- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കായംകുളം വരെ സന്തോഷത്തോടെ ഭർത്താവിനോടും വർക്കല വരെ അമ്മയോടും ഫോണിൽ സംസാരിച്ചു; ട്രെയിനിൽ നിന്ന് ചാടിയത് വളരെ ഭയപ്പാടോടെ എന്ന് സിസി ടിവി ദൃശ്യത്തിൽ വ്യക്തം; ട്രെയിൻ വേഗത്തിലായിരിക്കെയുള്ള ചാട്ടം ആരോ അപായപ്പെടുത്താൻ ശ്രമിച്ചതുകൊണ്ടോ? ജിൻസിയുടെ മരണത്തിൽ കൂടുതൽ അന്വേഷണം തേടി കുടുംബം
തിരുവല്ല: തിരുവല്ലയിൽ ട്രെയിനിൽ നിന്ന് വീണ് ജിൻസി എന്ന യുവതി മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. വളരെ സന്തോഷത്തോടെ കായംകുളം വരെ തന്നോടും, വർക്കല വരെ അമ്മയോടും ഫോണിൽ സംസാരിച്ച ജിൻസി സ്പീഡിൽ പോകുന്ന ട്രെയിനിൽ നിന്ന് പുറത്തുചാടിയതാണ് ഭർത്താവ് കെ.ജെ.ജെയിംസിനെ അമ്പരപ്പിക്കുന്നത്. കൂടുതൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ജയിംസ് കോട്ടയം റെയിൽവേ പൊലീസിലും ആർപിഎഫിലും പരാതി നൽകി. മുഷിഞ്ഞ വസ്ത്രം ധരിച്ചയാൾ ട്രെയിനിലേക്ക് പ്രവേശിക്കുന്നത് കണ്ടതായും അതിനുശേഷമാണ് യുവതി ട്രെയിനിൽ നിന്ന് വീണതെന്നുമുള്ള തരത്തിൽ വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ട്രെയിൻ യാത്രക്കാരുടെ സംഘടനയും ഇതിൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
ജിൻസി വീണ വിവരം അറിഞ്ഞിട്ടും ട്രെയിനിലുണ്ടായിരുന്ന ഗാർഡ് കംപാർട്‌മെന്റിൽ പരിശോധന നടത്തിയില്ലെന്നും റെയിൽവേ ജീവനക്കാരനായ ജയിംസ് പറഞ്ഞു. ട്രെയിനിന്റെ മറുവശത്തുകൂടി ആരെങ്കിലും കയറി അപായപ്പെടുത്താൻ ശ്രമിച്ചപ്പോൾ അവരിൽ നിന്നു രക്ഷപ്പെടാനായി പ്ലാറ്റ്‌ഫോമിലേക്ക് ചാടിയതായിരിക്കാമെന്നാണ് ബന്ധുക്കളും കരുതുന്നത്. 27നു വൈകിട്ട് സ്‌കൂൾ കഴിഞ്ഞു പാസഞ്ചർ ട്രെയിനിൽ കോട്ടയത്തേക്കു മടങ്ങിയ ജിൻസിയാണ് അപകടത്തിൽ പെട്ടത്. വെട്ടൂർ ഗവ.എച്ച്എസ്എസിലെ ഹൈസ്‌കൂൾ വിഭാഗം അദ്ധ്യാപികയായിരുന്നു പാലാ മേലുകാവ് മറ്റം കട്ടിപുരയ്ക്കൽ ജിൻസി ജോൺ (35).
അടച്ചുറപ്പുള്ള ഒരു നല്ല വീട് ജിൻസിയുടെ സ്വപ്നമായിരുന്നു. ലോണെടുത്തും കടം വാങ്ങിയും ഒരുപാടു നാളത്തെ സ്വപ്നം രണ്ടു മാസം മുൻപാണ് പൂവണിഞ്ഞത്. ഏപ്രിൽ 23നായിരുന്നു പാലുകാച്ചൽ. എന്നാൽ ആ വീട്ടിൽ കഴിയാനുള്ള യോഗം അവൾക്കുണ്ടായില്ല, ഭർത്താവ് ജെയിംസ് കണ്ണീരോടെ പറഞ്ഞു.
ജിൻസിയുടെ മരണത്തിൽ അസ്വഭാവിതകയുണ്ടെന്നു ബന്ധുക്കൾ ആരോപിച്ചിരുന്നു. വർക്കല വെട്ടൂർ ഗവ. ഹൈസ്‌കൂൾ അദ്ധ്യാപികയായിരുന്ന ജിൻസി എന്നും ട്രെയിനിലാണു ജോലിക്ക് പോയിരുന്നത്. നാഗർകോവിൽ കോട്ടയം എക്സ്‌പ്രസിന്റെ ലേഡീസ് കംപാർട്‌മെന്റിലാണ് ജിൻസി സ്ഥിരമായി തിരിച്ചുവരുന്നത്. കായംകുളം വരെ കൂട്ടുകാർ ഒപ്പമുണ്ട്. എന്നാൽ അവസാന സ്റ്റേഷനിലേക്കടുക്കുന്ന 6.45- 7 സമയത്ത് മിക്ക ദിവസങ്ങളിലും കംപാർട്‌മെന്റ് കാലിയാണ്.
തിരുവല്ല കഴിഞ്ഞപ്പോൾ ട്രെയിൻ ബോഗിയിൽ ജിൻസി തനിച്ചായിരുന്നുവെന്നും പ്ലാറ്റ്‌ഫോമിൽ അലക്ഷ്യമായി നടന്ന ഒരാൾ ട്രെയിനിലേക്ക് ചാടിക്കയറുന്നതു ഇതേ കോച്ചിൽ നിന്നു പ്ലാറ്റ്‌ഫോമിലേക്കു ഇറങ്ങിയ മറ്റൊരു യാത്രക്കാരി ശ്രദ്ധിച്ചിരുന്നുവെന്നും പറയുന്നു. ഇതിന് ശേഷമാണ് ട്രെയിനിന്റെ അവസാന ബോഗി പ്ലാറ്റ്‌ഫോം കടക്കുന്നതിന് തൊട്ടുമുൻപായി ജിൻസി പുറത്തേക്ക് തെറിച്ചു വീഴുന്നത്.
വീഴ്ചയിൽ തലയുടെ പിൻഭാഗം ഇടിച്ചാണ് വീണത്. അഞ്ചു വർഷമായി വെട്ടൂർ സ്‌കൂളിലെ ഫിസിക്കൽ സയൻസ് അദ്ധ്യാപികയായി ജോലി ചെയ്ത ജിൻസി കുറച്ചു മാസം മുൻപ് വരെ വർക്കല റെയിൽവേ സ്റ്റേഷന് സമീപം വീട് വാടകയ്‌ക്കെടുത്താണ് രണ്ടു മക്കൾക്കൊപ്പം താമസിച്ചിരുന്നത്. ഏതാനും മാസങ്ങൾക്ക് മുൻപ് പാലാ മേലുകാവിൽ വീട് വാങ്ങിയെങ്കിലും യാത്രാസൗകര്യം കണക്കിലെടുത്തു റെയിൽവേയിൽ ജോലിയുള്ള ഭർത്താവ് ജെയിംസിന്റെ കോട്ടയത്തെ റെയിൽവേ ക്വാർട്ടേഴ്‌സിലാണു താമസിച്ചിരുന്നത്. ഭയപ്പാടോടെ ട്രെയിനിൽനിന്നും ചാടുന്നതായാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് മനസിലാകുന്നത്.
മറുനാടന് മലയാളി ബ്യൂറോ