കൊച്ചി : സൗമ്യ കൊലക്കേസിൽ ഗോവിന്ദചാമിയുടെ ശിക്ഷ ജീവപര്യന്തമാക്കിയ വക്കീലാണ് ആളൂർ. സുപ്രീകോടതിയിൽ നിന്നാണ് വധശിക്ഷയിൽ വക്കീൽ ഇളവ് നേടിയെടുത്തത്. ഇപ്പോഴിതാ ജിഷാ കേസിലും കാര്യങ്ങൾ സുപ്രീംകോടതിയിലെത്തിക്കുകയാണ് ആളൂർ വക്കീൽ. കേസിൽ അമീറുള്ളിന് പെരുമ്പാവൂർ കോടതി വധ ശിക്ഷ വിധിച്ചിരുന്നു. ഈ കേസിൽ സിബിഐ. അന്വേഷണമാവശ്യപ്പെട്ടു ഉടൻ തന്നെ ഹൈക്കോടതിയിൽ അപേക്ഷ നൽകും.

ജിഷ വധക്കേസ് അപ്പീൽ വാദം കേരള ഹൈക്കോടതിയിൽനിന്നു മാറ്റണമെന്നാവശ്യപ്പെട്ടു പ്രതി അമീർ ഉൾ ഇസ്ലാം സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് റിപ്പോർട്ട്. ചെന്നൈ, ബംഗളുരു ഹൈക്കോടതികൾ ഏതെങ്കിലും കേസ് പരിഗണിക്കണമെന്ന അപേക്ഷയാവും അമീർ ഉൾ സമർപ്പിക്കുക. അപ്പീൽ ഹർജി കേരള ഹൈക്കോടതി ഫയലിൽ സ്വീകരിക്കുന്ന മുറയ്ക്കു സുപ്രീം കോടതിയെ സമീപിക്കാനാണു അമീർ ഉൾ ഇസ്ലാമിന്റെ നീക്കം. ആളൂർ വക്കീലിന്റെ തന്ത്രപരമായ നടപടിയാണ് ഇതും.

ജിഷ കേസിൽ പൊലീസ് ഹാജരാക്കിയ തെളിവുകൾ പ്രതി കുറ്റക്കാരനാണെന്ന് തെളിയിക്കാനാവില്ലെന്ന് വിശ്വസിക്കുന്നതായി ആളൂർ പറയുന്നത്. ഒരുപാട് സമ്മർദ്ദങ്ങൾക്ക് അടിപ്പെട്ടാണ് പ്രതി ജയിലിൽ കഴിയുന്നത്. യഥാർഥ പ്രതികൾ മറ്റുസ്ഥലത്ത് മറഞ്ഞു നിൽക്കുന്നു. യഥാർഥ പ്രതികളെ കണ്ടെത്താൻ പൊലീസ് അദ്യം മുതലെ ശുഷ്‌കാന്തി കാണിച്ചിരുന്നെങ്കിൽ പുതിയ അന്വഷണ സംഘത്തിന്റെ ആവശ്യമുണ്ടാകില്ലായിരുന്നു. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് അമീറുൾ ഇസ്ലാമിനെ പ്രതിയാക്കിയത്. പൊലീസ് ഹാജരാക്കിയ തെളിവുകൾ പ്രതിക്കെതിരായി ഉപയോഗിക്കാൻ സാധിക്കില്ലെന്നാണ് ആളൂരിൽ വിലയിരുത്തൽ.

ശാസ്ത്രീയമായ തെളിവുകൾ മാത്രം വെച്ച് പ്രതിയെ ശിക്ഷിക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി ഉത്തരവുണ്ടെന്നും ആളൂർ പറയുന്നു. മറ്റുതെളിവുകൾ ഉണ്ടായിരിക്കെ അതൊന്നും ശാസ്ത്രീയ തെളിവുകളുമായി യോജിച്ചുപോകുന്നില്ലെങ്കിൽ സുപ്രീം കോടതി വിധി പ്രകാരം പ്രതിയെ ശിക്ഷിക്കാനാകില്ലെന്നും ആളൂർ പറയുന്നു. സംശയത്തിന്റെ ആനുകൂല്യങ്ങൾ പ്രതിക്ക് ലഭിക്കേണ്ടിയിരിക്കുന്നു. അത്തരത്തിലുള്ള ആനുകൂല്യം മാത്രമാണ് പ്രതി പ്രതീക്ഷിക്കുന്നത്. പ്രതിക്കെതിരായ തെളിവുകൾ പൂർണമല്ലെന്നും അതിനാൽ പ്രതിക്ക് സംശയത്തിന്റെ ആനുകൂല്യം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ആളൂർ പറഞ്ഞു. ഈ സാഹചര്യത്തിലാണ് അമീറുൾ ഹർജിയുമായി സുപ്രീംകോടതിയിൽ എത്തുന്നത്.

കേരളത്തിലെ മാധ്യമങ്ങൾ മുൻവിധിയോടെയാണു കേസിനെ സമീപിച്ചിട്ടുള്ളതെന്നാണ് ആളൂർ വക്കീലിന്റെ വിലയിരുത്തൽ. ഇതു കൊണ്ട് അമീറുൾ ഇസ്ലാമിന്റെ ഹർജിയിൽ മലയാളികളായ ജഡ്ജിമാരെയും മാധ്യമവാർത്തകൾ സ്വാധീനിക്കാം. ഈ സാഹചര്യത്തിൽ കേസ് സംസ്ഥാനത്തിനു പുറത്തുള്ള കോടതികളിൽ വാദം കേട്ടാൽ മാത്രമേ തന്റെ നിരപരാധിത്വംതെളിയിക്കപ്പെടൂവെന്നാണു അമീറിന്റെ വാദം. കേരള ഹൈക്കോടതിയാണു വാദം കേൾക്കുന്നതെങ്കിൽ മലയാളികളല്ലാത്ത ജഡ്ജിമാരാകണമെന്നും ആവശ്യമുന്നയിക്കും. എന്നാൽ, നിലവിൽ കേരള ഹൈക്കോടതിയിൽ ഒരാൾ മാത്രമേ സംസ്ഥാനത്തിനു വെളിയിൽ നിന്നുള്ളൂ, ആന്ധ്രാ സ്വദേശിയായ ശേഷാദ്രി നായിഡു. ഈ സാഹചര്യത്തിലാണു മറ്റേതെങ്കിലും ഹൈക്കോടതികൾ വാദം കേൾക്കണമെന്നു ആവശ്യപ്പെടുന്നത്.

കേസിൽ തനിക്കെതിരായ തെളിവൊന്നുമില്ലെന്നാണു അമീറിന്റെ വാദം. പൊതുജനശ്രദ്ധ നേടിയ കേസായതിനാൽ സർക്കാരിന്റെയും പൊലീസിന്റെയും മുഖം രക്ഷിക്കാൻ അമ്പതുദിവസത്തിനുശേഷം നിരപരാധിയായ തന്നെ പിടികൂടി കുറ്റം കെട്ടിവയ്ക്കുകയായിരുന്നു. ശാസ്ത്രീയപരിശോധകളെല്ലാം തന്റെ നിരപരാധിത്വം തെളിയിക്കുന്നതാണെന്നും അമീർ വാദിക്കും.