- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സ്വന്തമായി വരുമാനം കണ്ടെത്തി വേണം രാഷ്ട്രീയത്തിൽ നിൽക്കാൻ; അല്ലെങ്കിൽ രാഷ്ട്രീയത്തിൽ നിന്ന് വരുമാനം കണ്ടെത്തേണ്ടി വരും; അതിനോട് താത്പര്യമില്ല'; നയം വ്യക്തമാക്കുന്നത് കുസാറ്റിൽ പിഎച്ച്ഡി പഠനവും വരുമാനത്തിന് തട്ടുകടയും നടത്തുന്ന യുവനേതാവ്; യൂത്ത് കോൺഗ്രസ് നേതാവ് ജിന്റോ ജോൺ വ്യത്യസ്തനാകുന്നത് ഇങ്ങനെ
കൊച്ചി: രാഷ്ട്രീയ പ്രവർത്തനം തന്നെ തൊഴിലായി സ്വീകരിക്കുന്നവർക്കിടയിൽ വ്യത്യസ്തനായ ഒരു രാഷ്ട്രീയ നേതാവ്. കുസാറ്റിൽ സാമ്പത്തിക ശാസ്ത്രത്തിൽ പി.എച്ച്.ഡി. ചെയ്യുന്നു. വരുമാനത്തിനായി സ്വന്തമായി തട്ടുകട നടത്തുന്നു. ഒപ്പം സമൂഹ സേവനമെന്നത് കടമയായി കണ്ട് രാഷ്ട്രീയ പ്രവർത്തനവും. പറഞ്ഞുവരുന്നത് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജിന്റോ ജോണിനെപ്പറ്റിയാണ്.
സാമ്പത്തികശാസ്ത്രത്തിൽ ബിരുദത്തിന് 83 ശതമാനവും ബിരുദാനന്തര ബിരുദത്തിന് 72 ശതമാനവും മാർക്ക് തേടിയ ജിന്റോ എം.ഫിൽ മൂന്നാം റാങ്കോടെയാണ് പാസായത്. നിലവിൽ കുസാറ്റ് സർവകലാശാലയിൽ സാമ്പത്തികശാസ്ത്രത്തിൽ പി.എച്ച്.ഡി. ചെയ്യുകയുമാണ് ജിന്റോ. അതോടൊപ്പം, നായത്തോട് ഒരു തട്ടുകട നടത്തുന്നു. പഠനത്തിനും രാഷ്ട്രീയ പ്രവർത്തനത്തിനുമൊപ്പം ഒഴിവ് കിട്ടുന്ന സമയങ്ങളിൽ തട്ടുകടയിലെ എല്ലാ ജോലികളും ചെയ്താണ് വരുമാനത്തിനുള്ള വക ഈ യുവാവ് കണ്ടെത്തുന്നത്.
''സ്വന്തമായി വരുമാനം കണ്ടെത്തി വേണം രാഷ്ട്രീയത്തിൽ നിൽക്കാനെന്ന ആശയമാണ് ഇതിന് പ്രേരിപ്പിച്ചത്. അല്ലെങ്കിൽ രാഷ്ട്രീയത്തിൽ നിന്ന് വരുമാനം കണ്ടെത്തേണ്ടി വരും, അതിനോട് താത്പര്യമില്ല'' - അയ്യമ്പുഴ സ്വദേശിയായ ജിന്റോ തുറന്നുപറയുന്നു.
ആലുവ യു.സി. കോളേജിൽ കലാലയ രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവർത്തനത്തിലേക്ക് ജിന്റോ കടന്നുവന്നത്. കോളേജ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. പഠന കാലത്തെ അനുഭവം ഇങ്ങനെ.
രാവിലെ വിദ്യാർത്ഥിയും കോളേജ് ചെയർമാനുമായും കോളേജിൽ. രാത്രിയിൽ കളമശ്ശേരിയിൽ പെയിന്റിങ് തൊഴിലാളി. കോളേജിലെ അടുത്ത സുഹൃത്തുക്കളല്ലാതെ മറ്റാരും ഈ വേഷപ്പകർച്ച അറിഞ്ഞിരുന്നില്ല.
രാഹുൽ ഗാന്ധി കെ.എസ്.യു.വിൽ തിരഞ്ഞെടുപ്പ് കൊണ്ടുവന്നപ്പോൾ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട ജില്ലാ പ്രസിഡന്റായിരുന്നു ജിന്റോ, അക്കാലത്താണ് എറണാകുളം മഹാരാജാസ് കോളേജ് കെ.എസ്.യു. തിരിച്ചുപിടിക്കുന്നതും. പിന്നീട് യൂത്ത് കോൺഗ്രസ് ചാലക്കുടി പാർലമെന്റ് മണ്ഡലത്തിൽ ഡീൻ കുര്യാക്കോസിന്റെ കമ്മിറ്റിയിൽ നിന്ന് ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
സംസ്ഥാനത്തെ അപ്രഖ്യാപിത നിയമന നിരോധനത്തിന് എതിരെ അടുത്ത കാലത്ത് നടന്ന പി. എസ്.സി. ഓഫീസ് ഉപരോധ സമരത്തിലും മന്ത്രി കെ ടി ജലീലിനെതിരായ യൂത്ത് കോൺ്ഗ്രസ് പ്രക്ഷോഭത്തിലും സമരമുഖത്ത് നേതൃത്വം നൽകാനും മുന്നിൽ ജിന്റോ ജോൺ ഉണ്ടായിരുന്നു.
സജീവ രാഷ്ട്രീയത്തിൽ തുടരണമെന്നു തന്നെയാണ് ആഗ്രഹം. തട്ടുകട നിർത്തി മറ്റു ജോലികൾ തത്കാലം ആരംഭിക്കാൻ സാധിക്കുന്ന അവസ്ഥയല്ല. സമരവും മറ്റുമായി ഏഴ് വർഷത്തിനുള്ളിൽ 44 കേസുകളാണ് നിലവിലുള്ളത്. സർക്കാർ ജോലിയൊന്നും ഇനി ഒരിക്കലും നടക്കില്ല. ഗവേഷണം കഴിഞ്ഞ് മറ്റു കാര്യങ്ങൾ ആലോചിക്കാമെന്നാണ് ഇപ്പോൾ കരുതുന്നത്. രാഷ്ട്രീയവും തട്ടുകടയും പഠനവുമായുള്ള ഓട്ടത്തിനിടയിൽ ഭാര്യയോടും രണ്ട് കുഞ്ഞുങ്ങളോടുമുള്ള കടമകളും ഉത്തരവാദിത്വങ്ങളും കൃത്യമായി നിർവഹിച്ചാണ് ഈ യുവാവിന്റെ ജീവിതം മുന്നോട്ടുപോകുന്നത്.
എം.ഫിലിന് ശേഷം കുറച്ചുനാൾ ഗസ്റ്റ് അദ്ധ്യാപകനായി ജോലിചെയ്തിരുന്നു. എന്നാൽ, രാഷ്ട്രീയ സമരത്തിൽ പങ്കെടുക്കലും പരിക്കേൽക്കലുമെല്ലാം ഒരു വിഷയമായപ്പോൾ ആ ജോലി ഉപേക്ഷിച്ചു. പിന്നീട് 'യോഗ' പരിശീലകനായി. കോവിഡും ലോക്ഡൗണും വന്നപ്പോൾ അതും നിന്നു. ഇപ്പോൾ തട്ടുകടയാണ് ആശ്രയം.
ഇപ്പോൾ തട്ടുകട വണ്ടിയിൽ എപ്പോഴും അലക്കിത്തേച്ച വസ്ത്രങ്ങളുണ്ടാകും. അത്യാവശ്യം വന്നാൽ തട്ടുകട പരിചയമുള്ളവരെ ഏൽപ്പിച്ച്, യൂത്ത് കോൺഗ്രസിന്റെ യോഗങ്ങളിലും സമരങ്ങളിലും പങ്കെടുക്കാൻ ഇറങ്ങും. സമരം ആണെങ്കിൽ പൊലീസ് കേസും മറ്റ് പ്രശ്‌നങ്ങളുമൊക്കെയായി അതിന്റെ പിന്നാലെ. ജീവതം തന്നെ സമരപോരാട്ടമാക്കുന്നു ഈ നേതാവ്.
ന്യൂസ് ഡെസ്ക്