്കം 'വിശുദ്ധമായ വേർതിരിക്കപ്പെടലിന്റെ അടയാളം' എന്ന നിലയിലായിരുന്നില്ല. ലളിതമായ ഒരു ജീവിതശൈലിയുടെ ഭാഗം എന്ന നിലയിലായിരുന്നു. അവയൊന്നും തുടക്കത്തിൽ 'മതവസ്ത്രങ്ങൾ' പോലുമായിരുന്നില്ല. മദർ തെരേസ തൂപ്പുകാരിസ്ത്രീകളുടെ നീലക്കരയുള്ള സാരിയുടുത്ത് ആരംഭിച്ച സന്യാസമുന്നേറ്റമോ അസ്സീസിയിലെ ഫ്രാൻസിസ് മഞ്ഞുവീഴുന്ന രാവുകളിൽ തണുപ്പിൽനിന്ന് രക്ഷനേടാൻ തോട്ടം കാവൽക്കാർ ഉപയോഗിച്ച തലമൂടുന്ന ചാക്കുവസ്ത്രമിട്ട് ആരംഭിച്ച സന്യാസജീവിതമോ ഒന്നും ഒരു 'മതവസ്ത്ര'ങ്ങളാൽ സമൂഹത്തിലെ സാധാരണക്കാരിൽനിന്ന് മാറ്റിനിർത്തപ്പെട്ട ഒരു ജീവിതശൈലിയായിരുന്നില്ല. എത്ര പെട്ടെന്നാണ് സന്യാസം 'വിശുദ്ധിയുടെ വെള്ളവസ്ത്രത്തിൽ' ചേക്കേറിയത്! വളരെപ്പെട്ടെന്ന് അവർ ലോകത്തിന്റേതല്ലാതായി മാറി. ലോകത്തിൽ വേരൂന്നിനിന്ന് അതിനെ വിമലീകരിക്കുന്ന ക്രിസ്തുദർശനം സന്യാസത്തിന് കൈമോശം വന്നു. ഒരു വസ്ത്രം കൊണ്ടുപോലും പുരോഹിതനും പുരുഷസന്യാസിയും തിരിച്ചറിയാൻ കഴിയാത്ത രീതിയിലേക്ക് 'പൗരോഹിത്യത്തിന്റെ വെളുപ്പിലേക്ക്' പുരുഷസന്യാസം ചേക്കേറി. ളോഹ ആദരവിന്റെ പ്രതീകമായി. വിശുദ്ധിയുടെ വിശുദ്ധയിടത്തിൽനിന്ന് വേർതിരിവിന്റെ തിരശീല കീറി ഭൂമിയിലേക്ക് വന്ന 'മാംസം ധരിച്ച വചന'ത്തിന്റെ ചൈതന്യത്തെ വീണ്ടും വിശുദ്ധയിടത്തിലും വിശുദ്ധവസ്ത്രത്തിലും വിശുദ്ധവ്യക്തികളിലുമാക്കി തളയ്ക്കുമ്പോൾ അതിന്റെ പ്രൗഢിയിലേക്കാണ് പുരുഷസന്യാസവും ചേക്കേറുന്നത് എന്ന് സന്യാസികൾ പോലും മറന്നു.
4. സന്യാസത്തോട് ചോദിക്കേണ്ട ഏറ്റവും അടിസ്ഥാനപരമായ ചോദ്യം - നിങ്ങളിൽ എത്രപേർ പൊതുസമൂഹത്തെ അഭിമുഖീകരിക്കാൻ ആത്മവിശ്വാസമുള്ളവരാണ്? പൗരോഹിത്യം വളരെ കൃത്യമായി സഭാസേവനത്തിന്റെ ശുശ്രൂഷയാണ്. സഭയെ ഒരു സ്ഥാപനമായി മനസ്സിലാക്കുന്ന കാലത്തോളം പൗരോഹിത്യത്തിന്റെ പ്രസക്തി സഭയ്ക്കുള്ളിൽ മാത്രമാണ്. എന്നാൽ സന്യാസം അങ്ങനെയല്ല. സന്യാസം മതാതീതമാണ്. ക്രിസ്തീയസന്യാസം ക്രിസ്തുവിന്റെ ചൈതന്യംപേറി ദൈവരാജ്യത്തിന്റെ സുവിശേഷം പരിധികളില്ലാത്ത ലോകത്തിൽ എത്തിക്കാൻ ജീവിതംകൊണ്ട് ശ്രമിക്കുന്നതാണ്. അവിടെ സഭയെന്ന സ്ഥാപനത്തിന് അപ്പുറത്തേക്കാണ് സുവിശേഷത്തിന്റെ ചൈതന്യം മനുഷ്യഹൃദയങ്ങളെ കണ്ടുമുട്ടുന്നത്. ഈ ദൗത്യം പ്രവാചകപരമാണ്. അവർ സംസാരിക്കുന്ന ഭാഷ കാലദേശങ്ങൾക്കും മതസംസ്‌കാരങ്ങൾക്കുമപ്പുറം എല്ലാ മനുഷ്യനും മനസ്സിലാക്കേണ്ടതാണ്. എത്ര സന്യാസികൾ ഒരു മതസ്ഥാപനമായി മനസ്സിലാക്കപ്പെട്ട സഭയ്ക്ക് പുറത്തേയ്ക്ക് പൊതുസമൂഹത്തെ അഭിമുഖീകരിക്കാൻ തയ്യാറാണെന്ന ഒരു വിചിന്തനം ഉചിതമായിരിക്കും. പൗരോഹിത്യത്തിന്റെ സാമൂഹിക അംഗീകാരങ്ങൾ കിട്ടാത്തയിടങ്ങളിൽ അസ്വസ്ഥമാകുന്ന ക്രിസ്തീയ സന്യാസം ഒരു വലിയ വിരോധാഭാസമാണ്. സന്യാസത്തിന്റെ സ്വത്വം മതസ്വത്വമായി മാറിയിരിക്കുന്നുവോ! ക്രിസ്തീയത ഒരു മതമല്ലെന്നും അതൊരു ജീവിതശൈലിയാണെന്നുമുള്ള (മാർഗ്ഗം/ The Way) ആദ്യകാല ക്രിസ്തീയതയുടെ തിരിച്ചറിവിലേയ്ക്ക് (നടപടി 24: 14, 2 പത്രോസ് 2: 2) സ്ഥാപനവത്കൃതമായി മാറിയ സഭയെ മടക്കിക്കൊണ്ടുവരാനുള്ള ധർമ്മംകൂടി പേറിയവരാണ് ക്രിസ്ത്യൻ സന്യാസികൾ.