ന്യൂജേഴ്‌സി: കേരളാ വോളിബോൾ ലീഗ് ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ മെമോറിയൽ ഡേ വീക്കെൻഡിനോടനുബന്ധിച്ച് ന്യൂജേഴ്‌സിയിലെ ഡിക്കൻസൺ യൂണിവേഴ്‌സിറ്റി റോത്ത്മാൻ സ്പോർട്സ് കോംപ്ലക്‌സിൽ വച്ച് നടത്തപ്പെട്ട 27-മത് ജിമ്മി ജോർജ് മെമോറിയൽ വോളിബോൾ ടൂർണമെന്റിൽ കൈരളി ലയൺസ് ഷിക്കാഗോ ജേതാക്കളായി. അത്യധികം ആവേശകരമായ ഫൈനലിൽ നേരിട്ടുള്ള സെറ്റുകൾക്ക് ബഫല്ലോ സോൾജിയേഴ്‌സ് ടീമിനെ കീഴടക്കിയാണ് ഷിക്കാഗോ ടീം ചാമ്പ്യൻഷിപ്പ് നിലനിർത്തിയത്. ഇടിമുഴക്കം സൃഷ്ടിച്ച സ്മാഷുകളും, സമർത്ഥമായ പ്ലെയിസ്‌മെന്റുകളും ശക്തമായ പ്രതിരോധവും ഉൾപ്പെടുന്ന ഷിക്കാഗോയുടെ കോരിത്തരിപ്പിച്ച പ്രകടനത്തിനു മുന്നിൽ പിടിച്ചുനില്ക്കാനുള്ള ബഫല്ലോയുടെ ശ്രമങ്ങൾ നിഷ്ഫലമാകുകയായിരുന്നു. സ്‌കോർ 25-19, 25-19, 25-22.

മെയ്‌ 23,24 തീയതികളിൽ നടത്തപ്പെട്ട ടൂർണമെന്റിനു ആതിഥേയത്വം വഹിച്ചത് ന്യൂജേഴ്‌സിയിലെ ഗാർഡൻ സ്റ്റേറ്റ് സിക്‌സേഴ്‌സ് ടീമാണ്. 3 പൂളുകളിലായി നടത്തപ്പെട്ട ടൂർണമെന്റിൽ 13 ടീമുകൾ പങ്കെടുത്തു. പൂൾ മത്സരങ്ങളിൽ നേടിയ ഉയർന്ന പോയിന്റിന്റെ അടിസ്ഥാനത്തിൽ ഡിട്രോയിറ്റ് ഈഗിൾസ്, ടാമ്പാ ടൈഗേഴ്‌സ് എന്നീ ടീമുകൾ നേരിട്ട് സെമിഫൈനലിൽ പ്രവേശിച്ചു. ക്വാർട്ടർ ഫൈനലിൽ നേടിയ വിജയത്തിലൂടെ ബഫല്ലോ ഷിക്കാഗോ ടീമുകളും സെമിഫൈനലിനുള്ള അർഹത നേടി. വാശിയേറിയ സെമി ഫൈനൽ മത്സരങ്ങൾക്ക് ഒടുവിൽ ഡിട്രോയിറ്റ് ഈഗിൾസിനെ പരാജയപ്പെടുത്തി ബഫല്ലോയും, ടാമ്പാ ടൈഗേഴ്‌സിനെ തോൽപിച്ച് ഷിക്കാഗോയും ഫൈനലിൽ പ്രവേശിച്ചു.

ഷിക്കാഗോയുടെ അഭിമാനവും, അമേരിക്കൻ വോളിബോളിനു തന്നെ പ്രതീക്ഷയുമായ സനൽ തോമസ് ടൂർണമെന്റിലെ മോസ്റ്റ് വാല്യുവബിൾ പ്ലെയറായി (എം വിപി) വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. എം വിപിയോടൊപ്പം ടൂർണമെന്റിലെ മികച്ച സെറ്റർ പദവിയും സനലിനു തന്നെ ലഭിച്ചു. ടൂർണമെന്റിലെ മികച്ച ഒഫൻസീവ് പ്ലെയറായി ബഫല്ലോയുടെ ജോർജ് മുണ്ടച്ചിറ തെരഞ്ഞെടുക്കപ്പെട്ടു. ടൂർണമെന്റിന്റെ ഭാഗമായി 18 വയസിൽ താഴെയുള്ള കുട്ടികൾക്കായി നടത്തപ്പെട്ട മത്സരത്തിൽ ഷിക്കാഗോയും, 40 വയസ്സിനു മേലുള്ളവർക്കുള്ള മത്സരത്തിൽ ന്യൂയോർക്ക് ട്രൈസ്റ്റേറ്റ് ടീമും വിജയികളായി.

വോളിബോൾ പ്രേമികളുടെ വലിയൊരു പങ്കാളിത്തം ടൂർണമെന്റിലുടനീളം പ്രകടമായിരുന്നു. ആർത്ത് വിളിച്ച് അവർ നൽകിയ പ്രോത്സാഹനം കളിക്കാർക്ക് ആവേശം പകരുകയും, മത്സരങ്ങൾ അക്ഷരാർത്ഥത്തിൽ കോരിത്തരിപ്പുളവാക്കുന്നതുമായിരുന്നു. ജിബി തോമസ് (ചെയർമാൻ), ടി.എസ്. ചാക്കോ (പേട്രൻ), ജെംസൺ കുര്യാക്കോസ് (കോർഡിനേറ്റർ), മാത്യു സക്കറിയ (മാനേജർ) എന്നിവർ അടങ്ങിയ സമർത്ഥമായ നേതൃത്വമാണ് ടൂർണമെന്റിന്റെ വിജയകരമായ നടത്തിപ്പിനായി പ്രവർത്തിച്ചത്. ന്യൂജേഴ്‌സിയിലെ മലയാളി സംഘടനകളുടേയും, സമൂഹത്തിന്റേയും ഉറച്ച പിന്തുണയും അവർക്ക് ലഭിച്ചു. ഷിക്കാഗോയിൽ നിന്നുള്ള ടോം കാലായിൽ പ്രസിഡന്റായുള്ള കെ.വി.എൽ.എൻ.എ ഡയറക്ടർ ബോർഡിന്റെ നിർദേശങ്ങൾക്ക് അനുസരണമായാണ് ടൂർണമെന്റിന്റെ നടത്തിപ്പ്. അടുത്തവർഷത്തെ ടൂർണമെന്റ് കാനഡയിലെ ടൊറന്റോയിൽ വച്ച് നടത്തപ്പെടും.

ടീം അംഗങ്ങൾ ഷിക്കാഗോ- റിന്റു ഫിലിപ്പ് (ക്യാപ്റ്റൻ), മെറിൻ മാഗലശേരി (വൈസ് ക്യാപ്റ്റൻ), സനൽ തോമസ്, ടോണി ജോർജ്, നെതിൻ തോമസ്, ഷോൺ കദളിമറ്റം, അലക്‌സ് കാലായിൽ, ടോം ജോസഫ് ഈരോരിക്കൽ, പോൾ എടാട്ട്, ലെറിൻ മാത്യു, ടോണി സംഗേരാ, മാക്‌സ് തച്ചേട്ട്, സീൽ സൈമൺ (ടീം അംഗങ്ങൾ). സിബി കദളിമറ്റം, സാജൻ തോമസ്, പ്രൈസ് തോമസ്, ജയ് കാലായിൽ (പരിശീലകർ), ടോം കാലായിൽ (മാനേജർ).

ബഫല്ലോ- ജോർജ് മുണ്ടച്ചിറ (ക്യാപ്റ്റൻ), സെനോ ജോസഫ്, ജോൺ മാത്യു, അരുൺ തോമസ്, അലോഷ് അലക്‌സ്, സജിൻ തോമസ്, സുനു കോശി, ജോതിഷ് ജേക്കബ്, ജിജി ജോർജ്,  ജോജോ കുര്യൻ, ചാൾസ് മാത്യു, ജിമ്മി തോമസ് (ടീം അംഗങ്ങൾ), ടോമി തോമസ് (മാനേജർ), സിജോ ജോസഫ്, ജോസഫ് ഫ്രാൻസീസ് (പരിശീലകർ).

ജയ് കാലായിൽ അറിയിച്ചതാണിത്.