ന്യൂഡൽഹി: മാർച്ച് 31 ഓടെ ജിയോ മൊബൈലിന്റെ ഓഫറെല്ലാം തീരുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ഇനിയും സൗജന്യ ഓഫറുകൾ ജിയോ തുടരും. പ്രൈം അംഗത്വം നേടുന്നതിനുള്ള സമയപരിധി നീട്ടി പുതിയ ഓഫറുമായി റിലയൻസ് ജിയോ രംഗത്ത്. ജിയോ പ്രൈം അംഗത്വം നേടുന്നതിനുള്ള കാലാവധി 15 ദിവസം കൂടി നീട്ടിയ കമ്പനി സമ്മർ സർപ്രൈസ് എന്ന പേരിൽ മൂന്നുമാസം കൂടി അൺലിമിറ്റഡ് ഓഫറും പ്രഖ്യാപിച്ചു

402 രൂപ മുടക്കിയാൽ ജൂലൈ വരെ ഉപയോക്താക്കൾക്ക് ജിയോ 4ജി പരിധിയില്ലാതെ ഉപയോഗിക്കാനാകും എന്നതാണ് പുതിയ ഓഫറിന്റെ പ്രത്യേകത. 99 രൂപയ്ക്ക് ജിയോ പ്രൈം അംഗത്വമെടുത്ത ശേഷം 303 രൂപയ്ക്ക് (99+303= 402) മുകളിലുള്ള പ്ലാൻ തിരഞ്ഞെടുക്കുന്നവർക്കാണ് പുതിയ ഓഫർ ലഭ്യമാവുക. സമ്മർ ഓഫറിന് അർഹരാകുന്നവർക്ക് ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലേക്ക് സൗജന്യമായി ജിയോ 4ജി ലഭ്യമാകും. പെയ്ഡ് ഓഫർ കാലാവധി ആരംഭിക്കുന്നത് ജൂലൈ മാസത്തിൽ ആയതിനാൽ ഇപ്പോൾ ചെയ്യുന്ന 303 രൂപ റീചാർജിന്റെ ആനുകൂല്യം ജൂലൈയിലാകും ലഭ്യമാകുക.

402 രൂപ റീചാർജിൽ മൂന്ന് മാസത്തെ സമ്മർ സർപ്രൈസ് സൗജന്യവും നൽകിയ തുകയുടെ ഓഫറും (28 ദിവസം) ഉൾപ്പെടെ നാല് മാസത്തേക്ക് ജിയോ അൺലിമിറ്റഡ് ഉപയോഗം ലഭിക്കും. 303 രൂപ റീചാർജിൽ 28 ദിവസത്തെ കാലാവധിയിൽ പ്രതിദിനം 1 ജിബി എന്ന കണക്കിൽ 28 ജിബിയാണ് ലഭിക്കുക. അതായത്, ഏപ്രിൽ 15ന് മുമ്പ് 303 രൂപ റീചാർജ് ചെയ്യുന്ന പ്രൈം അംഗത്തിന് ജൂലൈ 28 വരെ അൺലിമിറ്റഡ് ഓഫർ ലഭിക്കും.

നിലവിൽ ജൂൺ വരെയുള്ള സമ്മർ ഓഫർ കാലാവധിയിൽ ഹാപ്പി ന്യൂ ഇയർ ഓഫറിലേതിന് സമാനമായി പ്രതിദിനം 1 ജിബി വീതമാകും 4ജി ഡാറ്റ ലഭ്യമാകുക എന്നാണ് വിവരം. 499 രൂപയുടെ പ്രതിദിനം 2 ജിബി ലഭ്യമാകുന്ന ഓഫർ തിരഞ്ഞെടുക്കുന്നവർക്ക് സമ്മർ ഓഫർ കാലാവധിയിൽ കൂടുതൽ ഡാറ്റ ലഭിക്കാൻ സാധ്യതയില്ല. എന്നാൽ പെയ്ഡ് കാലാവധി ആരംഭിക്കുന്ന ജൂലൈയിൽ 499 രൂപ റീചാർജിന്റെ ആനുകൂല്യം ലഭിക്കും. കൂടുതൽ കാലാവധിയിൽ കൂടുതൽ ഡാറ്റ ലഭിക്കുന്ന 999 രൂപ മുതലുള്ള മറ്റു റീചാർജുകൾ ചെയ്യുന്ന മറ്റുള്ളവർക്കും ജൂലൈ മുതൽ അതാത് ഓഫറുകളുടെ ആനുകൂല്യമാകും ലഭിക്കുക.

ഏപ്രിൽ 15ന് മുമ്പ് പ്രൈം അംഗത്വം നേടാത്തവർക്ക് തരംതാഴ്‌ത്തലും ഡിസ്‌കണക്ഷനും ഉൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടിവരും. ഏപ്രിൽ 15ന് മുമ്പ് 303 രൂപ മുതലുള്ള റീചാർജ് ചെയ്യുന്നവർക്കേ സമ്മർ സർപ്രൈസ് ഓഫറും ലഭിക്കുകയുള്ളൂ. ഏപ്രിൽ 15ന് മുമ്പ് പ്രൈം അംഗത്വം നേടിയാലും 303 മുതലുള്ള റീചാർജ് ചെയ്യുന്നത് ഈ കാലാവധിക്ക് ശേഷമാണെങ്കിൽ അതാത് ഓഫറിന്റെ ആനുകൂല്യം മാത്രമേ ലഭിക്കൂവെന്നാണ് അറിയിപ്പ്.