കൊച്ചി: കൊല്ലപ്പെട്ട ജിഷയുടെ അച്ഛൻ ബാബുവിനെ ഒരു സംഘം ആളുകൾ ഭീഷണിപ്പെടുത്തിയതായി പരാതി. ഇതേത്തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇയാളെ എറണാകുളം ജനറൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ജീവനു ഭീഷണി നേരിട്ടതോടെ ബാബു ഞായറാഴ്ച അശമന്നൂരിൽ നിന്നു പനിച്ചയത്തെ സഹോദരിയുടെ വീട്ടിലേക്കു താമസം മാറ്റിയിരുന്നു. അവിടെവച്ച് ദേഹാസ്വാസ്ഥ്യവും വിറയലും അനുഭവപ്പെട്ടതോടെയാണ് ആശുപത്രിയിലെത്തിച്ചത്. മഞ്ഞപ്പിത്തം ഉൾപ്പെടെ നിരവധി രോഗങ്ങളുള്ളതിനാൽ തീവ്രപരിചരണ വിഭാഗമുള്ള ആശുപത്രിയിലേക്കു മാറ്റാൻ ഡോക്ടർമാർ നിർദ്ദേശിച്ചതനുസരിച്ചാണ് എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചത്.

ജിഷയുടെ പിതൃത്വം സംബന്ധിച്ച് പ്രമുഖ നേതാവിനെതിരേ ആരോപണമുന്നയിച്ച മനുഷ്യാവകാശ പ്രവർത്തകനായ ജോമോൻ പുത്തൻപുരയ്ക്കലിന് എതിരേ പരാതി നൽകാൻ ചിലർ പ്രേരിപ്പിച്ചെന്നും പരാതിയുടെ ഉള്ളടക്കം അറിയില്ലായിരുന്നുവെന്നും ബാബു വെളിപ്പെടുത്തിയിരുന്നു. അക്രമിസംഘം ബാബുവിനെ ബലമായി പിടിച്ചുവലിച്ചു. രോഗിയാണെന്നും ഉപദ്രവിക്കരുതെന്നും പറഞ്ഞെങ്കിലും അക്രമികൾ പിടിവിട്ടില്ല. ബഹളംകേട്ട് എത്തിയ നാട്ടുകാരാണ് ബാബുവിനെ മോചിപ്പിച്ചത്. കുറുപ്പംപടി മുൻ സി.ഐയുടെ ഡ്രൈവർ വിനോദും പഞ്ചായത്തംഗം സുനിലും ബാബുവിനെക്കൊണ്ട് വെള്ളപേപ്പറിൽ ഒപ്പിടുവിച്ച് ഐ.ജിക്കു പരാതി നൽകിയതെന്ന ബാബുവിന്റെ വെളിപ്പെടുത്തലാണ് പ്രകോപനമെന്നാണ് സൂചന. ബാബുവിനെ ആക്രമിച്ചവരെ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.

അതിനിടെ ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭിച്ചതായി പൊലീസ് സൂചന നൽകി. ജിഷയുടെ കൊലയാളിയുടെതെന്ന് കരുതുന്ന രണ്ടാമത്തെ ഡിഎൻഎ പരിശോധനാ ഫലവും പൊലീസിന് ലഭിച്ചു. ജിഷയുടെ നഖത്തിനിടയിൽ നിന്ന് കിട്ടിയ പ്രതിയുടെ ത്വക്കിന്റേയും വീടിന്റെ മുൻവാതിലിൽ നിന്ന് കണ്ടെടുത്ത രക്തക്കറയുടെയും പരിശോധനാ ഫലമാണ് ലഭിച്ചത്. നേരത്തെ ജിഷയുടെ വസ്ത്രത്തിൽ നിന്ന് ലഭിച്ച ഉമിനീരിന്റെ ഡിഎൻഎ ഫലം ലഭിച്ചിരുന്നു. ഇതുമായി പുതിയ ഫലത്തിന് സാമ്യമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ശാസ്ത്രീയ തെളിവുകൾ വച്ച് പ്രതിയെ പിടികൂടാൻ കഴിയുമെന്നാണ് പൊലീസിന്റെ വിശ്വാസം.

കൊലയാളിക്ക് പരിക്കേറ്റിരുന്നു എന്ന് സ്ഥിരീകരിക്കുന്ന കൂടുതൽ തെളിവുകളാണ് ഇപ്പോൾ ലഭിച്ചത്. രണ്ടാമത്തെ ഡിഎൻഎ പരിശോധന ഫലമാണ് ഇപ്പോൾ പുറത്ത് വന്നത്. ഇത് ആദ്യത്തെ ഡിഎൻഎയുമായി സാമ്യം ഉള്ളതാണ്. ആദ്യം ജിഷയുടെ തുരിദാറിൽ നിന്ന് ലഭിച്ച ഉമിനീർ പരിശോധിച്ചപ്പോൾ അതേ ഡിഎൻഎ തന്നെയാണ് ഇതും. ജിഷയുടെ നഖത്തിനടയിൽ നിന്ന് ലഭിച്ച ചർമ കോശത്തിൽ നിന്നും വാതിൽ കൊളുത്തിൽ പുരണ്ട രക്തത്തിൽ നിന്നുമാണ് ഡിഎൻഎ കിട്ടിയത്. ജിഷയുടെ ശരീരത്തിൽ കടിയേറ്റപാടിൽ നിന്ന് ആദ്യം തിരിച്ചറിഞ്ഞതും ഇതേ ഡിഎൻഎയാണ്.

തിരുവനന്തപുരം രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിൽ നടത്തിയ പരിശോധനയിലാണ് ഡിഎൻഎ കണ്ടെത്തിയത്. ഡിഎൻഎ ലഭിച്ചിരുന്നെങ്കിലും കൊലയാളിയെ പിടികൂടാൻ പൊലീസിനു കഴിഞ്ഞില്ല. ഒരു മാസത്തിനിടെ കസ്റ്റഡിയിലും അല്ലാതെയും പൊലീസ് ചോദ്യംചെയ്ത രണ്ടായിരത്തിലധികം പേരുമായും ഈ ഡിഎൻഎ സാമ്പിൾ യോജിച്ചില്ല. എഡിജിപി ബി.സന്ധ്യയുടെ നേതൃത്വത്തിലാണ് പുതിയ അന്വേഷണസംഘം പ്രതിയുടേതെന്ന് കരുതുന്ന രണ്ട് രേഖാ ചിത്രങ്ങളും തയ്യാറാക്കിയിട്ടുണ്ട്. ഏപ്രിൽ 28നാണ് നിയമവിദ്യാർത്ഥിനിയായ ജിഷ ദാരുണമായി കൊല്ലപ്പെട്ടത്. 32 മുറിവുകളാണ് ജിഷയുടെ ശരീരത്തിൽ ഉണ്ടായിരുന്നത്. കൊലപാതകം നടന്ന് ഒരു മാസം പിന്നിട്ടിട്ടും കൊലയാളിയെ കണ്ടുപിടിക്കാൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല.

അതിനിടെയാണ് കേസിൽ വഴിത്തിരവുണ്ടാക്കുന്ന വെളിപ്പെടുത്തലുമായി ജോമോൻ പുത്തൻപുരയ്ക്കൽ എത്തുന്നത്. പെരുമ്പാവൂരിലെ ഉന്നതകോൺഗ്രസ്സ് നേതാവിന്റെ വീട്ട'ിൽ കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരി ഇരുപത് വർഷക്കാലത്തിലധികമായി ജോലി ചെയ്തിരുന്നു.മേൽപ്പറഞ്ഞ ഉന്നതകോൺഗ്രസ്സ് നേതാവിന്റെ മകളെന്ന നിലയിൽ കൊല്ലപ്പെട്ട ജിഷ ടി നേതാവിന്റെ വീട്ട'ിൽ നേരിട്ടെത്തി സ്വത്തിന്മേൽ അവകാശം ചോദിക്കുകയും തരാതെ വന്നപ്പോൾ പിതൃത്വം തെളിയിക്കുന്ന ഡിഎൻഎ ടെസ്റ്റ് നടത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. അതിന് ശേഷമാണ് പെരുമ്പാവൂരിലെ കുറുപ്പുംപടി ഇരിങ്ങോളിൽ കുറ്റിക്കാട്ട് പറമ്പിൽ സ്വന്തം വീട്ട'ിൽ 28.04.2016 ന് അതിദാരുണമായും മൃഗീയവുമായി ജിഷ കൊല്ലപ്പെട്ടത്. ഇതിന് പിന്നിൽ മേൽപ്പറഞ്ഞ ഉന്നതകോൺഗ്രസ്സ് നേതാവിന്റെ മകനും മറ്റും എതിരെയുള്ള ആരോപണത്തെക്കുറിച്ച് നാട്ട'ിൽ പാട്ടാണെങ്കിലും ഭരണസ്വാധീനം ഉപയോഗിച്ച് കേസ് പൊലീസ് അട്ടിമറിക്കുകയും അന്വേഷണം വഴിതെറ്റിച്ചുവിടുകയാണെന്ന് ജോമോൻ പറയുന്നു.

രാജ്യത്തെ തന്നെ നടുക്കിയ കൊലക്കോസ്സായിട്ടുപോലും പൊലീസ് മൃതദേഹം ദഹിപ്പിക്കുകയാണ് ചെയ്തത്. ഉന്നതകോൺഗ്രസ്സ് നേതാവിന്റെ പിതൃത്വം തെളിയിക്കാതിരിക്കുവാൻ വേണ്ടിയാണ് പൊലീസ് മൃതദേഹം ആരെയുമറിയിക്കാതെ ദഹിപ്പിച്ചത്. പോസ്‌േേറ്റുമാർട്ടം നടത്തിയതിലും ഗുരുതരമായ വീഴ്ച വന്നു. കൊലപാതകം നടന്ന വീട് തെളിവ് നശിപ്പിക്കാതിരിക്കാൻ വേണ്ടി പൊലീസ് ബന്തവസ്സിലെടുത്ത് സീൽ ചെയ്തില്ല. ഇതുമൂലം വിലപ്പെട്ട തെളിവുകൾ നശിപ്പിക്കാനിടയായി. ആരോപണ വിധേയനായ ഉന്നതകോൺഗ്രസ്സ് നേതാവ് നിയമിപ്പിച്ച കുറുപ്പുംപടിഎസ്.ഐയും സി.ഐ യും ഉൾപ്പടെയുള്ള പൊലീസ് ഉദ്യോഗസ്ഥർ പ്രാഥമിക അന്വേഷണ സംഘത്തിൽ മുഴുവൻ തെളിവും നശിപ്പിക്കാൻ കൂട്ടുനിന്നിരുന്നു. വീഴ്ചവരുത്തിയ മുഴുവൻ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷിച്ച് നടപടിയെടുക്കണമെന്നും പൊലീസ് എഡിജിപി ശ്രീമതി ബി സന്ധ്യയുടെ നേതൃത്വത്തിൽ സ്‌പെഷ്യൽ ടീം രൂപീകരിച്ച് അന്വേഷണം നടത്തി കുറ്റവാളികളെ പിടികൂടുവാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകണെമെന്ന് ജോമോൻ ആവശ്യപ്പെടുന്നു.

ഇതിനിടെ ജോമോന്റെ ആരോപണം നിഷേധിച്ച് പിപി തങ്കച്ചൻ രംഗത്ത് വന്നത് പുതിയ മാനങ്ങളുമുണ്ടാക്കി. ഇതിനിടെ ജോമോനെതിരെ ജിഷയുടെ അച്ഛന്റെ പരാതി പൊലീസിന് കിട്ടി. ഈ പരാതിയിൽ അന്വേഷണം തുടരുമ്പോൾ ബാബു പുതിയ വെളിപ്പെടുത്തലുമായെത്തി. താൻ ജോമോനെതിരെ പരാതി നൽകിയില്ലെന്നായിരുന്നു ഇത്. ഇതോടെ കുറുപ്പംപടി മുൻ സി.ഐയുടെ ഡ്രൈവർ വിനോദും പഞ്ചായത്തംഗം സുനിലും ബാബുവിനെക്കൊണ്ട് വെള്ളപേപ്പറിൽ ഒപ്പിടുവിച്ച് ഐ.ജിക്കു പരാതി നൽകിയത്. തിരികെപ്പോകുമ്പോൾ സുനിൽ 1000 രൂപ പോക്കറ്റിലിട്ടു തന്നെന്നും ബാബു വെളിപ്പെടുത്തിയിരുന്നു.

ജോമോൻ പുത്തൻപുരയ്ക്കലിനെതിരേ പരാതി നൽകാനാണെന്നോ ഉള്ളടക്കം എന്തെന്നോ അറിയുമായിരുന്നില്ലെന്നും തന്നെ ചതിക്കുകയായിരുന്നുവെന്നും ബാബു പറഞ്ഞിരുന്നു. ജിഷയുടെ കൊലപാതകത്തിൽ അന്വേഷണ സംഘത്തിനു വീഴ്ച സംഭവിച്ചെന്നു പറഞ്ഞ സുഹൃത്തുക്കളോട് പൊലീസ് മോശമായി പെരുമാറുന്നുവെന്ന് ആക്ഷേപമുണ്ട്. പൊലീസ് തങ്ങളെ നിരന്തരം പീഡിപ്പിക്കുകയാണെന്നാണ് സഹപാഠികൾ പറയുന്നത്. അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് സുഹൃത്തുക്കൾ സമരം ചെയ്തിരുന്നു. ജിഷയുടെ കൊലയാളിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ രൂപീകരിച്ചതോടെയാണ് പൊലീസിന്റെ പീഡനമെന്ന് സഹപാഠികൾ പറയുന്നു. പെൺകുട്ടികൾ ഉൾപ്പെടെയുള്ളവരെ പൊലീസ് നിരന്തരം ചോദ്യം ചെയ്യുന്നു.

സഹപാഠികളിൽ പലരെയും രാത്രി വീട്ടിൽ കയറി പൊലീസ് പിടികൂടാൻ ശ്രമിക്കുന്നു. അന്വേഷണം ശരിയായ ദിശയിലല്ലെന്നും, ആയിരുന്നുവെങ്കിൽ പ്രക്ഷോഭങ്ങളെ പൊലീസ് ഭയപ്പെടേണ്ട കാര്യമില്ലെന്നും ജിഷയുടെ സഹപാഠികൾ പറയുന്നു. അതേസമയം, സഹപാഠികളെ ഒഴിവാക്കി അന്വേഷണം മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്നാണു പൊലീസിന്റെ നിലപാട്.