ന്യൂഡൽഹി: രാജ്യവും അതിലുപരിയായി മലയാളികളും ഏറെ അഭിമാനത്തോടെയാണ് ജിൻസൺ ജോൺസൺ എന്ന പേര് മനസിൽ പറയുന്നത്. ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ 1500 മീറ്ററിൽ സ്വർണവും 800 മീറ്ററിൽ വെള്ളിയും നേടി ജിൻസൺ ഇന്ത്യയുടെ അഭിമാനമായിരുന്നു. കോഴിക്കോട് ചക്കിട്ടപാറ സ്വദേശിയാണ് ജിൻസൺ. ജക്കാർത്തയിൽ ജിൻസൺ കാഴ്‌ച്ച വച്ച മികച്ച പ്രകടനമാണ് അർജുന അവാർഡിൽ വരെ എത്തിയത്. അവാർഡ് ലഭിച്ചതിൽ താൻ ഏറെ ആഹ്ലാദവാനാണെന്ന് ജിൻസൺ അറിയിച്ചിരുന്നു.

'അർജുന പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതിൽ സന്തോഷമുണ്ടെന്നും കായിക മേഖലയിലെ വരുംതലമുറക്ക് തന്റെ നേട്ടം പ്രചോദനമാകുമെന്നാണ് പ്രതീക്ഷയെന്നും' ജിൻസൺ പ്രതികരിച്ചു. ഇത്തവണ അവാർഡിനായി പരിഗണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അടുത്ത വർഷമോ മറ്റോ കിട്ടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അടുത്ത ലക്ഷ്യം ഒളിമ്പിക് സ്വർണമാണ്. 2020ലെ ടോക്യോ ഒളിമ്പിക്‌സിനുള്ള തയ്യാറെടുപ്പിലാണെന്നും ജിൻസൺ അറിയിച്ചിരുന്നു.

ജക്കാർത്തയിൽ 1500 മീറ്ററിൽ 3.44.72 സെക്കന്റിൽ ഓടിയെത്തിയാണ് ജിൻസൺ സ്വർണം നേടിയത്. എന്നാൽ 800 മീറ്റിൽ മറ്റൊരു ഇന്ത്യൻ താരം മൻജിത് സിങ്ങിന് പിന്നിലായി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യുകയായിരുന്നു ജിൻസൺ. മൻജിത് 1:46:15 സെക്കന്റിൽ മൻജിത് ഓടിയെത്തിയപ്പോൾ 1:46:35 സെക്കന്റാണ് ജിൻസണെടുത്ത സമയം. പുരുഷന്മാരുടെ 800 മീറ്റർ ഓട്ടത്തിൽ സാക്ഷാൽ ശ്രീറാം സിങ്ങിന്റെ പേരിലുണ്ടായിരുന്ന 42 വർഷം പഴക്കമുള്ള ദേശീയ റെക്കോഡ് തകർത്ത ഈ 27കാരൻ ഏഷ്യൻ ഗെയിംസിലും ലക്ഷ്യമിട്ടത് നേട്ടം. ജക്കാർത്തയിൽ 800 മീറ്ററിൽ നിരാശപ്പെടുത്തിയ വെള്ളിയായിരുന്നു ആദ്യ മെഡൽ നേട്ടം.

ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സിന്റെ അവസാന ദിനമാണ് ജിൻസൺ സ്വർണം ഓടി നേടിയത്. ഈ ഗെയിംസിൽ ഒരു മലയാളി താരം നേടുന്ന ആദ്യ സ്വർണ മെഡലാണ്, 1,500 മീറ്ററിൽ ജിൻസൺ ജോൺസൻ സ്വന്തമാക്കിയത്. 800 മീറ്ററിൽ ദേശീയ റെക്കോർഡുകാരനാണെങ്കിലും, അവസാന നിമിഷത്തെ കുതിപ്പിൽ സ്വർണം കൈക്കലാക്കിയ മഞ്ജിത് സിങ്ങിനു പിന്നിൽ രണ്ടാമനായിപ്പോയതിന്റെ വിഷമം മറന്നാണ് 1,500 മീറ്ററിൽ ജിൻസൺ സ്വർണം നേടിയത്. അവസാന ലാപ്പിൽ നടത്തിയ മിന്നൽക്കുതിപ്പാണ് ഇറാൻ, ഖത്തർ താരങ്ങളെ മറികടന്ന് സ്വർണത്തിലെത്താൻ ജിൻസനെ പ്രാപ്തനാക്കിയത്.

റിയോ ഒളിംപിക്സിൽ സ്വർണം നേടിയ യുഎസ് താരത്തേക്കാൾ മികച്ച സമയം കുറിച്ചാണ് ജിൻസണിന്റെ സ്വർണനേട്ടം. രണ്ടു വർഷം മുൻപു നടന്ന ഒളിംപിക്സിൽ 3:50.00 സെക്കൻഡിലാണ് യുഎസ് താരം മാത്യു സെൻട്രോവിറ്റ്സ് സ്വർണം നേടിയത്. പി.യു ചിത്രയെ അർജുന അവാർഡിന് പരിഗണിച്ചിട്ടില്ല എന്നതും ഈ അവസരത്തിൽ ചർച്ചയാവുകയാണ്. ഈ ഏഷ്യൻ ഗെയിംസിൽ ഒരു വെങ്കല മെഡൽ മാത്രമാണ് ചിത്രയ്ക്ക് സ്വന്തമാക്കാൻ കഴിഞ്ഞത്.

ക്രിക്കറ്റ് താരം വീരാട് കോലിയെയും ഭാരദ്വാഹന താരം മീരാഭായി ചാനുവിനെയും ഖേൽ രത്നാ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തു. മീരാഭായ് ചാനുവിന്റെ പരിശീലകൻ വിജയ് ശർമ്മ ദ്രോണാചാര്യ അവാർഡിനുള്ള ശുപാർശപ്പട്ടികയിലുണ്ട്. ഒപ്പം ടേബിൾ ടെന്നീസ് പരിശീലകൻ ശ്രീനിവാസ റാവുവും ബോക്സിങ് പരിശീലകൻ സി.എ കുട്ടപ്പയും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.

കായികരംഗത്തെ സമഗ്ര സംഭവാനക്കുള്ള ധ്യാൻചന്ദ് പുരസ്‌കാരത്തിന് മലയാളി ഒളിമ്പ്യൻ ബോബി അലോഷ്യസിനെ ശുപാർശ ചെയ്തിട്ടുണ്ട്. ഒപ്പം ഭാരത് ഛേത്രി (ഹോക്കി), സത്യദേവ് പ്രസാദ്( അമ്പെയ്ത്ത്), ദാദു ചൗഗുളെ (ഗുസ്തി) എന്നിവരും ശുപാർശ പട്ടികയിലുണ്ട്.
റിട്ടയേർഡ് ജസ്റ്റിസ് മുകുൾ മുദ്ഗൽ അധ്യക്ഷനായ കമ്മിറ്റിയാണ് ശുപാർശ പട്ടിക തയ്യാറാക്കിയത്.

 കോമൺവെൽത്ത് ഗെയിംസ് ഷൂട്ടിങ്ങിൽ സ്വർണം നേടിയ സമരേശ് ജംഗ്, ബാഡ്മിന്റൺ താരം അശ്വിനി പൊന്നപ്പ, മുൻ ബോക്സിങ് പരിശീലകൻ ജി.എസ് സന്ധു, ഹോക്കി പരിശീലകൻ എ.കെ ബൻസാൽ, അമ്പെയ്ത്ത് പരിശീലകൻ സഞ്ജീവ് സിങ്ങ്, സായിയുടെ സ്പെഷ്യൽ ഡയറക്ടർ ജനറൽ ഒങ്കാർ കേദിയ, ജോയിന്റ് സെക്രട്ടറി ഇന്ദർ ധാംജിയ എന്നിവരാണ് സെലക്ഷൻ കമ്മിറ്റി അംഗങ്ങൾ.

കായിക ലോകത്ത് സ്വർണ തിളക്കം സ്വപ്‌നം കണ്ട ജിൻസന്റെ ജീവിതം

സ്‌കൂൾ പഠനകാലം മുതൽ അത്‌ലറ്റിക്‌സിൽ താൽപര്യമുണ്ടായിരുന്നു. തുടക്കത്തിൽ സമ്മാനമൊന്നും കിട്ടിയിരുന്നില്ല. ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി രണ്ടാം സ്ഥാനത്തെത്തുന്നത്. കുളത്തുവയൽ സെന്റ് ജോർജ് സ്‌കൂളിലായിരുന്നു പഠനം. ജില്ലാ മീറ്റിൽ സായിയിലും സ്പോർട്സ് ഹോസ്റ്റലിലുമൊക്കെ പരിശീലനം കിട്ടിയ കുട്ടികളായിരുന്നു മത്സരിക്കാനുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ അവിടെയൊന്നും തുടക്കത്തിൽ ശ്രദ്ധേയ പ്രകടനം നടത്താൻപോലും കഴിഞ്ഞിരുന്നില്ല.

 എന്നാൽ കെ എം പീറ്റർ എന്ന പരിശീലകനെ കണ്ടുമുട്ടിയതോടെ എല്ലാം മാറി മറിഞ്ഞു. ചക്കിട്ടപ്പാറയിലെ ബാങ്ക് സെക്രട്ടറികൂടിയായിരുന്ന പീറ്ററാണ് ആദ്യമായി ശാസ്ത്രീയ പരിശീലനം നൽകുന്നത്. ഇവിടെ നിന്ന് അത്‌ലറ്റിക്‌സ് കരിയർ കുതിക്കാൻ തുടങ്ങിയത്. കൊൽക്കത്തയിൽ നടന്ന ദേശീയ സ്‌കൂൾ മീറ്റിലും സ്വർണം സ്വന്തമാക്കി. അതോടെ ഏവരും ജിൻസണെ ശ്രദ്ധിച്ചു. അത് വെറുതെയായില്ലെന്നാണ് ജക്കാർത്തയിലെ സ്വർണ്ണവും വെള്ളിയും തെളിയിക്കുന്നത്.

കുളത്തുവയൽ സെന്റ് ജോർജ് ഹൈസ്‌കൂളിലും കോട്ടയം ബസേലിയസ് കോളേജിലും പഠനം പൂർത്തിയാക്കി. കോട്ടയത്തെ കേരള സ്പോർട്സ് കൗൺസിലിന്റെ കീഴിലുള്ള സ്പോർട്സ് ഹോസ്റ്റലിൽ പരിശീലനം നേടിയ ശേഷം 2009ൽ ഇന്ത്യൻ ആർമിയിൽ ചേർന്നു. ദേശീയ തലത്തിൽ മെഡലൊക്കെ വന്നതോടെ ശ്രദ്ധിക്കപ്പെട്ടു. അപ്പോൾ തന്നെ ആർമിയിൽ ജോലി കിട്ടി. പൂണെയിൽ ആയിരുന്നു ചേർന്നത്. അവിടുത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനായില്ല. ആദ്യമായിട്ടായിരുന്നു നാട്ടിൽ നിന്ന് വിട്ടുനിൽക്കുന്നത്. ഒരാഴ്ച കഴിഞ്ഞപ്പോൾ അവിടെ നിന്ന് മടങ്ങി.

കോട്ടയം ബസേലിയസ് കോളേജിലാണ് ബിരുദപഠനത്തിന് ചേർന്നത്. ജോർജ് ഇമ്മാനുവലിന് കീഴിലായിരുന്നു പരിശീലനം. സെൻട്രലൈസ്ഡ് സ്പോർട്സ് ഹോസ്റ്റലായിരുന്നു. ഡിഗ്രീ രണ്ടാം വർഷം തന്നെ ആർമിയിൽ ജോലി കിട്ടി. അങ്ങനെ ബിരുദ പഠനം പൂർത്തിയാക്കാതെ വീണ്ടും സൈന്യത്തിൽ. ചെറുപ്പത്തിലേ ജോലി കിട്ടിയിട്ടും നഷ്ടപ്പെടുത്തിയെന്ന് നാട്ടുകാരും ബന്ധുക്കളുമൊക്കെ കുറ്റപ്പെടുത്തി. ഇതാണ് പെട്ടെന്നുതന്നെ വീണ്ടും ജോലിയിൽ പ്രവേശിക്കാൻ കാരണം.-ആർമിയിലെത്തിയതിന് ജിൻസൺ വിശദീകരിക്കുന്നത് ഇങ്ങനെയാണ്.

ആർമിയിൽ എത്തിയതോടെയാണ് സിന്തറ്റിക് ട്രാക്കിൽ പരിശീലനം തുടങ്ങിയത്. എല്ലാ സൗകര്യങ്ങളും ആർമിയിലുണ്ട്. ഇതോടെ പ്രകടനവും മെച്ചപ്പെട്ടു. ജൂനിയർ വിഭാഗത്തിലെ 1500 മീറ്ററിൽ സ്വർണം നേടിയോടെ ഇന്ത്യൻ ടീമിലെത്തി. ഗുവാഹതിയിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് സീനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ സ്വന്തമാക്കിയ 800 മീറ്ററിലെ റിക്കോർഡ് നേട്ടം ഇന്ത്യൻ അത്ലറ്റിക്സിലെ സമീപകാലത്തെ ഏറ്റവും മികച്ച പ്രകടനമാണ്. ഒരു മിനിറ്റ് 45.65 സെക്കൻഡിലാണ് ഗുവാഹതിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിലെ ട്രാക്കിൽ പുതുചരിതമെഴുതിയത്.

ഒരു മിനിറ്റ് 45.77 സെക്കൻഡ് ആയിരുന്നു ശ്രീറാം സിങ്ങിന്റെ പേരിലുണ്ടായിരുന്ന റെക്കോഡ്. താൻ ജനിക്കുന്നതിന് വർഷങ്ങൾക്കുമുമ്പ് സ്ഥാപിച്ച റെക്കോഡാണ് തകർക്കാനായത്. 2016ൽ റിയോ ഒളിമ്പിക്സിന് യോഗ്യത നേടിയ പ്രകടനമായ ഒരു മിനിറ്റ് 45.98 സെക്കൻഡായിരുന്നു ഇതിന് മുമ്പുള്ള ജിൻസണിന്റെ മികച്ച സമയം. അന്ന് മുതൽ മനസ്സിലൊരു തീരുമാനമെടുത്തിരുന്നു. ശ്രീറാം സിങ്ങിന്റെ റെക്കോഡ് തകർക്കുകയെന്ന്. മികച്ച ഫോമിലുള്ളപ്പോൾതന്നെ ആ നേട്ടത്തിലേക്ക് കുതിക്കുകയായിരുന്നു ലക്ഷ്യം. 1500 മീറ്ററിലും ദേശീയ റെക്കോഡിനുടമയാണ് ജിൻസൺ.

കോഴിക്കോട് ചക്കിട്ടപാറയിലെ കുളച്ചൽ ജോൺസൺ-ശൈലജ ദമ്പതികളുടെ മകനാണ് ജിൻസൺ. ജിൻസണിന്റെ സ്റ്റൈലും ടെക്നിക്കും മികച്ചതാണെന്ന് വനിതകളുടെ 800 മീറ്ററിൽ ഒരു കാലത്ത് തിളങ്ങിയ ഷൈനി വിൽസൻ വിലയിരുത്തിയത്. ഇത് ശരിയാണെന്ന് തെളിയിക്കുകയാണ് ജക്കാർത്തയിൽ ജിൻസൺ. ഏഷ്യൻ ഗ്രാന്റ് പ്രീ പരമ്പരയിൽ മൂന്ന് സ്വർണ മെഡൽ ലഭിച്ചിട്ടുണ്ട്. ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടി. 2016ലെ റിയോ ഒളിമ്പിക്‌സാണ് ആദ്യ ഒളിമ്പിക് മൽസരം.

അർജുന അവാർഡിനായി ശുപാർശ ചെയ്തവരുടെ പട്ടിക