കൊച്ചി: പെരുമ്പാവൂരിലെ ജിഷ വധക്കേസ് അന്വേഷണത്തിൽ വീഴ്ച സംഭവിച്ചെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം നടത്തുന്നു. കേസ് ആദ്യം അന്വേഷിച്ച സംഘവും രണ്ടാമത്തെ സംഘവും പരസ്പര വിരുദ്ധമായി പ്രവർത്തിച്ചുവെന്നാണ് വിജിലൻസിന് കിട്ടിയിരിക്കുന്ന പരാതി. കേസിൽ പിടികൂടിയ പ്രതിയെക്കുറിച്ച് സംശയമില്ലെങ്കിലും അന്വേഷണം കൃത്യമായി നടന്നില്ലെന്ന പരാതിയാണ് വിജിലൻസ് അന്വേഷിക്കുന്നത്.

ജിഷയുടെ ശരീരത്തിൽ കണ്ട കടിയുടെ പാടുകളെക്കുറിച്ചാണ് വിജിലൻസ് പ്രധാനമായും അന്വേഷണം നടത്തുന്നത്. കടിയേറ്റ പാടുകൾ പരിശോധിച്ചാണ് പ്രതിയുടെ മുൻനിരയിലെ പല്ലുകൾക്കിടയിൽ വിടവുണ്ടെന്ന നിഗമനത്തിൽ പൊലീസ് എത്തിച്ചേർന്നത്. എന്നാൽ പിടിയിലായ പ്രതി അമീറിന്റെ പല്ലുകൾ തമ്മിൽ വിടവില്ലെന്നാണ് വിജിലൻസിന് കിട്ടിയ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്. ഡി.എൻ.എ. പരിശോധനയുടെ ഫലം മാത്രമാണ് അമീറിനെതിരായ പൊലീസിന്റെ ഏക തെളിവെന്നും പരാതിയിൽ പറയുന്നുണ്ട്. കൊലപാതക സമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രം പൊലീസിന് ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. കൊലപാതകത്തിന് പ്രേരിപ്പിച്ചതായി പറയുന്ന അമീറിന്റെ കൂട്ടുകാരൻ അനാറിനെയും ഇതുവരെ കണ്ടെത്താനായിട്ടില്ല.

ഇത് ഗൗരവമുള്ള പരാതിയായി വിജിലൻസ് കാണുന്നു. ഈ സാഹചര്യത്തിലാണ് പരാതിയിൽ അന്വേഷണം ഏറ്റെടുത്തത്. ജിഷാക്കേസിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് മുതൽ തുടങ്ങുന്ന പ്രശ്‌നങ്ങൾ കേസിനെ ദുർബലമാക്കുമെന്ന ആരോപണവും പരാതിക്കാർ ഉയർത്തിയിട്ടുണ്ട്. കേസ് അന്വേഷണം ഏറ്റെടുത്ത വിജിലൻസ് സംഘം പോസ്റ്റ്‌മോർട്ടം നടത്തിയ ആലപ്പുഴ മെഡിക്കൽ കോളേജിലെത്തി വിവരങ്ങൾ ശേഖരിച്ചതായും സൂചനകളുണ്ട്. ഫോാറൻസിക് വിദഗ്ദ്ധരിൽ നിന്ന് മൊഴിയെടുത്തു. അന്വേഷണ സംഘം മുന്നോട്ടുവച്ച പല കാര്യങ്ങളിലും അവ്യക്തത നിലനിൽക്കുന്നതായും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. പിപി തങ്കച്ചനെതിരായ പരാതിയും ഇതിന്റെ ഭാഗമായി അന്വേഷിക്കും.

ജിഷാക്കേസിൽ പ്രധാനപ്പെട്ട പല സംഗതികളും അന്വേഷണ സംഘം വ്യക്തമാക്കാത്തതിനാൽ കേസ് കോടതിയിലെത്തുമ്പോൾ പ്രതിക്ക് സഹായകരമായേക്കുമെന്നും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പഴുതടച്ചുള്ള കുറ്റപത്രം തയ്യാറാക്കാൻ സാധിച്ചില്ലെങ്കിൽ പ്രതിഭാഗം വാദം ശക്തിപ്പെടുമെന്നും വിജിലൻസിന് നൽകിയ പരാതിയിൽ പറയുന്നുണ്ട്.

വിജിലൻസിനു ലഭിച്ച ഫൊറൻസിക് വിദഗ്ധരുടെ മൊഴികളിൽ അവ്യക്തതയുണ്ടെന്നാണു ലഭ്യമായ വിവരം. സാഹചര്യത്തെളിവുകളും ഡിഎൻഎ പരിശോധന അടക്കമുള്ള ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് രണ്ടാമത് അന്വേഷിച്ച സംഘം പ്രതിയെ തിരിച്ചറിഞ്ഞത്. വിശദമായ അന്വേഷണത്തിനു ശേഷം വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും.