രാജ്യത്തെ ടെലികോം ഭീമന്മാരായ റിലയൻസ് ജിയോ ടെലികോം വിപണിയിലെ ശേഷിക്കുന്ന ഭാഗവും പിടിച്ചടക്കാൻ നീങ്ങുന്നു. കൂടുതൽ നിക്ഷേപമിറക്കാൻ പോകുകയാണെന്നാണ് വിവരം. 2018 ലെ വിപണി പിടിച്ചെടുക്കാൻ ഏകദേശം 60,000 കോടി രൂപയുടെ നിക്ഷേപമാണ് ജിയോ ഇറക്കുന്നത്.

ഇതോടെ ജിയോയുടെ മൊത്തം നിക്ഷേപം രണ്ടു ലക്ഷം കോടി രൂപയ്ക്ക് മുകളിൽ കടക്കും. ബ്രോഡ്ബൻഡ്, ടിറ്റിഎച്ച് (ടെലിവിഷൻ നെറ്റ്‌വർക്ക്) തുടങ്ങി സേവന വിപണികൾ പിടിച്ചെടുക്കാനും ജിയോ 4ജി സേവനത്തിന്റെ നെറ്റ്‌വർക്ക് വേഗം വർധിപ്പിക്കാനുമാണ് പുതിയ നിക്ഷേപം ഉപയോഗിക്കുക. ഇതോടൊപ്പം 5ജി നെറ്റ്‌വർക്ക് നടപ്പിലാക്കാൻ ഇപ്പോൾ തന്നെ പരീക്ഷണങ്ങളും നിക്ഷേപവും തുടങ്ങിയിട്ടുണ്ട്. ഇതോടെ മറ്റ് സ്വസ്വകാര്യ കമ്പനികളുടെ കാര്യം ഗതികേടിലായി. കൂടുതൽ നീക്കവുമായി ജിയോ മുന്നോട്ട് വരുമ്പോൾ എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുയാണിവർ

വൈകാതെ തന്നെ അവതരിപ്പിക്കുന്ന ജിയോഫൈബർ ബ്രോഡ്ബൻഡ് സേവനം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാൻ ഫ്രീ സൂനാമി വീണ്ടും അവതരിപ്പിക്കുമെന്നാണ് അറിയുന്നത്. ഇതിനായി കൂടുതൽ നിക്ഷേപം വേണം. ആദ്യം നഗരങ്ങളിലും പിന്നീട് ഗ്രാമങ്ങളിലും അതിവേഗ ജിയോഫൈബർ എത്തിക്കുകയാണ് ജിയോ പദ്ധതി.

റിലയൻസ് ജിയോയുടെ ഓരോ നീക്കവും മറ്റു ടെലികോം കമ്പനികൾക്ക് വൻ ഭീഷണിയാണ്. ലക്ഷം കോടികൾ കടത്തിൽ മുങ്ങിയ കമ്പനികൾക്ക് ജിയോയുടെ ഓരോ പ്രഖ്യാപനവും ഹാർട്ട് അറ്റക്കാണ്. നിരക്കുകൾ വെട്ടിക്കുറച്ച് കൂടുതൽ വരിക്കാരെ സ്വന്തമാക്കാനുള്ള പുതിയ പ്ലാനുകളാണ് ജിയോ അണിയറയിൽ ഒരുങ്ങുന്നത്. വെറും 4,500 രൂപയ്ക്ക് 1100 ജിബി ഡേറ്റ നൽകുന്നതോടെ ബ്രോഡ്ബാൻഡ് വിപണി ജിയോ കൈയടക്കും.