ജിയോ ഫ്രീ സുനാമിയിൽ മറ്റെല്ലാ മൊബൈൽ കമ്പനികളും ഒലിച്ചു പോയതായി റിപ്പോർട്ട്. ആരും നൽകാത്ത ഓഫറുകൾ നൽകി ജിയോ ഉപഭോക്താക്കളെ തങ്ങളിലേക്ക് അടുപ്പിച്ച് നിർത്തിയപ്പോൾ മുകേഷ് അംബാനിയുടെ നീക്കം മറ്റെല്ലാ കമ്പനികൾക്കും വൻ തിരിച്ചടിയായി. ഇതോടെ വർഷങ്ങളായി വൻ ലാഭം കൊയ്തിരുന്ന കമ്പനികളെല്ലാം വൻ പ്രതിസന്ധിയിലായതായാണ് റിപ്പോർട്ട്.

ജിയോ വന്നതോടെ പ്രതിസന്ധിയിലായ ചില കമ്പനികൾ പൂട്ടി. മറ്റു ചിലവ അടച്ചു പൂട്ടലിന്റെ വക്കിലാണ്. അടുത്ത ഏഴോ എട്ടോ മാസത്തിനുള്ളിൽ പതിനായിരക്കണക്കിന് തൊഴിലുകൾ ഈ മേഖലയിൽ നഷ്ടമാകുമെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അങ്ങനെ സംഭവിച്ചാൽ ടെലികോം മേഖലയ്ക്ക് കോടികളുടെ നഷ്ടമാകും ഉണ്ടാകുക.

അതിവേഗം ബഹുദൂരം മുന്നോട്ട് പോയ ടെലികോം മേഖല കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ലക്ഷക്കണക്കിന് ആൾക്കാരുടെ ഉപജീവന മാർഗമായിരുന്നു. വൻ തോതിലാണ് ഓരോ വർഷവും ഈ മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടത്. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി പിരിച്ചുവിട്ടതും പിരിഞ്ഞു പോയതുമായ ജീവനക്കാരുടെ കണക്കുകൾ ഞെട്ടിക്കുന്നതാണ്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ആയിരക്കണക്കിന് ജീവനക്കാരെയാണ് ഓരോ കമ്പനിയും പിരിച്ചു വിടുന്നത്.

റിലയൻസ് ജിയോ വന്നതിനു ശേഷം 2017 ൽ മാത്രം ടെലികോം മേഖലയിൽ നിന്ന് ഏകദേശം 40,000 പേരെ പിരിച്ചുവിട്ടു. അടുത്ത എട്ടോ ഒൻപതോ മാസത്തിനുള്ളിൽ ടെലികോം വിപണിയിൽ നിന്ന് 80,000 മുതൽ 90,000 പേരെ പറഞ്ഞുവിടുമെന്നാണ് റിപ്പോർട്ട്. ടെലികോം രംഗത്തെ 65 ഹാർഡ്വെയർ, സോഫ്റ്റ്‌വെയർ കമ്പനികളിലെ ടെക്കികളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നിഗമനം.

നടപ്പു സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ ജിയോ ലാഭ കണക്ക് അവതരിപ്പിച്ചപ്പോൾ മറ്റുള്ളവരെല്ലാം പ്രതിസന്ധിയുടെ കണക്കുകളാണ് അവതരിപ്പിച്ചത്. അതേസമയം, 2017 നവംബറിൽ വന്ന മറ്റൊരു റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ മാത്രം ടെലികോം മേഖലയിൽ കുറഞ്ഞത് 75,000 പേർക്ക് ജോലി നഷ്ടമായി.

ഒരു വർഷം മുൻപ് ടെലികോം മേഖലിയിലുണ്ടായിരുന്ന മൂന്ന് ലക്ഷം തൊഴിലാളികളിൽ 25 ശതമാനത്തിനും ഇപ്പോൾ ജോലി നഷ്ടമായി. താഴേ തട്ടിലുള്ളവരേക്കാൾ മധ്യവർഗ്ഗത്തിലും മേൽതട്ടിലും പണിയെടുത്തിരുന്ന ജീവനക്കാരെയാണ് പിരിച്ചുവിടൽ ഏറെ ദോഷകരമായി ബാധിച്ചത്.