കൊച്ചി: കൊല്ലപ്പെട്ട ജിഷയുടെ മാതാവ് രാജേശ്വരിക്ക് ലഭിച്ച ലക്ഷങ്ങൾ ഒഴുകിയ വഴിയെക്കുറിച്ച് ഉയരുന്ന ആരോപണങ്ങൾക്കും ഊഹാഭോഹങ്ങൾക്കും അതിരില്ല. പണം വാരിക്കോരി ചെലവാക്കുന്ന ഇവരുടെ ഇപ്പോഴത്തെ ജീവിതശൈലിയെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിൽ ചൂടേറിയ ചർച്ചകളും നടന്നു വരുന്നു. ആഡംമ്പര ജീവതത്തിനായി ഇവർ പണം ചിലാവാക്കുന്നു എന്നതിന് ഇതിനകം നിരവധി നേർസാക്ഷ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സ്വർണ്ണവും വസ്ത്രങ്ങളുമൊക്കെ വാങ്ങിയതിന്റെയും മകൾക്ക് ആഭരണങ്ങൾ വാങ്ങി നൽകിയതിന്റെയും മറ്റും വിവരങ്ങൾ കഴിഞ്ഞ ദിവസം ഇവർ മറുനാടനുമായി പങ്കുവച്ചിരുന്നു.

ഇതുമാത്രമല്ല, മറ്റുമാർഗ്ഗങ്ങളിലും ഇവരുടെ പണം ചിലവഴിക്കപ്പെടുകയും അടുപ്പക്കാർ കൈക്കലാക്കുകയും ചെയ്തിട്ടുണ്ടെന്നാണ് കുടുമ്പക്കാരുടെ വിലയിരുത്തൽ. കൊല്ലപ്പെട്ട മകൾ ജിഷ പഠിച്ച സ്‌കൂളിലെ യുവജനോത്സവകമ്മറ്റിക്ക് 5000 രൂപയുടെ ട്രോഫി നൽകിയതും പേരക്കുട്ടി പഠിക്കുന്ന സ്‌കൂളിലെ വാർഷികാഘോഷത്തോടനുന്ധിച്ചുള്ള കലാപരിപാടികളിൽ പങ്കെടുത്ത ഓരോകുട്ടികൾക്കും 500 ഉം 1000 യിരവുമൊക്കെ നൽകി സ്‌നേഹം പ്രകടിപ്പിച്ചതും മറ്റും ഇതിന് ഉദാഹരണം മാത്രമാണെന്നാണ് ഇക്കൂട്ടർ ചൂണ്ടിക്കാട്ടുന്നത്.

അനാഥാലയത്തിലെ അന്നദാനത്തിന്റെ പേരിലും ദുരിതവും സങ്കടവും പങ്കുവച്ചും നിരവധി പേർ സാമാന്യം ഭേതപ്പെട്ട തുക ഇവരിൽ നിന്നും കൈപ്പറ്റിയതായി സംശയമുണ്ടെന്നും ഇവർ വ്യക്തമാക്കി. സുരഷയ്‌ക്കെത്തിയ പൊലീസുകാരിയുടെ സഹോദരിയുടെ പഠനാവശ്യത്തിന് ബാങ്ക് അക്കൗണ്ട് വഴി പണം കൈമാറിയതായിട്ടാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ള മറ്റൊരു അഭ്യൂഹം. തന്റെ വിശ്വസ്ഥർ പലയിനത്തിൽ കൈപ്പറ്റിയ തുകയെക്കുറിച്ച് ഇവർ ഇതുവരെ ആരുടെ മുന്നിലും മനസ്സ് തുറന്നിട്ടില്ല.സുരക്ഷ ചുമതലയുണ്ടായിരുന്ന വനിത പൊലീസുകാരുടെ സാന്നിദ്ധ്യത്തിലാണ് പലരും ഇവരിൽ നിന്നും പണവും ആഭരണങ്ങളുമൊക്കെ കൈപ്പറ്റിയതെന്നാണ് സൂചന.

വീട് പണി പൂർത്തിയായി താമസം മാറുമ്പോൾ രാജേശ്വരിയുടെയും കളക്ടറുടെയും പേരിലുള്ള സംയുക്ത അക്കൗണ്ടിൽ 17 ലക്ഷം രൂപ ഉണ്ടായിരുന്നതായിട്ടാണ് മകൾ ദീപയിൽ നിന്നും ലഭിച്ച വിവരം.ഇതിൽ ഇപ്പോൾ എത്ര തുക അവശേഷിക്കുന്നുണ്ടെന്ന കാര്യത്തിൽ തനിയിക്കറിവില്ലന്നാണ് രാജേശ്വരി മറുനാടനോട് വ്യക്തമാക്കിയത്. ഈ സാഹചര്യത്തിൽ ഇവർ എത്ര രൂപ ഏതൊക്കെ മാർഗ്ഗത്തിൽ ചിലവഴിച്ചിട്ടുണ്ടെന്ന് പൊതു സമൂഹത്തെ ബോദ്ധ്യപ്പെടുത്തണമെന്നും കബളിച്ച് ആരെങ്കിലും തുക കൈവശപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് വാങ്ങി അക്കൗണ്ടിൽ നിക്ഷേപിക്കുന്നതിന് ബന്ധപ്പെട്ട അധികൃതർ തയ്യാറാവണമെന്നുമാണ് ഉറ്റവരുടെ ആവശ്യം.

കളക്ടർക്ക് കൂടി പങ്കാളിത്തമുള്ള അക്കൗണ്ടിൽ നിന്നും പിൻവലിക്കപ്പെട്ട ലക്ഷങ്ങൾ ആരുടെയൊക്കെ കൈകളിലെത്തിയെന്നറിയാൻ പൊതുജനത്തിനും അവകാശമുണ്ടെന്നാണ് ഒരുകൂട്ടരുടെ വാദം.